- വോട്ടിംഗ് യന്ത്രങ്ങളുടെ ചരിത്രം
1951 ൽ പാർലമെൻറ് പാസാക്കിയ റെപ്രസൻറ്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് എന്ന നിയമപ്രകാരമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നടത്തപ്പെടുന്നത്. ഈ തെരഞ്ഞെടുപ്പ് പ്രക്രിയ അത്യന്തം സങ്കീർണമായ ഒന്നാണ്. സുതാര്യവും നീതിപൂർവവുമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് നിയമത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള നടപടിക്രമങ്ങളിലൂടെയാണ്. കാലാനുസൃതമായി ഇതിൽ നിരവധി പരിഷ്കാരങ്ങൾ പലപ്പോഴായി വരുത്തുകയുണ്ടായി.
1980 കളിലാണ് പേപ്പർ മാറ്റി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കാം എന്ന ആശയം ഇലക്ഷൻ കമ്മീഷൻ മുന്നോട്ടുവയ്ക്കുന്നത് 1982ൽ പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ പറവൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു. എന്നാൽ അന്ന് തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് നിയമസാധുതയില്ല എന്ന് പറഞ്ഞു കേസ് കൊടുത്തു . തുടർന്ന് സുപ്രീംകോടതി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ നിലവിലുള്ള നിയമപ്രകാരം ഉപയോഗിക്കാനാവില്ല എന്ന് വിധിച്ചു.
1989 ൽ കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് നിയമപ്രാബല്യം നൽകി. തുടർന്ന് പലഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കാൻ തുടങ്ങി. 1998ലും 99 ലും നിരവധി മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾക്കും മറ്റും ഈ യന്ത്രങ്ങൾ ഉപയോഗിച്ചു. 2004 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ 543 പാർലമെൻററി മണ്ഡലങ്ങളിലും യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത് . തുടർന്നിങ്ങോട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
2 വോട്ടിംഗ് യന്ത്രങ്ങളുടെ നിർമ്മാണവും വിവിധ മോഡലുകളും
ഇപ്പോൾ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ പ്രാഥമിക ഡിസൈൻ 1980 കളിൽ ECIL എന്ന് സർക്കാർ കമ്പനിയാണ് നിർവഹിച്ചത്. ഈ മോഡലിനെ സർക്കാർ രേഖകളിലും മറ്റും M 1 ഡിസൈൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് .16 സ്ഥാനാർത്ഥികൾക്ക് വരെ മത്സരിക്കാവുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ യന്ത്രങ്ങൾ പ്രവർത്തന കാലാവധി കഴിഞ്ഞതിനാൽ ഇപ്പോൾ ഉപയോഗിക്കുന്നില്ല. 2006 ൽ കമ്മീഷൻ M2 എന്ന മോഡലും 2011 M3 എന്ന മോഡലും .പുറത്തിറങ്ങി. വിവിധ മോഡലുകളായി ഉദ്ദേശം 13 ലക്ഷത്തോളം വോട്ടിംഗ് മെഷീനുകൾ ഇലക്ഷൻ കമ്മീഷൻ കയ്യിലുണ്ട് . ഇവ നിർമ്മിച്ചിരിക്കുന്നത് സർക്കാർ കമ്പനികളായ ECIL ന്റെയും BEL ന്റെയും ഫാക്ടറികളിലാണ്.
3. വോട്ടിംഗ് യന്ത്രങ്ങളുടെ ഡിസൈൻ
ആദ്യമായി നമുക്ക് ഈ മെഷീനുകൾ എങ്ങനെയാണ് ഒരു വോട്ടർക്ക് മുമ്പിൽ പോളിംഗ് ബൂത്തിൽ പ്രത്യക്ഷപ്പെടുക എന്ന് നോക്കാം . യന്ത്രത്തിന് പ്രധാനമായും രണ്ട് യൂണിറ്റുകൾ ആണ് ഉള്ളത് . കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും . കൺട്രോൾ യൂണിറ്റ് പോളിങ് ബൂത്തിലെ പ്രിസൈഡിങ്ങ് ഓഫീസറുടെ കൈവശമായിരിക്കും ഉണ്ടാവുക. ബാലറ്റ് യൂണിറ്റ് വോട്ട് ചെയ്യുന്ന ക്യാബിനിലും .ഇവരണ്ടും തമ്മിൽ 5 മീറ്റർ നീളമുള്ള ഒരു കേബിൾ ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ടാകും. ചിത്രം ഒന്നിൽ ഇത്തരം ഒരു വോട്ടിങ്ങ് മെഷിൻ കാണിച്ചിരിക്കുന്നു.
വോട്ടുകൾ ശേഖരിച്ചു വെക്കുന്നതും എണ്ണുന്നതും കൺട്രോൾ യൂണിറ്റ് ഉപയോഗിച്ചാണ്. ഒരാൾ വോട്ട് രേഖപ്പെടുത്താൻ സ്ഥാനാർഥിയുടെ പേരിനു നേരെയുള്ള ബട്ടൺ അമർത്തുകയാണ് വേണ്ടത് അപ്പോൾ ഈ ബട്ടൺ ചേർന്നുള്ള ഒരു എൽഇഡി തെളിയുകയും യൂണിറ്റിൽനിന്ന് ഒരു ബീപ് ശബ്ദം പുറത്തുവരികയും ചെയ്യും.
4. വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം
തിരഞ്ഞെടുപ്പുകൾക്കിടയിലുള്ള ഇടവേളകളിൽ വോട്ടിംഗ് മെഷീനുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻറെ ഗോഡൗണുകളിൽ അതീവ സുരക്ഷയോടെ സൂക്ഷിച്ചു വെച്ചിരിക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ യന്ത്രങ്ങളെ കമ്മീഷൻ വിവിധ ജില്ലകളിലേക്ക് അയക്കും അവിടെനിന്നും മണ്ഡലങ്ങളിലേക്കും. പോളിംഗ് ദിവസത്തിന് ഒന്നോ രണ്ടോ ആഴ്ച മുൻപ് സ്ഥാനാർഥികളുടെയും അവരുടെ ഏജന്റുമാരുടേയും സാന്നിധ്യത്തിൽ ഈ യന്ത്രങ്ങളിലെ ബാലറ്റ് യൂണിറ്റിന് പുറത്ത് സ്ഥാനാർത്ഥി പട്ടികയും ചിഹ്നങ്ങളും പതിപ്പിക്കും .
വിതരണ കേന്ദ്രങ്ങളിലോ പോളിംഗ് കേന്ദ്രങ്ങളിലോ വെച്ച് കൺട്രോൾ യൂണിറ്റോ ബാലറ്റ് യൂണിറ്റോ തുറക്കാതിരിക്കാൻ പ്രത്യേക സീൽ പതിപ്പിച്ചാണ് യന്ത്രങ്ങൾ അയക്കുന്നത്. അഥവാ എവിടെയെങ്കിലും വെച്ച് ആരെങ്കിലും യന്ത്രങ്ങൾ തുറക്കാൻ ശ്രമിച്ചാൽ വലിയ ശബ്ദത്തിലുള്ള ഒരു siren യന്ത്രത്തിനുള്ളിൽ നിന്ന് മുഴങ്ങും
തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ബൂത്തിലെ പ്രിസൈഡിങ്ങ് ഓഫീസർ വിവിധ സ്ഥാനാർത്ഥികളുടെ ഏജൻറ് മാരുടെ സാന്നിധ്യത്തിൽ യന്ത്രം പ്രദർശിപ്പിക്കുകയും സീലുകൾ പൊട്ടിയിട്ടില്ല എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും. തുടർന്ന് ഒന്നു രണ്ടു തവണ മോക്ക് പോൾ നടത്തി കണ്ട്രോൾ യൂണിറ്റിലെ ബട്ടണുകൾ seal ചെയ്യും ഈ സമയത്ത് ഓരോ ഏജന്റിനും അവരവരുടെ സ്ഥാനാർത്ഥിക്ക് വോട്ടുകൾ കൃത്യമായി വീഴുന്നുണ്ടോ എന്ന് പരിശോധിക്കാം . തുടർന്ന് വോട്ടെടുപ്പ് ആരംഭിക്കും.

വോട്ടെടുപ്പിന് നിശ്ചയിച്ച സമയം കഴിയുമ്പോൾ ബാലറ്റ് യൂണിറ്റിൽ നിന്ന് കൺട്രോൾ യൂണിറ്റ് വേർപെടുത്തി പ്രത്യേകം തയ്യാർ ചെയ്ത പെട്ടിയിലാക്കി സീൽ ചെയ്യുന്നു. തുടർന്ന് ഇവ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എത്തിക്കുന്നു തിരഞ്ഞെടുപ്പിനും വോട്ടെണ്ണൽ നുമിടയിൽ ചിലപ്പോൾ ദീർഘമായ കാലയളവ് ഉണ്ടാകാം അതിനാൽ യന്ത്രങ്ങളെ അതിവ സുരക്ഷാ സംവിധാനമുള്ള ഇടങ്ങളിലാണ് സൂക്ഷിക്കുക
പുതിയതായി ഇറങ്ങുന്ന വിവിപാറ്റ് യന്ത്രങ്ങളിൽ വോട്ട് കടലാസിൽ കൂടെ പ്രിൻറ് ചെയ്യുന്നതിനുള്ള ഒരു യൂണിറ്റ് കൂടി ഉണ്ടാവും. ബാലറ്റ് യൂണിറ്റിൽ. ചെയ്യുന്ന വോട്ടുകൾ കടലാസിൽ രേഖപ്പെടുത്തും. ഒരു നിശ്ചിത സമയം ഈ കടലാസ് വോട്ടർക്ക് കാണാം. തുടർന്ന് പ്രത്യേകം തയ്യാർ ചെയ്ത ഒരു ബോക്സിലേക്ക് ഇത് വീഴും
.

5 ഹാക്കിംഗ് സാധ്യതകൾ
ആദ്യമായി മെഷിന്റെ നിർമ്മാണ സമയത്തെ ഹാക്കിങ് സാധ്യതകൾ പരിശോധിക്കാം ഇതിനായി യന്ത്രം എങ്ങിനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് അറിയണം. യന്ത്രത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ ഡിസൈൻ സോഫ്റ്റ്‌വെയർ എന്നിവയെപ്പറ്റി യാതൊരു വിവരവും ഇലക്ഷൻ കമ്മീഷൻ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അതീവ രഹസ്യ സ്വഭാവത്തോടെ കൂടിയാണ് ഇവയെല്ലാം കമ്മീഷൻ സൂക്ഷിക്കുന്നത്.
2010ല്‍ ഹരി കെ പ്രസാദ് എന്ന ഒരു വ്യക്തി അനധികൃതമായി ഒരു മെഷീന്‍ എവിടെ നിന്നോ സംഘടിപ്പിച്ച് യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിന്റെ സഹായത്തോടെ യന്ത്രത്തിന്റെ സുരക്ഷയേപ്പറ്റി പഠനം നടത്തിയിട്ടുണ്ട് (അനുവാദം കൂടാതെ യന്ത്രം കൈവശപ്പെടുത്തിയതിന് ഇദ്ദേഹത്തിനെതിരെ കമ്മീഷന്‍ ക്രിമിനല്‍ കേസ് കൊടുത്തിരുന്നു).
യന്ത്രത്തിന്റെ ഉൾഭാഗത്തേ സംബന്ദിച്ച് പൊതുസഞ്ചയത്തിലുള്ള പ്രധാന രേഖ ഈ പഠനമാണ്. കൺട്രോൾ യൂണിറ്റ് നുള്ളിൽ 2 ബോർഡുകളുണ്ട് . മെയിൻ ബോർഡും ഡിസ്പ്ലേ ബോർഡും. മെയിൻ ബോർഡിൽ റെനെസി എന്ന കമ്പനിയുടെ മൈക്രോകൺട്രോളർ ഉപയോഗിച്ചിരിക്കുന്നു. കൂടാതെ വോട്ടുകൾ സൂക്ഷിച്ചുവെക്കുന്നതിനുള്ള. EEPROM ബാലറ്റ് യൂണിറ്റ് മായിട്ടുള്ള ഇൻറർഫേസ് എന്നിവയാണുള്ളത് . ഒറ്റത്തവണ മാത്രം പ്രോഗ്രാം ചെയ്യാവുന്ന മൈക്രോകൺട്രോളർ ആണ് യന്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.ബാലറ്റ് യൂണിറ്റില്‍ 16 സ്വിച്ചുകളും അവക്കു നേരേ ഓരോ എല്‍.ഇ.ഡി. ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ഇവയെ കണ്‍ട്രോള്‍ യൂണിറ്റിലേക്കു ഘടിപ്പിക്കാന്‍ വേണ്ട കണക്ടറും ഇതിലുള്ളിലുണ്ട്.

ഇലക്ഷൻ ഹാക്കിങ്ങിനുള്ള ആദ്യ സാധ്യത യന്ത്രത്തിന്റെ സോഫ്റ്റ്വെയറില്‍ ബാക്ക് ഡോര്‍ പ്രോഗ്രാം ചെയ്യുക എന്നതാണ്. ഇലക്ഷന്‍ സമയത്ത് ബാലറ്റ് യൂണിറ്റിലെ ഏതെങ്കിലും കീ കോംബിനേഷന്‍ ഞെക്കിയോ , മറ്റേതെങ്കിലും അനധികൃത മാർഗത്തിലൂടെ യോ യന്ത്രത്തിൽ തിരിമറി നടത്തണമെങ്കിൽ ഇത്തരമൊരു ബാക്ക് ഡോർ അത്യാവശ്യമാണ്.
സോഫ്റ്റ് വെയര്‍ ഡിസൈന്‍ സമയത്ത് ഇത്തരം ഒരു ബാക്ക് ഡോര്‍ ഇട്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകു. ഇതിന് ഇപ്പോഴത്തെ മെഷീനില്‍ സാധ്യത വളരെ കുറവാണ്. ഇത്തരം ഒരു ബാക്ക് ഡോർ ഉണ്ടെങ്കിൽത്തന്നെ പോളിംഗ്‌ബുത്തുകളിൽ കൂടി ഇത് ആക്ടിവേറ്റ് ചെയ്യാൻ നൂറു കണക്കിന് ആളുകളുടെ സഹായം ആവശ്യമായി വരും. അതിനാൽ ഈ സാധ്യത നിലനിൽക്കുന്നുണ്ടെങ്കിൽത്തന്നെ പ്രായോഗികമായി നടപ്പിൽ വരുത്താൻ ബുദ്ധിമുട്ടാണ്. ഇത്തരം ബാക് ഡോറുകൾ നിലവിലില്ല എന്ന് നൂറു ശതമാനം ഉറപ്പു വരുത്തുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ സോഫ്റ്റ് വെയറിന്റെ സോഴ്സ് കോഡ് തുറന്നുകൊടുക്കണം. കൂടാതെ മെഷീന്റെ ഹാര്‍ഡ് വെയര്‍ ഡിസൈനും ഡ്രോയിങുകളും പരസ്യപ്പെടുത്തണം.
മൈക്രോകൺട്രോളർ ഒറ്റത്തവണ പ്രോഗ്രാം ചെയ്യാവുന്ന തരത്തിലുള്ളതാണെന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ ഇന്ത്യയിൽ എഴുതി ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ മൈക്രോകൺട്രോളറിലേക്ക് ഇങ്ങനെ സന്നിവേശിപ്പിക്കുന്നത് ഈ മൈക്രോകൺട്രോളർ നിർമ്മിച്ച വിദേശ കമ്പനിയാണ്. ഈ സമയത്ത് വിദേശകമ്പനി മനപൂർവ്വം പ്രോഗ്രാം മാറ്റുകയും അതിനുള്ളിൽ ബാക്ക് ഡോർ പ്രോഗ്രാം കയറ്റുകയും ചെയ്യുക എന്നുള്ളതാണ് അടുത്ത സാധ്യത. ഇതൊഴിവാക്കാൻ ഈ ഘട്ടത്തിൽ ഇലക്ഷൻ കമ്മീഷന്റെയും നിഷ്പക്ഷ രായ സാങ്കേതിക വിദഗ്ദരുടേയും മേൽനോട്ടത്തിൽ ഈ പ്രോഗ്രാമിംഗ് പ്രക്രിയ പരിശോധിക്കേണ്ടതുണ്ട്. നിലവിലുള്ള മെഷീനുകളില്‍ ഇത്തരത്തില്‍ നിര്‍മ്മാണ സമയത്ത് സോഫ്റ്റ് വെയര്‍ തിരുത്തലുകള്‍ നടത്തിയിട്ടില്ല എന്ന് കരുതാം.
മൈക്രോ കൺട്രോളറും മറ്റ് അനുബന്ധ ഘടകങ്ങളും പ്രിൻറഡ് സർക്യൂട്ട് ബോർഡിൽ ആക്കി സംയോജിപ്പിച്ചത് ഇന്ത്യയിലെ രണ്ട് കമ്പനികളാണ് ഭാരത് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് അവ . വിവിധ മോഡലുകളായി ഏകദേശം 13 ലക്ഷത്തോളം യന്ത്രങ്ങൾ ഇതുവരെ ഇവർ നിർമ്മിച്ചിട്ടുണ്ട് .
നിർമ്മാണവേളയിൽ ഇതിൻറെ സർക്യൂട്ബോർഡിലോ പെട്ടിയിലോ എവിടെയെങ്കിലും പുറത്തു നിന്ന് മെഷിന്റെ നിയന്ത്രണം കയ്യടക്കാൻ പറ്റിയ പ്രത്യേക സർക്യൂട്ട് ഒളിപ്പിച്ച് വെക്കുക എന്ന സാധ്യതയാണ് ഇനിയുള്ളത്. ഫാക്ടറിക്കുള്ളിൽ വെച്ച് ഇത്തരം ഒരു മാറ്റം വരുത്തണമെങ്കിൽ വൻതോതിൽ വിഭവങ്ങളുടെയും മനുഷ്യ ശേഷിയുടെയും ആവശ്യമുണ്ട് . അതിനാൽ ഫാക്ടറികളിൽ വച്ച് എല്ലാ മെഷീനുകളിലും ഇത്തരം ഒരു മാറ്റം രഹസ്യമായി ചെയ്യാൻ എളുപ്പമല്ല. ഇനി ഒന്നോ രണ്ടോ യന്ത്രങ്ങളിൽ ഇത്തരമൊരു മോഡിഫിക്കേഷൻ നടത്തിയാൽ തന്നെ അവ കൃത്യമായി ഏതെങ്കിലും ഒരു ബൂത്തിൽ എത്തുമെന്ന് പ്രവചിക്കാനുമാകില്ല.
ബാലറ്റിംഗ് യൂണിറ്റിനേയും കണ്‍ട്രോള്‍ യൂണിറ്റിനേയും തമ്മില്‍ ഘടിപ്പിക്കുന്ന കേബിളില്‍ സര്‍ക്യൂട്ടുകളോ ട്രാന്‍സ്മിറ്ററുകളോ ഉപയോഗിച്ച് തിരിമറി നടത്തുക എന്ന സാധ്യതയും നിലനില്ക്കുന്നുണ്ട്. ഇതിനും വ്യാപകമായ ആള്‍ശേഷി വേണ്ടിവരും. ഇത്തരം മാറ്റങ്ങള്‍ വരുത്താതിരിക്കാന്‍ ഈ രണ്ടു യൂണിറ്റുകള്‍ക്കും ഇടയിലുള്ള ഡാറ്റാ ട്രാന്‍സ്മിഷന്‍ എന്‍ക്രിപ്റ്റ് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കര്‍ഷിക്കണം.
ഇനി നമുക്ക് ഇലക്ഷൻ നടന്നതിന് ശേഷമുള്ള അട്ടിമറി സാധ്യതകൾ പരിശോധിക്കാം.
യന്ത്രത്തിലെ വോട്ടുകള്‍ EEPROM എന്ന ഒരു ചിപ്പിലാകും സൂക്ഷിച്ചിരിക്കുക. യന്ത്രം തുറക്കാന്‍ പറ്റിയാല്‍ ഈ ചിപ്പിലെ ഡാറ്റ മാറ്റിമറിക്കാന്‍ പറ്റും. 2010ല്‍ ഹരി കെ പ്രസാദ്, അലക്സ് ഹാര്‍ഡര്‍മാന്‍ എന്നിവര്‍ ഈ സാധ്യത ഉപയോഗിച്ച് വോട്ടിങ് യന്ത്രത്തില്‍ തിരുത്തലുകള്‍ വരുത്താമെന്ന് കണ്ടെത്തിയിരുന്നു. ഒരു യന്ത്രം തുറന്ന് അതിലെ EEPROM ചിപ്പിന് മുകളില്‍ ഒരു ചെറിയ സര്‍ക്യൂട്ട് പിടിപ്പിച്ച് വോട്ട് മാറ്റുന്ന രീതിയാണ് അവര്‍ പ്രദര്‍ശിപ്പിച്ചത്. ഈ രീതിയില്‍ മാറ്റണമെങ്കില്‍ യന്ത്രം തുറക്കേണ്ടതായി വരും. ഇങ്ങനെ യന്ത്രം തുറക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിരവധി മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.
എങ്കിലും ഇന്ത്യയിലെ എല്ലാ ഭാഗത്തും ഈ മുന്‍കരുതലുകള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പു പറയാനാകില്ല. പ്രത്യേകിച്ചും തിരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും ഇടയില്‍ ദീര്‍ഘമായ ഇടവേളകളുള്ളപ്പോള്‍. ഈ രീതിയില്‍ തിരിമറി വ്യാപകമായി നടത്താന്‍ വന്‍തോതില്‍ പരിശീലനം സിദ്ധിച്ച ആള്‍ ശേഷിയും ലോജിസ്റ്റിക്സും ആവശ്യമാണ്. നമ്മുടേതു പോലെയുള്ള ഒരു ഫെഡറല്‍ ജനാധിപത്യ സമ്പ്രദായത്തില്‍ രഹസ്യമായി ഇത്തരം ഒരു പ്രവര്‍ത്തനം നടത്താന്‍ ബുദ്ധിമുട്ടാണ്. മറ്റൊരു സാധ്യത യന്ത്രം തുറന്ന് ഡിസ്പ്ലേ മാത്രം മാറ്റിവെക്കുക എന്നതാണ്. ഇതിനും മുകളില്‍ പറഞ്ഞ EEPROM തിരുത്തുന്നതിന്റെ പ്രശ്നങ്ങള്‍ ഉണ്ട്. വോട്ടിംഗ് യന്ത്രം തുറക്കാൻ കഴിഞ്ഞാൽ പല രീതിയിലും തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാൻ കഴിയും. ഇതിനാൽ തിരഞ്ഞെടുപ്പിനും എണ്ണലിനും ഇടയിൽ യന്ത്രങ്ങളുടെ സുരക്ഷ അതിപ്രധാനമാണ്.
അവസാനമായി ഷൂജ എന്ന വ്യക്തി എന്ന വ്യക്തി ആരോപിക്കുന്ന ലോ ഫ്രീക്വന്‍സി ട്രാന്‍സിമിറ്ററിന്റെ കാര്യം പരിഗണിക്കാം. ഇതിനായി യന്ത്രിത്തിനുള്ളില്‍ ഒരു റിസീവറും അതിനു വേണ്ട ആന്റിനയും ഘടിപ്പിക്കേണ്ടതുണ്ട്. നിര്‍മ്മാണസമയത്ത് ഇത്തരം ഒരു സംവിധാനം പിടിപ്പിച്ചിട്ടില്ലെങ്കില്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ വ്യാപകമായ ആള്‍ശേഷി ഉണ്ടെങ്കിലേ ഇത്തരത്തിലൊന്ന് യന്ത്രത്തിനുള്ളില്‍ കയറ്റാന്‍ ആകൂ. കൂടാതെ ലോഫ്രീക്വന്‍സി ആന്റിനകള്‍ക്ക് വളരെ നീളം വേണം. പുറത്ത് നിന്നു ഇത്തരം സംവിധാനങ്ങളെ നിയന്ത്രിക്കാന്‍ ശക്തിയേറിയ ട്രാന്‍സ്മീറ്റര്‍ വേണം. ഇത്തരം ഒന്ന് പോളിംങ് ബൂത്തുകളില്‍ നടപ്പാക്കാൻ എളുപ്പമല്ല. പക്ഷേ ഈ സാധ്യത യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലോ മറ്റോ ഉപയോഗിക്കാന്‍ പറ്റിയേക്കും. സാങ്കേതികമായി ഇത്തരം ഒരു സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ യന്ത്രങ്ങളിൽ ഇത് ഇല്ല എന്ന് ഉറപ്പിക്കാം
ഇലക്ഷന്‍ സംവിധാനവും നടപടി ക്രമങ്ങളും ഈ സാധ്യതയെ ഇല്ലാതാക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ രീതിയില്‍ റിമോട്ടായി ഫലം മാറ്റാനുള്ള സാധ്യത ഒഴിവാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ യന്ത്രത്തിന്റെ കവര്‍ അലുമിനിയം ഉപയോഗിച്ച് നിര്‍മിച്ചാല്‍ നന്നായിരിക്കും. അലുമിനിയം പോലെയുള്ള ഒരു വൈദ്യുതിചാലകം കൊണ്ടുണ്ടാക്കിയ പെട്ടിക്കുള്ളില്‍ റേഡിയോ സിഗ്നലുകള്‍ക്ക് എത്തിപ്പെടാന്‍ ആവില്ല.
മറ്റനവധി രീതികളിൽ യന്ത്രം ഹാക്ക് ചെയ്യാനുള്ള സാധ്യതകൾ പലരും പറയുന്നുണ്ടെങ്കിലും യന്ത്രത്തിന്റെ ഡിസൈൻ സമയത്ത് ഇതിനുള്ള സാധ്യത തുറന്നു വെച്ചിട്ടില്ല എന്ന് നമുക്ക് വിശ്വസിക്കാം. ഇവയെ മൊബൈൽ നെറ്റ് വർക്കി ലോ വയർലസ് നെറ്റ്വർക്കിലോ ഘടിപ്പിക്കാത്തിടത്തോളം കാലം സുരക്ഷയേക്കുറിച്ച് അധികം ആശങ്കപ്പെടേണ്ടതില്ല. ഈ മെഷീനുകളുടെ ഡിസൈൻ നടന്ന കാലത്ത് ഇപ്പോൾ പറയുന്ന പല സാങ്കേതികവിദ്യകളും നിലവിൽ വന്നിട്ടുണ്ടായിരുന്നില്ല.
ഇന്ത്യയിലെ ഓരോ ഇലക്ഷനും നൂറ് കണക്കിന് ആളുകള്‍ ചേര്‍ന്നാണ് നടത്തുന്നത്. ഏകദേശം പതിമൂന്നു ലക്ഷത്തോളം യന്ത്രങ്ങള്‍ കമ്മീഷന്റെ കൈവശം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ യന്ത്രങ്ങള്‍ ഏതു മണ്ഡലത്തിലെ ഏതു ബൂത്തിലാണ് ഉപയോഗിക്കേണ്ടത് എന്ന് നിശ്ചയിക്കേണ്ടത് രണ്ട് ഘട്ടങ്ങളുള്ള ഒരു റാന്‍ഡം പ്രക്രീയയിലൂടെയാണ്. ഇതിനാല്‍ ഒരു യന്ത്രം ഏത് ബൂത്തിലാണ് എത്തുന്നത് എന്ന് മുന്‍കൂട്ടി പറയാന്‍ ആവുകയില്ല.ഇതിനുവേണ്ടി കമ്മീഷൻ പ്രത്യേകമായി സോഫ്റ്റ്‌വെയർ നിർമ്മിച്ചിട്ടുണ്ട് ഈ സോഫ്റ്റ്‌വെയറിന് സോഴ്സ് കോഡും പരിശോധിക്കപ്പെടേണ്ടതുണ്ട് .
ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ ക്രമീകരണ രീതി പ്രത്യേക രീതിയിലാണ് നിര്‍ണയിക്കുന്നത്. ആദ്യം ദേശീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍. രണ്ടാമത് സംസ്ഥാന പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. തുടര്‍ന്ന് സ്വതന്ത്ര്യന്മാര്‍. അവസാനം നോട്ടയും. ഈ ഓരോ വിഭാഗത്തിലും സ്ഥാനാര്‍ത്ഥികളുടെ ക്രമം അക്ഷരമാല ക്രമത്തിലാണ്. അതിനാല്‍ വ്യാപകമായി യന്ത്രങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്താനും ഫലം തിരുത്താനും എളുപ്പമല്ല.
ഇലക്ഷന്‍ പ്രക്രിയയില്‍ തിരഞ്ഞടുപ്പ് യന്ത്രങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. അവയുടെ പ്രവര്‍ത്തനം കുറ്റമറ്റതും സുതാര്യവുമാക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ അടിയന്തരിമായി ഇതിന്റെ സോഫ്റ്റ് വെയറും ഹാര്‍ഡ് വെയര്‍ ഡിസൈനും പൊതു ജനത്തിന്റെ പരിശോധനയ്ക്കായി തുറന്നു കൊടുക്കണം. നമുക്ക് ഇനി പേപ്പര്‍ ബാലറ്റിലേക്കുള്ള ഒരു തിരിച്ചു പോക്ക് അസാധ്യമാണ്. നമ്മുടെ ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യത്തേയും സംരക്ഷിക്കേണ്ട ബാധ്യത ഓരോ പൗരനുമുണ്ട്. അതിനാല്‍ സീസറിന്റെ ഭാര്യയെ പോലെ വോട്ടിങ് യന്ത്രങ്ങളും എല്ലാവിധ സംശയങ്ങള്‍ക്കും അതീതമായിരിക്കണം.
References 1 Security Analysis of India’s Electronic Voting Machines Hari K. Prasad∗ J. Alex Halderman Proc. 17th ACM Conference on Computer and Communications Security (CCS ’10), Oct. 2010
2) Manual of Manual on Electronic Voting Machine And VVPAT July 2018 Document 2 – Edition 3 Election commission of India
3) FAQ http://ceomadhyapradesh.nic.in/Links/EVM/FAQ_EVM_VVPAT.pdf