ഈ ചോദ്യവുമായി പലരും എന്നെ സമീപിക്കാറുണ്ട്. ഒറ്റയടിക്ക് ഉത്തരം പറയാൻ വിഷമമാണ്. ഒരുത്തരത്തിലേക്ക് സ്വയം എത്തിച്ചേരാൻ ചില വഴികൾ പറയാം.
കണക്ക് ഫിസിക്സ് കെമിസ്ട്രി എന്നീ വിഷയങ്ങളെടുത്ത് പന്ത്രണ്ടാം ക്ലാസ് പാസായവരെയാണ് എൻജിനിയറിംഗ് കോളേജുകളിൽ പ്രവേശിപ്പിക്കുന്നത്. ഈ വിഷയങ്ങളിൽ മിനിമം മാർക്ക് വേണം എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഈ മിനിമം ഉള്ളവർക്ക് വർഷാവർഷം നടത്തുന്ന എൻട്രൻസ് പരീക്ഷ എഴുതാം. ഇതിൽ കിട്ടുന്ന റാങ്കനുസരിച്ചാണ് പ്രവേശനം.
കേരളത്തിലെ എല്ലാ കോളേജുകളിലും ഒരേ പഠനരീതിയാണ് നിലവിലുള്ളത്. എ പി ജെ അബ്ദുൾ കലാം കേരള ടെക്നോളജിക്കൽ യൂണിവേർസിറ്റിയാണ് കേരളത്തിൽ എൻജിനിയറിംഗ് ബിരുദ പരീക്ഷകൾ നടത്തുന്നത്
ഈ വർഷത്തെ പ്രവേശന പരീക്ഷഫലം വന്നു കഴിഞ്ഞു. റാങ്ക് ലിസ്റ്റ് വന്നാൽ ഉടൻ അഡ്മിഷൻ നടപടികൾ തുടങ്ങും.( ഓഗസ്റ്റ് ആദ്യവാരം ക്ലാസുകൾ തുടങ്ങും. )
ഇന്ത്യയിലെഎൻജിനിയറിംഗ് പഠനരീതി 1960 കളിലേതാണെന്ന് പറയാം. അക്കാലത്ത് ഇന്ത്യയിൽ വലിയ ഡാമുകൾ പാലങ്ങൾ ഫാക്ടറികൾ എന്നിവ നിർമ്മിച്ചു. ഈ പ്രവർത്തനങ്ങൾക്ക് വേണ്ട എൻട്രി ലെവൽ എക്സിക്യട്ടവുകളെ വാർത്തെടുക്കാനുള്ള പഠനരീതി എൻജിനിയറിംഗ് കോളേജുകളിൽ ആവിഷകരിച്ചു. അതു തന്നെ ഇപ്പോഴും തുടരുന്നു. പoന കാലാവധി 4 വർഷമാണ്. 6 മാസം വീതമുള്ള 8 സെമസ്റ്ററായി ഇതിനെതിരിച്ചിരിക്കുന്നു. ഓരോ സെമസ്റ്ററിലും പരീക്ഷയുണ്ട്.
നാലു വർഷത്തെ പഠനത്തിൽ ഒന്നാം വർഷം പൊതു എൻജിനിയറിംഗ് വിഷയങ്ങൾ പഠിപ്പിക്കും. രണ്ടും മൂന്നും വർഷങ്ങളിൽ തിരഞ്ഞെടുത്ത മേഖലയിലെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കും. അവസാന വർഷം ആദ്യ മൂന്നു വർഷത്തെ കാര്യങ്ങൾ പ്രായോഗികമായി ചെയ്യാനും ഉന്നത പഠനത്തിനുള്ള വിഷയങ്ങൾക്കുമാണ് പ്രാധാന്യം.
കേരളത്തിൽ ഇപ്പോൾ നൂറ്റി അൻപതോളം കോളേജുകളിലായി മുപ്പതോളം ബ്രാഞ്ചുകളിൽ കുട്ടികൾ എൻ ജി നിയറിംഗ് പoനം നടത്തുന്നുണ്ട്.
പുതിയ ബ്രാഞ്ചുകളും സ്പെഷലൈസേഷനുകളും വന്നെങ്കിലും അവയിൽ പോലും പഴയ പാഠ്യരീതി തന്നെയാണ്
ഇപ്പോഴും തുടരുന്നത്.
നല്ല നിലയിൽ എൻജിനിയറിംഗ് പഠിച്ചിറങ്ങുന്ന മിടുക്കൻമാർക്ക് ജോലി കോളജ് വിടുന്നതിന് മുൻപ് തന്നെ കിട്ടാൻ സാധ്യതയുണ്ട് . ഐ ടി അനുബന്ധ കമ്പനികളായിരുന്നു മുൻ വർഷങ്ങളിൽ വൻതോതിൽ കാമ്പസ് റിക്രുട്ട് മെന്റ് നടത്തിയിരുന്നത്. ഈ മേഖലയിൽ സമീപകാലത്തുണ്ടായ പ്രശ്നങ്ങൾ മൂലം കാമ്പസ് റിക്രൂട്ട്മെന്റ് കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇപ്പോഴും ഐടി കമ്പനികൾ ആളെ എടുക്കുന്നുണ്ട് . ചെറുകിട കമ്പനികൾ പലപ്പോഴും നല്ല എൻജിനിയർമാര കിട്ടാനില്ല എന്ന് പരാതിപ്പെടാറുമുണ്ട്.
അവസരങ്ങളുടെ എണ്ണം കുറയുമ്പോൾ പഠന മികവില്ലാത്തവരുടെ സാധ്യതകൾ കുറയും. നാലു വർഷത്തെ എൻജിനിയറിംഗ് പഠനത്തെ ഗൗരവപൂർവം സമീപിച്ചാൽ ജോലി അത്ര വലിയ പ്രശ്നമാകില്ല. കഴിഞ്ഞ ഒന്നു രണ്ട് വർഷങ്ങളായി മിടുക്കൻമാരായ കുട്ടികൾ പലരും എൻജിനിയറിംഗ് കഴിഞ്ഞൊൽ ജോലി കിട്ടില്ല എന്ന് ധരിച്ച് സയൻസ് ഹ്യുമാനിറ്റിസ് വിഷയങ്ങൾ പഠിക്കാൻ പോകുന്നത് കാണുന്നു. പക്ഷെ ഇപ്പോഴും തൊഴിൽ സാധ്യത എൻജിനിയറിംഗിന് തന്നെയാണ് കൂടുതൽ
എവിടെക്ക് തിരിയണം എന്ന് വിഷമിച്ച് നിൽക്കുന്ന ഈ സമയത്ത് എൻജിനിയറിംഗിന് ചേരാൻ താൽപര്യമുള്ള വിദ്യാർത്ഥിയും രക്ഷിതാവും ഒരു സ്വയം വിലയിരുത്തൽ നടത്തണം.
ഇതിനായി താഴെപ്പറയുന്ന കാര്യങ്ങൾ പരിശോധിക്കാം. എന്നിട്ട് തീരുമാനത്തിലെത്താം.
1, എൻജിനിയറിംഗ് വിദ്യാഭ്യാസ പദ്ധതിയിൽ ഗണിതത്തിന് വളരെ പ്രാമുഖ്യമുണ്ട്. അതിനാൽ +2 തലത്തിലെ ഗണിതത്തിൽ നല്ല ഗ്രാഹ്യമുണ്ടോ.? കാൽകുലസ് ട്രിഗ്ണോമെട്രി, കോർഡിനേറ്റ് ജോമെട്രി എന്നിവയിൽ സാമാന്യ ധാരണയില്ലെങ്കിൽ എൻജിനിയറിംഗ് ഒരു ശ്രമത്തിൽ പാസാകില്ല.
+2 വിന് കണക്കിൽ 45% മാർക്ക് ഇല്ലാത്തവരെ തമിഴ്നാട്ടിൽ ചേർക്കും എന്ന് പരസ്യം വരും.. ഈ സ്കീമിൽ പോകാതിരിക്കുകയാണ് നല്ലത്.
നമ്മുടെ പ്ലസ് 2 പഠന രീതി അത്ര മികച്ചതല്ല. കാര്യങ്ങൾ മനസ്സിലാക്കുന്നതിനേക്കാൾ മുൻഗണന മാർക്ക് നേടുന്നതിലാണ്.
കണക്ക് നാലാം വിഷയമായി +2 വിന് പഠിച്ചിരുന്നവർ പലപ്പോഴും എൻജിനിയറിംഗ് ക്ലാസുകളിൽ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. ഇതിന് കാരണം കണക്ക് സീരിയസായി പഠിക്കാത്തത് തന്നെയാണ്. (ഇത്തരക്കാർക്ക് എൻജിനിയറിംഗ് ചേരാൻ ഉദ്ദേശമുണ്ടെങ്കിൽ ഇപ്പോൾത്തന്നെ കണക്ക് പഠിച്ച് തുടങ്ങുന്നത് നന്നായിരിക്കും. മേൽപറഞ്ഞ ടോപ്പിക്കുകൾ പരീക്ഷാ പേടിയില്ലാതെ നെറ്റിൽ നിന്ന് പഠിച്ച് തുടങ്ങാം. ധാരാളം മൂക്ക്കൾ (MOOC) കൾ ലഭ്യമാണ്. ചിലത് പിന്നീട് ഒരു ചെറു കുറിപ്പ് ഇടാം )
2. നിങ്ങൾക്ക് സ്വയം കാര്യങ്ങൾ ഗ്രഹിക്കുന്നതിനും പഠിക്കുന്നതിനും കഴിവുണ്ടോ ? എൻജിനിയറിംഗ് വിഷയങ്ങൾ മലയാള പദ്യങ്ങൾ പോലെ കാണാപ്പാഠം പഠിക്കാനുള്ളതല്ല. പലപ്പോഴും മൊത്തം സിലബസിന്റെ മുക്കാൽ പങ്കേ ക്ലാസിൽ പഠിപ്പിക്കു. ബാക്കി വിദ്യ സ്വയം ആർജിക്കണം. അല്ലെങ്കിൽ മധ്യ തിരുവിതാം കൂറിൽ ഒരിടത്ത് പണ്ട് നടത്തിയിരുന്നപോലത്തെ ഏതെങ്കിലും കോളേജ് ജയിലിൽ ചേരണം. ഇങ്ങനെ ജയിൽ ചപ്പാത്തി കഴിച്ച് പരീക്ഷ ജയിക്കുന്നവർ റിക്രൂട്ട്മെന്റ് സമയത്ത് പൊതുവെ പിൻതള്ളപ്പെടാറുണ്ട്. ഭാവി കരിയറിൽ സ്വയം പഠിക്കാനും പ്രയോഗിക്കാനും ധാരാളം അവസരങ്ങൾ വരും. അപ്പോഴൊന്നും ട്യൂഷൻ മാസ്റ്റെറെ കിട്ടില്ല. സ്വയം .പണിയെടുക്കേണ്ടി വരും.
3 കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാമോ? കമ്പ്യൂട്ടർഗെയിം കളിക്കാനല്ല, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അറിയാമോ എന്നാണ് ചോദ്യം. +2 വിന് കമ്പ്യൂട്ടർ പഠിച്ചിട്ടുള്ളവർ ബി ടെക് കഴിഞ്ഞ് ജോലി കിട്ടുന്ന കാര്യത്തിൽ ഒരു പടി മുമ്പിൽ നിൽക്കുന്നതായി കണ്ടിട്ടുണ്ട്.
എല്ലാ എൻജിനിയറിംഗ് ബ്രാഞ്ചുകൾക്കും കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ആവശ്യമാണ്. പലപ്പോഴും ഇതു കോളേജിൽ പഠിപ്പിക്കുന്നത്, നിങ്ങൾ + 2വിന് കുറെ പഠിച്ചിട്ടുണ്ടാകും എന്ന മുൻ ധാരണയിലാണ്.
നിത്യജീവിതത്തിൽ കമ്പ്യൂട്ടറുകൾ ഒരവശ്യ വസ്തുവാണ്.
നിങ്ങൾ എൻജിനിയറിംഗ് ന് ചേരാൻ തീരുമാനിച്ചാൽ അത്യാവശ്യമായി കമ്പ്യൂട്ടർ പഠിക്കണം. വേർഡ് പ്രോസസിംഗ്, സ്പ്രെഡ്ഷീറ്റ് എന്നിവ ചേരുന്നതിന് മുൻപേ പഠിച്ചാൽ നന്ന്. പൈത്തൺ പ്രോഗ്രാമിംഗ് നിർബന്ധമായും അറിഞ്ഞിരിക്കണം.
4 ഇംഗ്ലീഷ് വൃത്തിയായി എഴുതാനും സംസാരിക്കാനും അറിയാമോ ?ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സാമാന്യ ധാരണയുണ്ടോ? എൻജിനിയറിംഗ് കഴിഞ്ഞവർക്ക് പല തലത്തിലും ജോലി സാധ്യതയുണ്ട്’ എവിടെ പോയാലും ഇംഗ്ലീഷ് അത്യാവശ്യമാണ്. എൻജിനിയറിംഗ് കോളേജിൽ ആരും നിങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കില്ല. ഇംഗ്ലീഷ് അറിയാമോ എന്നതിന് ഉത്തരമായി ഇഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചതെന്നു പറയരുത്. ഹിന്ദു പത്രത്തിലെ ഒരു വാർത്ത വായിച്ച് കാര്യം മനസ്സിലാക്കാൻ പറ്റുമോ ? ഇംഗ്ലിഷിൽ എഴുതിയിരിക്കുന്ന ഒരു മാനുവൽ വായിച്ച് ഒരു വാഷിംഗ് മെഷിന്റെ എല്ലാ ഓപ്ഷനുകളും പ്രവർത്തിപ്പിക്കാൻ പറ്റുമോ ? എങ്കിൽ നിങ്ങൾ ഒരു പടി മുന്നിലാണ്.
മനസിലുള്ള ആശയം വ്യക്തമായി എഴുത്തിലൂടേയും സംസാരത്തിലൂടെയും പ്രകടിപ്പിക്കാനായാൽ നിങ്ങളുടെ എൻജിനിയറിംഗ് കരിയർ പകുതി വിജയിച്ചു എന്ന് പറയാം.
5 നിങ്ങൾക്ക് എൻജിനിയറിംഗിന് ചേരാനുള്ള സാമ്പത്തിക ശേഷിയുണ്ടോ? പഠനം അത്യാവശ്യം പണച്ചിലവുള്ള ഏർപ്പാടാണ്. ഫിസ്, പുസ്തകങ്ങൾ മറ്റനുബന്ധ ചിലവുകൾ എന്നിയ്ക്കു പണം വേണം. നിങ്ങൾ എവിടെയാണ് ചെരുന്നതെന്നതു സരിച്ച് അവശ്യമായ പണത്തിന്റെ അളവ് മാറും. ഇതിനേക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണം. ഗവർമെന്റ് നിയന്ത്രണത്തിലുള്ള കോളേജുകളിൽ ചിലവ് പൊതുവെ കുറവായിരിക്കും.
പഠിച്ച് ജോലി നേടി പണം തിരിച്ചടക്കാം എന്ന ആത്മവിശ്വാസമുണ്ടെങ്കിലേ ലോണെടുത്ത് പഠിക്കാവു. കഴിവതും സ്വകാര്യ സ്വാശ്രയ ത്തിൽ ലോണെടുത്ത് പഠിക്കരുത്. നിങ്ങൾ പാസാകുന്ന സമയത്ത് അധികാരത്തിലിരിക്കുന്ന ഗവർമെന്റ് ലോൺ എഴുതിത്തള്ളും എന്ന് പ്രതീക്ഷിക്കരുത്.
6 നിങ്ങൾക്ക് ഷോർട്ട് ഫിലിം, ഡാൻസ്,കളരിപ്പയറ്റ് പാട്ട്, രാഷ്ട്രീയംഎന്നിവയിലൊക്കെയാണ് താൽപര്യമെങ്കിൽ ആ വിഷയം പഠിക്കു. ഇക്കാലത്ത് എല്ലാവർക്കും അവസരങ്ങളുണ്ട്. വെറുതെ എൻജിനിയറിംഗ് എടുത്ത് സമയം പാഴാക്കരുത്. സിനിമയിൽ കാണുന്നതുപോലെയല്ല കോളേജ് പ്രവർത്തിക്കുന്നത്. കോളേജിൽ അടിച്ച് പൊളിക്കാം അവസാന ദിവസം പഠിച്ച് പാസാകാം എന്ന് കരുതരുത്.
7 നിങ്ങൾ ഒരു ഓൾറൗണ്ടറാണോ? അത്യാവശ്യം വീട്ടുജോലി, തട്ടുമുട്ട് പണികൾ, എന്നിവയറിയാമോ? വീട്ടിലെ പൈപ്പ് ലീക്കായാൽ നന്നാക്കാൻ നോക്കിയിട്ടു ണ്ടോ ? ഫ്യൂസായ ട്യൂബ് മാറ്റിയിടാനറിയാമോ ? ആരെങ്കിലും ചെറിയ ഒരു ജോലി എൽപിച്ചാൽമടികൂടാതെ ചെയ്യുമോ? നാട്ടുകാരെ കുപ്പീലിറക്കാൻ അത്യാവശ്യം കഴിവുണ്ടോ? എങ്കിൽ നിങ്ങൾ എൻജിനിയറിംഗ് രംഗത്ത് ശോഭിക്കാൻ സാധ്യത കൂടുതലാണ്.
8 എൻജിനിയറിംഗ് വിദ്യാഭ്യാസം ലോക തൊഴിൽ മാർക്കറ്റിലേക്കുള്ള ഒരു ചവിട്ടു പടി മാത്രമാണ്. നിങ്ങൾ ബാംഗ്ലൂരൊ ബോംബെയിലെ ജോലി എടുക്കാൻ തയ്യാറാണോ? അതിന് നിങ്ങളെ ( പ്രത്യേകിച്ച് പെൺകുട്ടികളെ) വീട്ടുകാർ അനുവദിക്കുമോ? കിട്ടുന്ന ഏതു ജോലിയുംചെയ്യാൻ തയ്യാറാണോ ? ആരെങ്കിലും ഒരാൾ ദേഷ്യപ്പെട്ടാൽ, മുഖം കറുപ്പിച്ചാൽ നിങ്ങൾ കണ്ടില്ലെന്ന് നടിക്കുമോ ? അതോ വഴക്കിടാൻ നോക്കുമോ ? തൊഴിലിടങ്ങളിൽ പലപ്പോഴും ഇത്തരം സാഹചര്യമുണ്ടാകും. സമചിത്തതയോടെ കാര്യങ്ങൾ നടത്താൻ കഴിവുണ്ടോ എങ്കിൽ വിജയം എളുപ്പമാണ്.
9. നല്ല നിലയിൽ എൻജിനിയറിംഗ് പാസാകാൻ ഐൻസ്റ്റിന്റെ പോലെയുള്ള ഐക്യ ഒന്നും വേണമെന്നില്ല. എങ്കിലും ചുറ്റും കാണുന്ന കാര്യങ്ങളിൽ നിന്ന് പഠിക്കാനും നിഗമനങ്ങളിൽ എത്താനും നിങ്ങൾക്ക് കഴിവുണ്ടാകണം. പഠിക്കുന്ന വിഷയത്തോട് താൽപര്യം ഉണ്ടാക്കി എടുക്കണം.
10 നാലു വർഷം നിണ്ട ഒരു കാലയളവാണ്. നിങ്ങൾ ഇത്രയും കാലം കൺ സിസ്റ്റന്റായി പഠിക്കേണ്ടി വരും. ഇതിൽ പഠനത്തോടുള്ള/ പഠിക്കുന്ന വിഷയത്തോടുള്ള ആറ്റിറ്റ്യഡ് വളരെ പ്രധാനമാണ്. ഈ വർഷം അടിച്ചു പൊളിച്ചിട്ട് അടുത്ത വർഷം പഠിക്കാം എന്നു വിചാരിക്കുന്നവർ വെള്ളത്തിലാകും. പഠനം തുടങ്ങുമ്പോൾത്തന്നെ വ്യക്തമായ ലക്ഷ്യബോധം ഉണ്ടാകണം . ജോലി താനെകിട്ടിക്കോളും.