അടുത്ത ഒന്നു രണ്ടാഴ്ചക്കുള്ളിൽ എൻട്രൻസ് പരീക്ഷയുടെ ഫലം വരും. കേരളത്തിൽ 160 എൻജിനിയറിംഗ് കോളേജുകളുണ്ട്. അവയിൽ മിക്കതും ആളെ പിടിക്കാൻ വലയുമായി ഇറങ്ങിക്കഴിഞ്ഞു. ചില പരസ്യങ്ങളൊക്കെ കണ്ടാൽ ഫൈവ് സ്റ്റാർ ഹോട്ടലിലാണോ ഇവർ കുട്ടികളെ പഠിപ്പിക്കുന്നത് എന്ന് തോന്നും. പലയിടത്തും ചേർന്നാൽ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയതുപോലെയാകും ഫലം.
കേരളത്തലെ ഒരു കോളേജും ലോകനിലവാരത്തിലുള്ളതല്ല. വിദ്യാഭ്യാസത്തിനായി എല്ലാവർക്കും വിദേശത്തോക്കെ പോകാനാവില്ലല്ലോ. അതിനാൽ ഉള്ളതിൽ നിന്ന് നിങ്ങൾ ശ്രദ്ധാപൂർവ്വം കോളേജ് തിരഞ്ഞെടുക്കണം.
ഓരോ കോളേജും ഓരോ ecosystem ആണെന്നന്ന് പറയാം. ചിലത് നമ്മുടെ യക്ഷിക്കാവുകളെപ്പോലെ ജൈവവൈവിധ്യമുള്ളത് ,മറ്റു ചിലത് അത്യൽപാദന ശേഷിയുള്ള റബർ എസ്റ്റേറ്റുപോലെയും. എവിടെ ചേർന്നാലും നിങ്ങൾക്ക് ഡിഗ്രി കിട്ടാൻ സാധ്യതയുണ്ട്. കാവി ലൊക്ക നല്ല വിഷമുള്ള മൂർഖൻ പാമ്പുകളൊക്കെ കാണും. സൂക്ഷിച്ച് നടന്നാൽ ജീവിതത്തിന്റെ ഗതി തന്നെ മാറ്റാം. റബർത്തോട്ടത്തിൽ കളനാശിനി തളിച്ച് എല്ലാത്തിനേയും ഒതുക്കി വെച്ചിട്ടുണ്ടാകും. ഇവിടെ കയറിയിറങ്ങിയാൽ പ്രത്യേകിച്ച് മണവും ഗുണവുമൊന്നും കാണില്ല. എവിടെ ചേരണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഓരോന്നിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്.
ഒരു കോളേജ് ecosystemത്തിൽ ഉള്ളത് താഴെപ്പറയുന്ന ഘടകങ്ങളാണ്.
1) മാനേജ്മെന്റ്
2) അധ്യാപകർ
3) വിദ്യാർത്ഥികൾ
4) കാമ്പസ്
5) Alumni
ഈ അഞ്ച് ഘടകങ്ങളും പരിഗണിച്ചിട്ടാവണം കോളേജിന്റെ തിരഞ്ഞെടുപ്പ്. ഇവ ഓരോന്നും നിങ്ങളുടെ ഭാവിയെ പല രീതിയിൽ ബാധിക്കും.
1) ആദ്യ ഘടകമായ മാനേജ്മെന്റിന്റെ കാര്യമെടുക്കുക. ഇടി മുറി നടത്താത്ത അക്കാദമിക്ക് കാര്യങ്ങളിൽ നേരിട്ടിടപെടാത്ത ഒരു മാനേജ്മെന്റിനെ വേണം തിരഞ്ഞെടുക്കാൻ. നിങ്ങൾ പഠിക്കുന്ന കോളേജ് ഒരു ബാർ മുതലാളിയുടേതാണെന്നിരിക്കട്ടെ, ബാറിൽ വരുന്ന കുടിയൻമാരെ കൈകാര്യം ചെയ്യുന്നത് പോലെയാവും നിങ്ങളെ ഇടിക്കുന്നത്. അണ്ടിക്കമ്പനി മുതലാളിക്കോ, മീൻ മുതലാളിക്കൊ ഇന്റർണൽ മാർക്കെന്തെന്ന് നിശ്ചയമുണ്ടാവില്ല. അതവർ അവരുടെ സൗകര്യമനുസരിച്ച് തിരുത്തിയേക്കാം.
സർക്കാർ നടത്തുന്ന കോളേജുകളാണ് ആദ്യം പരിഗണിക്കാവുന്നത്, തുടർന്ന് സർക്കാർ എയ്ഡഡ് , സർക്കാർ നിയന്ത്രിത കോളേജുകൾ എന്നിവ പരിഗണിക്കാം (IHRD , L B S, CAPE എന്നീ ക്രമത്തിൽ.) സർക്കാർ / സർക്കാർ നിയന്ത്രിത കോളേജുകൾക്ക് വലിയ ഷോ ഒന്നും ഉണ്ടാകില്ല. ഹൈവേയിലൊന്നും യാതൊരു പരസ്യവും കാണില്ല. പലതിനും ബോർഡുപോലും കണ്ടെന്ന് വരില്ല. പക്ഷെ അടുത്ത നാലു വർഷം അവ പ്രവർത്തിക്കും എന്ന് ഉറപ്പുണ്ട്. കാരണം സർക്കാരിന് ഒരു ദിവസം ഇവയുടെ പ്രവർത്തനം ലാഭകരമല്ലെന്ന് കണ്ട് നിർത്താനാവില്ല. സർക്കാരിന് നിങ്ങളുടെ അക്കാദമിക് കാര്യത്തിൽ പ്രത്യേക താൽപര്യമൊന്നുമില്ല. നിങ്ങളായി നിങ്ങടെ പാടായി.
സർക്കാർ സ്ഥാപനങ്ങൾ ബഹുകേമമാണെന്നൊന്നും പറയാൻ ഞാനില്ല. ഇവിടെ പഠിച്ചാൽ എളുപ്പത്തിൽ തടി കേടാകില്ല. സർക്കാരിന്റെ ഇടിമുറി പോലിസ് സ്റ്റേഷനിലാണ്. അവിടെ എത്തിപ്പെടാതിരുന്നാൽ മതി.
കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാർ കോളേജികളിൽ ടെക്വിപ് (Teqip) വഴിയൊക്കെ നല്ല രീതിയിൽ സൗകര്യങ്ങൾ കൂട്ടിയിട്ടുണ്ട് . ചിലതിനൊക്കെ സ്വയംഭരണം കൊടുക്കാൻ ആലോചനയുമുണ്ട്. ഇടതു പക്ഷ സർക്കാർ ഈ സ്ഥാപനങ്ങളോട് ഇപ്പോൾ വളരെ സൗഹാർദ്ദപരമായ സമീപനമാണെടുത്തിട്ടുള്ളത്. വരും വർഷങ്ങളിൽ പൊതു വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു ബജറ്റിൽ കഴിഞ്ഞ രണ്ടു വർഷമായി സാങ്കേതിക വിദ്യാഭ്യാസത്തിന് നല്ല തുക വകയിരുത്തുന്നുണ്ട്. അതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ പലതിലും സൗകര്യങ്ങൾ മെച്ചപ്പെട്ടു വരുന്നുണ്ട്.. ഇത് നല്ല ഒരു സൂചനയാണ്. എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്കു നേടുന്നവർ സർക്കാർ സ്ഥാപനങ്ങളാണ് പൊതുവെ തിരഞ്ഞെടുക്കാറ്. സർക്കാർ സ്ഥാപനങ്ങൾക്ക് 5 സ്റ്റാർ ലുക്ക് ഉണ്ടാകില്ല. ലുക്കിലല്ല കാര്യം.( ഈ രംഗത്ത് കേരളത്തിൽ നാൽപതോളം സർക്കാർ സ്ഥാപനങ്ങളുണ്ട് )
സംസ്ഥാനത്തെ മിക്ക സ്വകാര്യ സ്വാശ്രയ കോളേജുകളുടെ അക്കാദമിക് നിലവാരം പരിതാപകരമായ അവസ്ഥയിലാണ്. പലയിടത്തും നല്ല വിജയശതമാനം കാണും. പക്ഷെ പാസാകുന്നവർ മിക്കവരും employable അല്ല എന്ന് ചില മുൻനിര കമ്പനികളിലെ HR മാനേജർമാർ പറയുന്നത് കേട്ടിട്ടുണ്ട്. (ചുരുക്കം ചില നല്ല സ്ഥാപനങ്ങളുണ്ടെന്ന കാര്യം മറക്കുന്നില്ല. ) കഴിഞ്ഞ വർഷം ഇത്തരം നാലഞ്ചെണ്ണം പുട്ടി ഈ വർഷവും കഥ ആവർത്തിക്കാനാണ് സാധ്യത . എൻജിനിയറിംഗിന് ഡിമാന്റ് കുറഞ്ഞതോടെ പലയിടത്തും സ്റ്റാഫ് കുട്ടികൾക്കായി കാൻവാസിംഗ് നടത്തുന്നുണ്ട്. ഫീസ് കുറക്കാം, വിമാനത്തിൽ കയറ്റാം എന്നിങ്ങനെ പലതരം ഓഫറുകൾ കാണും.കഴിയുമെങ്കിൽ ഇതിൽ വിഴരുത്. അടുത്ത നാല് വർഷം ഇവ നില നിൽക്കണമെന്നില്ല. പല സ്ഥലത്തും അധ്യാപകർക്ക് ശമ്പളമില്ല. പലരും രക്ഷപെടാൻ ശ്രമിക്കുന്നു. ഈ വർഷം നിരവധി എണ്ണം പൂട്ടലിന്റെ വക്കത്താണ്. ഇന്നത്തെ നിലയിൽ ഒരു സ്വാശ്രയ സ്ഥാപനം ലാഭകരമായി പ്രവർത്തിക്കണമെങ്കിൽ പ്രതിവർഷം 300 കുട്ടികൾ എങ്കിലും ചേരണം. സർക്കാരിന്റെ ഗ്രാന്റോ മറ്റേതെങ്കിലും രീതിയിൽ ധനസഹായം ലഭിക്കാനോ (ഉദാ: CSR ഫണ്ട് ) സാധ്യതയില്ലാത്ത സ്ഥാപനങ്ങളിൽ ചേരരുത്.
കഴിയുമെങ്കിൽ മദ്യ മുതലാളിമാർ, ബ്ലേഡ് കൾ, വ്യക്തി കേന്ദ്രീകൃത സമുദായ സംഘടനകൾ തുടങ്ങിയവ നടത്തുന്ന സ്ഥാപനങ്ങൾ ഒഴിവാക്കണം . തമിഴ്നാട്ടിൽ ഹെഡോഫീസും ഇവിടെ ബ്രാഞ്ചുമുള്ള ചിലരുണ്ട്. ഇടി തമിഴ് ശൈലിയിലാകും. ജാഗ്രതൈ.
പല കോളേജുകളിലും സർക്കാർ നിശ്ചയിച്ച ഫീസിന് പുറമേ ഫൈൻ, യൂണിഫോം പുസ്തകങ്ങൾ, വണ്ടി, റോക്കറ്റ്, നേർച്ച, കാഴ്ച തുടങ്ങി നൂറുകണക്കിന് പണം പിടുങ്ങൽ പദ്ധതികളുണ്ട്. ചില പ്രമുഖ മതങ്ങൾ നടത്തുന്ന കോളേജുകൾ ഇക്കാര്യത്തിൽ പ്രത്യേക പ്രാവിണ്യമുള്ളവരാണ്. സൂക്ഷിച്ച് വേണം തല വെക്കാൻ .സ്വകാര്യ സ്ഥാപനങ്ങളിൽ വ്യക്തിസ്വാതന്ത്ര്യം പൊതുവേ ക്കുറവായിരിക്കും. പാഠഭാഗങ്ങൾ അരച്ചുകലക്കി വായിൽ തിരുകും. അവസാനം യാതൊരു കാര്യ വിവരവുമുണ്ടാകില്ല. ഒഴുക്കിനനുസരിച്ച് നീന്തുന്നവർക്ക് തടി കേടാകതെ കഴിച്ചിലാക്കാം. വേണമെങ്കിൽ ബാങ്ക് ടെസ്റ്റ് എഴുതാം.
കഴിഞ്ഞ വർഷം കാര്യമായി സീറ്റ് ഫില്ലാകാത്ത “സ്വകാര്യ ” കോളേജുകളെ യാതൊരു കാരണവശാലും പരിഗണിക്കരുത്. നാലു വർഷം അവനിലനിൽക്കില്ല. എൻട്രൻസ് കമ്മീഷണറുടെ സൈറ്റിൽ നോക്കിയാൽ കഴിഞ്ഞ വർഷം എത്ര കുട്ടികൾ ചേർന്നു എന്നറിയാം.
2) അടുത്തത് അധ്യാപകരാണ്. കഴിവും കമ്മിറ്റ്മെന്റുമുള്ള അധ്യാപകരുടെ എണ്ണം എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയിൽ തുലോം കുറവാണ്. മറ്റ് തൊഴിൽ മേഖലകളിൽ അവസരങ്ങൾ ധാരാളമുള്ളതിനാൽ മിടുക്കൻമാർ അധ്യാപകരായി വരുന്നില്ല എം ടെക്ക് ആണ് ഒരു എൻജിനിയറിംഗ് അധ്യാപകന് വേണ്ട കുറഞ്ഞ യോഗ്യത. കഴിഞ്ഞ കുറേ വർഷങ്ങളായി മിടുക്കൻമാർക്കൊക്കെ ബി ടെക് കഴിയുമ്പോൾത്തന്നെ ജോലി കിട്ടുന്നുണ്ട്. കേരളത്തിലെ എം ടെക് കോഴ്സുകളുടെ നിലവാരം വളരെ മോശമാണ്. ( സ്വകാര്യ മേഖലയിൽ എംടെക് കോഴ്സുകളിൽ ചേരാൻ തിരെ ആളില്ല. ) എംടെക് IIT,NIT പോലെയുള്ള സ്ഥലങ്ങളിൽ ചെയ്യുന്നവർ ഇപ്പോൾ അധ്യാപക ജോലിക്ക് വരുന്നില്ല. സർക്കാർ കോളേജുകൾ അധ്യാപകരെ ഈ സ്ഥാപനങ്ങളിൽ അയച്ച് PhDയൊക്കെ എടുപ്പിക്കാറുണ്ട്. ഇതിന് കേന്ദ്ര ഗവർമെന്റ് QIP എന്ന പ്രത്യേക പദ്ധതി തന്നെ നടത്തുന്നു (ഈയടുത്ത് ദീർഘവീക്ഷണമുള്ള ചില സ്വകാര്യ കോളേജുകളും ഈ പദ്ധതിയനുസരിച്ച് അദ്ധ്യാപകരെ പരിശീലിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.)
നിങ്ങൾ കോളേജ് തിരഞ്ഞെടുക്കുമ്പോൾ അവിടുത്തെ അധ്യാപകരുടെ യോഗ്യതയും നിലവാരവും പരിശോധിക്കണം. ഈ വിവരം അതത് കോളേജകളുടെ വെബ്സൈറ്റിൽ കാണും. ഡിങ്ക ജോതി കോളേജിൽ നിന്ന് ബിടെക്കും പങ്കിലക്കാട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് MTech ഉം കർപ്പൂരം യൂണിവേർസിറ്റിയിൽ നിന്ന് PhD യും ഉള്ളവർ പഠിപ്പിക്കുന്നിടത്ത് കഴിയുമെങ്കിൽ ചേരരുത്. പൂർവ്വ വിദ്യാർത്ഥികൾ,ഇപ്പോഴത്തെ വിദ്യാർത്ഥികൾ എന്നിവരോട് ഇക്കാര്യത്തിൽ അഭിപ്രായം ചോദിക്കാം.
ഗവർമെന്റ് കോളേജിലൊക്കെ പൊതുവിൽ ഫാക്കൽട്ടി മെച്ചമാണ്.(ടെസ്റ്റും ഇൻറർവ്യുവും വഴിപി എസ് സിയാണ് തിരഞ്ഞെടുക്കുന്നത് ) . മേൽപറഞ്ഞ കൂട്ടർ ഇല്ലെന്നല്ല. താരതമ്യേന കുറവാണ്. സ്വകാര്യ കോളേജുകളെക്കുറിച്ച് ഒന്നും പറയുന്നില്ല.
അധ്യാപകരുടെ വൈവിധ്യം ഒരു കോളജിന്റെ വിജയത്തിന് അത്യാവശ്യമാണ്. ഫാക്കാൽട്ടിയിൽ പുരുഷൻമാരും സ്ത്രീകളും വേണം. വിവിധ മതക്കാർ, ദേശക്കാർ ,പലയിടങ്ങളിൽ പഠിച്ചവർ, പുറത്ത് ജോലി ചെയ്തിട്ടുള്ളവർ എന്നിങ്ങനെ വിവിധ തരം ആളുകളുണ്ടെങ്കിൽ നിങ്ങൾക്ക് കിട്ടുന്ന എക്സ്പോഷർ മെച്ചപ്പെട്ടതാകും. എല്ലാ അധ്യാപകരും ഒരേ പോലെ വേഷം ധരിക്കുന്ന, ഒരേ രീതിയിൽ ഭക്ഷണം കഴിക്കുന്ന, പ്രാർത്ഥിക്കുന്ന, ചിന്തിക്കുന്ന, മനേജ്മെൻറ് പറഞ്ഞാൽ തലകുത്തി നിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക. വലിയ വില ചിലപ്പോൾ കൊടുക്കേണ്ടി വരാം.
സർക്കാർ /സർക്കാർ നിയന്ത്രിത കോളേജുകളിൽ 60% വരെ സ്ഥിരം അധ്യാപകരുണ്ട്. അവർ എല്ലാവരും സമ്പൂർണ്ണജ്ഞാനികളൊന്നുമല്ല. പക്ഷെ മികച്ചവർ ഉണ്ട്. ബാക്കി ഗസ്റ്റ് ഫാക്കൾട്ടി വെച്ചാണ് നടത്തുന്നത്.
സ്വാകാര്യ കോളേജുകളിൽ ഫ്ലോട്ടിംഗ് ഫാക്കൽട്ടിയാണുള്ളത്. ഇന്ന് ഡിങ്ക ജോതിയിൽ പ്രിൻസിപ്പാളായിരിക്കുന്നയാൾ നാളെ കർപ്പൂരാഴിയിൽ എച്ച് ഓഡി ആയെന്നിരിക്കും.(ഇതിന് അപവാദമായി ചുരുക്കം ചില കോളേജുകളുണ്ട്. അന്വോഷിച്ചാൽ അറിയാം)
3) ഇനി നോക്കേണ്ടത് നിങ്ങളുടെ കൂടെ ആരൊക്ക പഠിക്കാനുണ്ടാവും എന്നതാണ്. വൈവിധ്യമാണിവിടെയും പ്രധാനം. ഇതിനും ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികളോട് അന്വോഷിക്കാം. വിദ്യാർത്ഥികളുടെ വൈവിധ്യം സ്ഥാപനത്തിന്റെ സൽപേരുമായി ബന്ധപ്പെട്ടാണിരിക്കുനത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് കുട്ടികൾ പഠിക്കാൻ വരുന്നുണ്ടെങ്കിൽ അത് ഒരു നല്ല ലക്ഷണമാണ്. നിങ്ങളുടെ പഠന കാലത്തിലെ നല്ലൊരു സമയം ചിലവഴിക്കുന്നത് സഹപാഠികളുടെയൊപ്പമാവും. നിങ്ങൾ ക്ലാസിൽ നിന്ന് പഠിക്കുന്നതിനേക്കാളേറെ അവരിൽ നിന്നാവും പഠിക്കുക. എല്ലാ കുട്ടികളും ചെവിയിൽ പൂ വെച്ചു നടക്കുന്ന ഒരു ക്ലാസിലാണ് നിങ്ങൾ ചേരുന്നതെങ്കിൽ കാലക്രമേണ നിങ്ങളും അങ്ങനെ തന്നെ ചെയ്യും. അൽപം രാഷ്ട്രീയവും മറ്റ് കലാപരിപാടികളുമൊകെയുള്ള കോളേജുകളാണ് നല്ലത്. പഠനം കഴിഞ്ഞ് നിങ്ങൾ ഈ സമൂഹത്തിൽ തന്നെയാണ് ജീവിക്കേണ്ടത്. ബ്രോയിലർ കോഴികളായിട്ടല്ല ചെറുപ്പക്കാർ വളരേണ്ടത്.(അധികമായാൽ അമൃതും വിഷമാണെന്ന് മറക്കരുത്. )
4) അടുത്തതായി പരിഗണിക്കേണ്ടത് കാമ്പസ് എങ്ങിനെയാണെന്നുള്ളതാണ്. കോളേജ് എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നത് പ്രധാനമാണ്. നഗരത്തിലോ നഗരപ്രാന്തത്തിലോ ഉള്ള കോളേജുകൾക്ക് മുൻഗണന കൊടുക്കാം ( വല്ലപ്പോഴും ഒരു മാറ്റിനിയൊക്കെ കാണണ്ടെ: D)
ഹോസ്റ്റൽ സൗകര്യമുണെങ്കിൽ അവിടെ ഇടി മുറിയില്ലെന്ന് ഉറപ്പ് വരുത്തണം.
ആൺ കുട്ടികളേയും പെൺകുട്ടികളേയും തരംതിരച്ച് കാണുന്ന കാമ്പസുകളുണ്ട്. പലയിടത്തും തമ്മിൽ സംസാരിക്കുന്നതിന് വിലക്കുണ്ടെന്ന് കേൾക്കുന്നു. കുട്ടികൾക്ക് മിനിമം വ്യക്തിസ്വാതന്ത്ര്യം ഉള്ള സ്ഥലങ്ങളാവണം തിരഞ്ഞെടുക്കേണ്ടത്. സഞ്ചാരസ്വാതന്ത്യം തിരെയില്ലാത്ത സ്ഥലങ്ങൾ, ഒരു ദിവസം പത്തു മിനിട്ട് വൈകിയെത്തിയാൽ സെക്യരിട്ടി കണ്ണുരുട്ടുന്നയിടങ്ങൾ, പുരോഹിതൻമാർ സദാചാര പോലിസിന്റെ പണിയെടുക്കുന്ന സ്ഥലങ്ങൾ ഒക്കെ ഗുണത്തേക്കാൾ ദോഷമേ ചെയ്യു.(മാതാപിതാക്കളെ ഇതു പറഞ്ഞ് മനസ്സിലാക്കിക്കുന്നതിലാണ് നിങ്ങളുടെ വിജയം.)
പല പരസ്യങ്ങളിലും കോളേജുകൾ കുട്ടികൾ ഹിന്ദി സിനിമയിലെ വില്ലന്റെ മാതിരിയുള്ള യൂണിഫോം ഒക്കെ ധരിച്ച് കമ്പ്യൂട്ടറിന്റെ മുന്നിലും വിമാനത്തിന്റെ മുന്നിലും പോസ് ചെയ്യുന്നത് കാണാം. പ്രത്യേകിച്ച് കാര്യമൊന്നുമില്ല. യൂണിഫോമിന്റെ തിളക്കമോ വടിവോ അല്ല കോളേജ് ജീവിതത്തിന്റെ കാതൽ. കോളേജ് ജീവിതം അടിച്ച് പൊളിക്കാൻ മാത്രമുള്ളതല്ല നിങ്ങളുടെ ഭാവിയുടെ അടിത്തറയിടേണ്ട സമയം കൂടിയാണത്. അക്കാദമിക് കാര്യങ്ങളിലാകണം കൂടുതൽ ശ്രദ്ധ.
ചുരിക്കിപ്പറഞ്ഞാൽ ആനന്ദം സിനിമയും കോളേജുമായി വലിയ ബന്ധമൊന്നുമില്ല.
5) Alumni. അവസാനമായി പരിഗണിക്കേണ്ടത് കോളേജിൽ മുൻപ് പഠിച്ചിരുന്നവർ എന്താണ് ചെയ്യുന്നത്, അവർക്ക് കോളേജിനോട് താൽപര്യവും സ്നേഹവും ഉണ്ടോ, അവിടുത്തെ വിദ്യാർത്ഥികൾ ആയിരുന്നതിൽ അവർ അഭിമാനിക്കുന്നുണ്ടോ എന്നൊക്കെയാണ്. പലപ്പോഴും കാമ്പസ് റിക്രൂട്ട്മെന്റിന് അലുംമ്നി കൾ വരാറുണ്ട്. അവർ സ്വന്തം കോളേജിനോട് മമത കാണിക്കുന്നതും കണ്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ സൽപേര് പലപ്പോഴും അലുംമ്നി യെ സമൂഹം എങ്ങിനെ കാണുന്നു എന്നതിനനുസരിച്ചിരിക്കും.
കോളേജ് തിരഞ്ഞെടുക്കുമ്പോൾ പത്രത്തിൽ വരുന്ന പരസ്യങ്ങളെ യാതൊരു കാരണവശാലും വിശ്വസിക്കരുത്. പലപ്പോഴും വാർത്ത പോലെ തോന്നിക്കുന്ന പരസ്യങ്ങൾ കാണും. അടിയിൽ ചെറിയ അക്ഷരത്തിൽ advt എന്ന് എഴുതിയിരിക്കും. ഇവയെ സുക്ഷിക്കുക. പരസ്യത്തിൽ കാണുന്ന വിജയശതമാനവും പ്ലേ സ്മെന്റ് ചരിത്രവും പൊതുവെ തട്ടിപ്പായിരിക്കും കൂടുതൽ പരസ്യമുള്ള ഐറ്റം പൊതുവെ ഗുണമില്ലാത്തതായിരിക്കും.