കഥ

കർത്താവിന്റെ കളികൾ

ഞാനും ത്രേസ്യാക്കൊച്ചും കൂടെ പൈകേന്ന് ഹൈറേഞ്ചിന് വരുന്നത് 64 ലാണ്. ഞാൻ പഴയ നാലാം ക്ളാസാ. അപ്പന് ഒരു കേസുണ്ടായിരുന്നതുകൊണ്ടത് നാട്ടിലെ പറമ്പോക്കെ പോയിക്കിട്ടി. അപ്പൻ പോയപ്പോൾ എനിക്ക് കിട്ടിയ അരയേക്കർ കൊണ്ട് ഒന്നും ആകില്ലെന്ന് കണ്ടപ്പോ ഒന്നും നോക്കില്ല. നേരെ ഹൈറേഞ്ച് പിടിച്ചു.

കർത്താവിന്റെ ഓരോ പദ്ധതികളാണ് ഇതൊക്കെ. അല്ലേൽ നാട്ടിന്ന് ഇങ്ങോട്ട് കേറാൻ തോന്നുമോ ? അന്ന് ചട്ടിക്കുഴിൽ ആകെ മൂന്നാല് വീട്ടുകാരെയുള്ളു. ഭയങ്കര തണുപ്പും മഞ്ഞുമായിരുന്നു. ചിലപ്പോൾ ആനയൊക്കെ ഇറങ്ങും

ഒന്നുരണ്ട് വർഷം കരനെല്ല് കൃഷിയം കുരുമുളക് നടലുമൊക്കെയായി അങ്ങനെ പോയി. കുറച്ച് ആദായമൊക്കെ കിട്ടിത്തുടങ്ങിയപ്പോഴാ എല്ലാവർക്കും കർത്താവിനെ ഓർമ്മ വന്നത്. ഒരു പള്ളിവേണം. ബിഷപ്പ് കോതമംഗലത്താണ്. അടിമാലി വരെ നടക്കണം.നാല് മണിക്കർ എടുക്കും. അവിടുന്ന് കോതമംഗലത്തിന് ബസ് കിട്ടും. ഞാനും തെക്കേലെ അവറാച്ചനും കൂടിയാണ് ബിഷപ്പിനെ കാണാൻ പോയത്. നമ്മൾ പറഞ്ഞതൊക്കെ മെത്രാൻ കേട്ടു. നിങ്ങൾ പള്ളിക്ക് സ്ഥലം കാണ്, നോക്കാം എന്ന് പറഞ്ഞു വിട്ടു.

തിരിച്ച് വന്ന് ഞങ്ങൾ മലമുകളിൽ പുല്ലു കൊണ്ട് ഒരു മാടം വെച്ചു. ത്രേസ്യക്കൊച്ചിന്റെ കയ്യിലിരുന്ന കൊച്ച് കുരിശും കർത്താവിന്റെ ഒരു ഫോട്ടോയും വെച്ചു. ഞായറാഴ്ച എല്ലാവരും വന്ന് അറിയാവുന്ന പ്രാർത്ഥനയൊക്കെ ചൊല്ലി. ഇടക്ക് അടിമാലിന്ന് ഒരച്ചൻ വന്നു പള്ളി വെഞ്ചിരിച്ചു. പിന്നെ വല്ല മരണവുമുണ്ടെൽ അച്ചൻ വരും. വന്നാലും അവർക്ക് താമസിക്കാനൊക്കെ എവിടെയാ സൗകര്യം.

71 ലെ മഴക്കാലത്താണ് ഫാദർ മത്തായി മുണ്ടപ്ലാവൻ വികാരിയായി വന്നത്. രാത്രി എട്ടൊമ്പതു മണിയായപ്പോളാ ചൂട്ടും കത്തിച്ച അച്ചൻ വന്നത് . കയ്യിൽ ഒരു ബാഗ് ഉണ്ട് കാലൻ കുടയും.ചെരുപ്പൊന്നും ഇല്ല. ഞാൻ അച്ചനെ പള്ളികൊണ്ടാക്കി ഒരു കരിമ്പടം പുതക്കാനും കൊടുത്തു.

ആളേക്കുറിച്ച് നേരത്തേ കേട്ടിട്ടുണ്ട്. താടിയും മുടിയുമൊക്കെയുണ്ട്. കണ്ടാൽ ഈശോയെപ്പോലെ ഇരിക്കും. ഈശോ അച്ചൻ എന്നായിരുന്നു അന്നേ വിളിപ്പേര്. അന്ന് അച്ചന് ഒരു അറുപത്തഞ്ച് വയസ് കാണും. വലിയ സിദ്ധിയുള്ള അച്ചനാണെന്നാ കേൾവി. ഒരുവിധപ്പെട്ട ചെകുത്താൻമാരൊക്കെ അച്ചനെക്കണ്ടാൽ മാറിക്കളയുമത്രെ. മുൻപിരുന്ന സ്ഥലത്തെ പള്ളിക്കൂടത്തിൽ ഏതോ വല്യ വീട്ടിലെ കൊച്ചിനെ ടീച്ചറാക്കി. അതിന് ബിഷപ്പിനോടെന്തിനോ തെറ്റിയതിനാണ് അച്ചനെ ചട്ടിക്കുഴിക്ക് തട്ടിയത്. അല്ലെങ്കിലും കർത്താവിന്റെ ദാസൻമാർക്കെന്തിനാ കാറും കാശും. പ്രത്യേകിച്ച് ഈശോ അച്ചന്. കാടും മലയുമൊക്കെ കർത്താവിന്റെ വരദാനമാണ് , ആവശ്യമില്ലാതെ നശിപ്പിക്കരുതെന്നൊക്കെ ഞായറാഴ്‌ച പ്രസംഗിക്കും.

അച്ചൻ വന്നതോടെ നമ്മൾ ഉഷാറായി. എല്ലാരുംകൂടെ കുറച്ചു സാധനങ്ങൾ പിരിവിട്ടു. അച്ചനു ഡീസന്റായി താമസിക്കണ്ടേ. അത്യാവശ്യം വാറ്റ് ഒക്കെ രഹസ്യമായി നടത്തേണ്ട നിലയായി. കുഴപ്പം ഒപ്പിക്കുന്നവരെ അച്ചൻ രഹസ്യമായി ഉപദേശിക്കും. മയും പുവുമൊക്കെ അങ്ങേർക്ക് നല്ലോണം അറിയാമെന്നാ ഇങ്ങനെ ഉപദേശം മേടിച്ചിട്ടുളളൂവർ പറഞ്ഞു കേട്ടിരിക്കുന്നത്.
അക്കാലത്തു ഞാനായിരുന്നു കൈക്കാരനും പാർട്ട് ടൈം കപ്യാരും.

പള്ളിയുടെ പറമ്പിൽ അച്ചൻ തന്നെ കൃഷിയിറക്കി. നല്ല അദ്വാനി യായിരുന്നു അച്ചൻ . അക്കൊല്ലം മുളകിന് നല്ല വില വന്നു. പള്ളിയൊക്കെ ഒന്ന് നന്നാക്കണം എന്ന് ഇടവകക്കാർക്ക് തോന്നി. അച്ചൻ പറഞ്ഞു ” പള്ളിയല്ലടാ പള്ളിക്കൂടമാ വേണ്ടത് ”

അങ്ങനെയിരിക്കെ ഒരു ദിവസം അച്ചൻ എന്നേയും അവറാച്ചനേം പള്ളിലോട്ട് വിളിച്ചു.

“എടാ പുതിയ സ്കൂൾ സർക്കാർ അനുവദിക്കുന്നുണ്ട് . നമുക്ക് ഒന്ന് കോതമംഗലം വരെ പോകണം. മെത്രാനച്ചനെക്കൊണ്ട് സർക്കാരിൽ ഒരപേക്ഷ കൊടുപ്പിക്കണം. മുഹമ്മദ് കോയേടെ സെക്രട്ടറി എന്റെ പരിചയക്കാരനാ. അരമനേന്ന് അനുവാദം കിട്ടിയാൽ തിരുവനന്തപുരത്ത് കാര്യം നമുക്ക് ശരിയാക്കാം. “

പിറ്റേന്ന് കാലത്തെ ഞങ്ങൾ കോതമംഗലത്തിന് വിട്ടു. ഞാനും അവറാച്ചനും കൂടിയാണ് ബിഷപ്പിനെക്കണ്ടത്. അച്ചൻ കയറീല്ല.

“അവിടെയൊക്കെ സാറൻമാരെ കിട്ടുമോ ?”

“അനുവാദം തന്നാൽ മതി.”

വൈകിട്ടായിട്ടും അപേക്ഷ ഒപ്പിട്ടു കിട്ടിയില്ല. ഞാനും അവറാച്ചനും കൂടി കുശിനിക്കാരുടെ കൂടെ കിടന്നു. അച്ചന് വേറെ റൂം കിട്ടി.

പിറ്റേന്ന് രാവിലെ കുർബാന കഴിഞ്ഞ ഞങ്ങൾ സെക്രട്ടറിയച്ചനെ കണ്ടു.

“പിതാവ് ഒപ്പിടുമെന്ന് തോന്നുന്നില്ല. അവിടെയൊക്കെ വരാൻ ആളെക്കിട്ടുമോ ? താഴെയെങ്ങാനുമാണ് സ്കൂളെങ്കിൽ പള്ളിക്കിച്ചരെ പൈസാ കിട്ടുമെന്നാ പറഞ്ഞെ “

ഞങ്ങൾ രണ്ടാമതും മെത്രാനെക്കാണാൻ കയറി .ഇത്തവണ അച്ചനും വന്നു.

“പിതാവെ, പാവങ്ങളാ. പത്തക്ഷരം പഠിച്ചാൽ നന്നാകും “

“ഇപ്പം പറ്റുകേല. എനിക്ക് 11 മണിക്ക് തൊടുപുഴ ഒരു സ്വർണ്ണക്കട വെഞ്ചിരിക്കാനുള്ളതാ. പോകാറായി. “

ഈശോ അച്ചൻ ബിഷപ്പിനെ ഒന്ന് നോക്കി. എനിക്ക് അപ്പോൾ കർത്താവ് യറുസലേം ദേവാലയത്തിൽ കയറിയ സീൻ ഓർമ്മ വന്നു. അടിപൊട്ടുമെന്ന് തോന്നി. പക്ഷെ പെട്ടെന്ന് ഈശോ അച്ചൻ ശാന്തനായി. ബിഷപ്പിന് സ്തുതി ചൊല്ലി. ഞാനും അവറാച്ചനും വിഷണ്ണരായി പുറത്തു .

കുറേക്കഴിഞ്ഞ് ബിഷപ്പ് ഇറങ്ങി വന്നു കാറിൽ കയറി. കാർ അനങ്ങുന്നില്ല. ഡ്രൈവർ ബോണറ്റ് തുറന്നടച്ചു. ഡ്രൈവർ ഞങ്ങളോട് തള്ളാൻ പറഞ്ഞു. ഞങ്ങൾ തള്ളി. വിശ്വസികളല്ലേ തള്ളാതിരിക്കാൻ പറ്റുമോ? പക്ഷെ വണ്ടി അനങ്ങുന്നില്ല.

ഞാൻ നോക്കിയപ്പം ഈശോ അച്ചൻ കാറിനേ നോക്കി പുഞ്ചിരിച്ചോണ്ട് വരാന്തേൽ നിൽക്കുന്നു. പത്ത് പതിനഞ്ച് മിനിട്ട് കാറിൽ തട്ടുമുട്ടുകഴിഞ്ഞപ്പോൾ ബിഷപ്പ് വിയർത്തൊലിച്ച് കാറിൽ നിന്നിറങ്ങി. നേരേ ഓഫീസിലോട്ട് കേറി. ഈശോ അച്ചൻ വീണ്ടും പുഞ്ചിരിച്ചു.

കുറച്ച് കഴിഞ്ഞപ്പം സെക്രട്ടറി അച്ചൻ എന്നെ വിളിച്ചു.

“ദാ നിങ്ങടെ അപേക്ഷ ഒപ്പിട്ടിട്ടുണ്ട് . തിരുവിന്തപുരത്ത് കൊണ്ടുപോയിക്കൊട് . പിതാവിനെ വിടാൻ ആ ഈശോയോട് പറ. ആ ഈപ്പച്ചൻ ഒരു സ്വർണ്ണക്കുരിശ് നേർന്നിരിക്കുന്നതാ, പിതാവിന് സമയത്ത് തൊടുപുഴ എത്തണം”

പെട്ടെന്ന് പുറത്തു നിന്ന് കാറിന്റെ ഇരമ്പൽ കേട്ടു . അന്നു രാത്രി ഞങ്ങൾ തിരുവനന്തപുരത്തിന് വണ്ടി കയറി.

ഇന്നലെ ചട്ടിക്കുഴി സെന്റ് ആന്റണീസ് സ്കൂളിന്റെ നാൽപ്പതാം വാർഷികമായിരുന്നു. ഫാദർ മാത്യു മുണ്ടപ്ലാവൻ സ്മാരക ബ്ലോക് പുതിയ ബിഷപ്പാണ് വെഞ്ചിരിച്ചത്. എന്റെ ഇളയ മകനാ സ്പോൺസർ ചെയ്തത്. അവനങ്ങ് അമേരിക്കേലാ. അവനുമാത്രം ഇന്നലെ വരാൻ പറ്റീല്ല. ബാക്കി ഒൻപതെണ്ണോം വന്നിരുന്നു. സ്വന്തം പള്ളിക്കൂടമല്ലേ വരാതിരിക്കാൻ പറ്റുമോ?

കർത്താവിന്റെ ഓരോ കളികളേ.

Leave a Reply

Your email address will not be published. Required fields are marked *