ഒരു സാധരണ മലയാളിക്ക് എക്കണോമിക്സ്, കോമേഴ്സ് ചരിത്രം ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വലിയ ഗ്രാഹ്യമില്ല എന്ന കാര്യം അവൻ സമ്മതിച്ച് തരില്ല. മലയാളിക്ക് അറിയാൻ വയ്യാത്ത വിഷയമില്ലല്ലോ. സ്കൂളിലും കോളേജിലും നാം സയൻസിന് കൊടുക്കുന്ന പ്രാധാന്യം സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് കൊടുക്കാറില്ല.
ഓരോവീട്ടിലും കുറഞ്ഞത് ഒരു ഡോക്ടറും ഒരു എൻജിനിയറും വീതം ഉണ്ടാകണം എന്നതാണല്ലോ നമ്മുടെ പ്രഖ്യാപിത ലക്ഷ്യം. പഠനകാലത്ത് മിക്കവരും ചെ ഗുവേരെയുടെ പടമുള്ള ടിഷര്‍ട്ടൊക്കെ ഇട്ട് സാമ്രാജ്യത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചുനടന്നിട്ടുണ്ടാകും. അതിനപ്പുറം നമുക്ക് കമ്യൂണിസം കാപ്പിറ്റലിസം തുടങ്ങിയവയൊക്കെ ചൈനീസ് ഭാഷയിലെ അക്ഷരങ്ങള്‍ പോലെ എന്തോ ചില ചിഹ്നങ്ങളാണ്. നമ്മെ നയിക്കുന്ന ഏതോ നിഗൂഢ ശക്തികള്‍ ഇവയെ വെച്ചാണ് ആണയിടുന്നത്. അതു കൊണ്ട് നമ്മളും ഈ ഇസങ്ങളുടെ ആരാധകരാണ്. എന്താനേക്കുറിച്ചും നമുക്ക് അഭിപ്രായവുമുണ്ട്. മിക്കതും മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും കൂട്ടുചേർന്ന് ഉണ്ടാക്കുന്നതാണെന്ന് മാത്രം. ആത്യന്തികമായി വിഷയത്തേക്കുറിച്ച് പത്രലേഖകന് മനസ്സിലായതിന്റെ നൂറിലൊന്നാകും നമ്മുടെ ജ്ഞാനം. ഇത്തരം വിഷയങ്ങളിലെ വായന പത്രമാസികകൾക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നതു വരെ എന്റെ സ്ഥിതിയും ഇതു തന്നെ ആയിരുന്നു.
സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ നിരവധി നൂതന പാരിപ്രേഷ്യങ്ങൾ സമീപകാലത്തുണ്ടായിട്ടുണ്ട്. ഇന്റർനെറ്റ് സൗഹൃദങ്ങൾ വഴി പല പുതിയ ആശയങ്ങളേയും പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇങ്ങനെ ഈയിടെ വാങ്ങി വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്താം.
2008ലെ ആഗേള മാന്ദ്യത്തെത്തുടര്‍ന്ന് ഗ്രീസില്‍ വമ്പന്‍ സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുകയും 2015ല്‍ ഇത് പ്രതിസന്ധി ഉച്ചസ്ഥായിയിലെത്തുകയും ചെയ്തു. വികസിത രാജ്യങ്ങളില്‍ വെച്ച് കടംകയറി മുടിയുന്ന ആദ്യരാജ്യം എന്ന ഖ്യാതി ഗ്രീസിന് വന്നുചേര്‍ന്നു. ഗ്രീക്ക് സർക്കാരിന്റെ കടം കാരണം ബാങ്കുകൾ ഒക്കെ പൊളിഞ്ഞു പാളിസായി. ഇക്കാലത്ത് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിലെത്തി. യൂറോപ്യൻ യൂണിയനും അന്താരാഷ്ട്ര നാണയിനിധിയുമൊക്കെ ഗ്രീക്ക് സമ്പദ് വ്യവസ്ഥയെ രക്ഷപെടുത്താൻ ചർച്ച തുടങ്ങി. ഈ ചർച്ച നയിച്ചിരുന്നത് 2015 കാലത്ത് ഗ്രീസിന്റെ ധനകാര്യമന്ത്രിയായിരുന്നത് യാനീസ് വരോഫാക്കിസ് എന്ന ഇക്കണോമിക്സ് പ്രൊഫസറാണ്. യൂറോപ്പിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദനും കോളം നിസ്റ്റുമാണ് യാനിസ് .https://en.m.wikipedia.org/wiki/Yanis_Varoufakis
ഇദ്ദേഹം യൂറോപ്പിലേയും പ്രത്യേകിച്ച് ഗ്രീസിലേയും സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അടുത്തയിടെ അദ്ദേഹം എഴുതിയ “Talking to my daughter about the economy : A brief history of capitalism എന്ന പുസ്തകം പുറത്തുവന്നിട്ടുണ്ട്. 14 വയസ്സുള്ള തന്റെ മകളെ ലോകസാമ്പത്തിക ക്രമത്തേക്കുറിച്ച് പഠിപ്പിക്കുന്ന രീതിയിലാണ് പുസ്തകം എഴുതിയിട്ടുള്ളത്. സാമ്പത്തികരംഗത്തേക്കുറിച്ചും , വലിയ കോര്‍പ്പറേറ്റുകളും രാഷ്ട്രീയക്കാരും ബാങ്കുകളും ചേര്‍ന്ന് ലോകസമ്പദ് വ്യവസ്ഥതിയെ എങ്ങനെ പ്രതിസന്ധിയിലാക്കുന്നു എന്നതിനേപ്പറ്റിയും പുസ്തകത്തിൽ വ്യക്തമായി വിവരിച്ചിരിക്കുന്നു.
പുരാണങ്ങങ്ങളില്‍ നിന്നും ആധുനിക കാലസംഭവങ്ങളില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉള്ള ധാരാളം ഉദാഹരണങ്ങള്‍ സഹിതമാണ് സാമ്പത്തികതത്വങ്ങള്‍ ഇതില്‍ വിശദീകരിച്ചിട്ടുള്ളത്. ഉദാഹരണത്തിന് കടവും (debt) മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഇംഗ്ലീഷ് നാടകകൃത്തായ മാര്‍ലോയുടെ ഡോക്ടര്‍ ഫോസ്റ്റസിനെ ആധാരമാക്കി വിവരിച്ചിരിക്കുന്നു. ഫോസ്റ്റസും ചെകുത്താന്റെ സഹായിയായ മെഫിസ്റ്റാഫിലസും തമ്മിൽ 24 വർഷത്തേക്ക് ഒരു കരാറിൽ ഏർപ്പെടുന്നു. 24 വർഷം ചെകുത്താന്റെ ശക്തി ഉപയോഗിച്ച് ഫോസ്റ്റസിന് എന്തും ചെയ്യാം. പക്ഷെ കാലാവധി അവസാനിക്കുമ്പോൾ ചെകുത്താൻ ഫോസ്റ്റസിന്റെ ആത്മാവിനെ അടിമയാക്കും.
യാനിസ് ആധുനിക ടെക്നോളജിയെ മേരി ഷെല്ലിയുടെ ഫ്രാങ്ക്ൻസ്റ്റിനോടാണ് ഉപമിച്ചിരിക്കുന്നത്. ശ്രദ്ധാപൂർവം ഉപയോഗിച്ചില്ലെങ്കിൽ ടെക്നോളജിയും അത് മുന്നോട്ടു വെക്കുന്ന സാമ്പത്തിക പുരോഗതിയും മനുഷ്യരാശിയെത്തന്നെ അപകടത്തിലാക്കിയേക്കാം.
എക്കണോമിക്സിന്റെ പതിവ് ജാർഗൺ ഉപയോഗിക്കാത്തതിനാൽ പുസ്തകത്തിന് നല്ല റീഡബിലിറ്റിയുണ്ട്. നോവൽ പോലെ വായിക്കാം. ലോക സമ്പദ് വ്യവസ്ഥയേപ്പറ്റിയും ബാങ്കിങ്ങിനേപ്പറ്റിയും എങ്ങിനെയാണ് ക്യാപ്പിറ്റലിസം പ്രവർത്തിക്കുന്നത് എന്നതിനേപ്പറ്റിയും വലിയ പിടിയില്ലാത്തവര്‍ക്ക് ഈ പുസ്തകം റെക്കമെന്റ് ചെയ്യുന്നു.