എല്ലാ വര്‍ഷവും ജൂണ്‍ – ജൂലൈ മാസങ്ങളില്‍ ഈ ചോദ്യം നേരിടേണ്ടി വരാറുണ്ട്.
ഒരു സാമ്പിൾ സംഭാഷണം ഇങ്ങനെയാണ്.
രക്ഷകർത്താവ് “ഈ വര്‍ഷം എല്ലാവരും കമ്പ്യൂട്ടറാണല്ലോ എടുക്കുന്നത്? സിവിലാണോ കമ്പ്യൂട്ടറാണോ നല്ലത്? ”
ലെ ഞാൻ ” എനിക്കു ജോത്സ്യം വശമില്ല. നിങ്ങള്‍ കോട്ടുകാല്‍ രാമകൃഷ്ണനോടോ മറ്റോ ചോദിക്കുന്നതാകും നല്ലത്. ”
“ങെ”
” ഈ വര്‍ഷം എന്‍ജിനിയറിംഗിന് ചേരുന്ന ഒരു കുട്ടി 2022 ലാകും പഠനം കഴിഞ്ഞ് പുറത്തിറങ്ങുക. ആ സമയത്തെ ലോകക്രമമെന്താണെന്നോ, ഇന്ത്യയുടെ സാമ്പത്തിക നില എങ്ങിനെയെന്നോ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇമ്മിഗ്രേഷന്‍ പോളിസി എന്താണെന്നോ ഗണിച്ച് പറയാന്‍ എനിക്കാവില്ല. അതു കൊണ്ട് നിങ്ങൾ ഒരു റിസ്ക് എടുക്കണ്ട. ജോൽസ്യനാണ് ബെസ്റ്റ് ”
കാര്യങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാന്‍ താല്‍പര്യമുള്ള വര്‍ക്കായി കുറെക്കൂടെ വിശദമായ മറുപടി പലപ്പോഴും പറയാറുണ്ട്. കേള്‍ക്കുന്നവര്‍ ചുരുക്കമാണെങ്കിലും.
ഈ ചോദ്യം ഉന്നയിക്കുന്നവരോട് ഞാനിങ്ങനെ ഒരു മറുചോദ്യമാണ് ആദ്യം ഉന്നയിക്കുക. (സംഗതി അല്‍പം പൊങ്ങച്ചമാണ്. തള്ളൽ ഒരു ചെറിയ രോഗമല്ല. ) ഞാന്‍ BTech ന് ഇലക്ട്രോണിക്സാണ് പഠിച്ചത്. MTechന് കമ്പ്യൂട്ടര്‍ സയന്‍സും. എന്റെ PhD ബോംബൈ IIT യിലെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍നിന്നും. എന്റെ ബ്രാഞ്ചേതാണ്? അതായത് ഉത്തമാ ബ്രാഞ്ച് ഏതായാലും ഈ ബീ ടെക് എന്നത് വലിയ ഒരു ലോകത്തേക്കുള്ള വാതായനമാണ്. എൻജിനിയറിംഗിലും ശാസ്ത്രത്തിലും താൽപര്യമുണ്ടെങ്കിൽ വിജയത്തിന് നിരവധി അവസരങ്ങൾ ഉണ്ട്. മിക്കവാറും ആളുകള്‍ ഇതോടെ മതിയാക്കി ടി വി ചാനലിലെ കരിയര്‍ ഗൈഡന്‍സ് എടുക്കും.
ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. കേരള സര്‍ക്കാരിന്റെ പ്രോസ്പക്ടസ് പ്രകാരം ഈ വര്‍ഷം 31 എന്‍ജിനിയറിംഗ് ബ്രാഞ്ചുകളിലേക്കാണ് അഡ്മിഷന്‍. ഞെട്ടരുത്. പ്രോസ്പക്ടസിലെ പേജ് താഴെയുണ്ട്. കുട്ടികളും മാതാപിതാക്കളും വട്ടം കറങ്ങിയില്ലെങ്കിലേ അൽഭുതമുള്ളു.
എന്റെ അഭിപ്രായത്തില്‍ എന്‍ജിനിയറിംഗ് മൂന്നര ബ്രാഞ്ചുകളേയുള്ളു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പിന്നെ കമ്പ്യൂട്ടര്‍ സയന്‍സെന്ന അരബ്രാഞ്ചും. ബാക്കിയുള്ള ബ്രാഞ്ച് മിക്കതും. ഇവയെല്ലാം തന്നെ ഫിസിക്സ് കെമിസ്ട്രി ഗണിതം എന്നി അടിസ്ഥാന ശാസ്ത്ര ശാഖകളുടെ എക്സ്റ്റൻഷനാണ്.
കേൾക്കാൻ സുഖമുള്ള പേരിട്ട് ബ്രാഞ്ചുകൾ തുടങ്ങുന്നത് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാണ്. മെക്കാനിക്കൽ (പ്രൊഡക്ഷൻ), പ്രൊഡക്ഷൻ (മെക്കാനിക്കലും) തമ്മിലുള്ള വ്യത്യാസം എനിക്ക് പിടി കിട്ടിയിട്ടില്ല. ഇത് പലതും പണ്ടുകാലത്ത് ഗവർമെൻറ് കോളേജ് അധ്യാപകര്‍ക്ക് പ്രൊഫസറാകാനും വീട്ടിനടുത്തിരിക്കാനും പ്രമോഷൻ മേടിക്കാനും വേണ്ടി തട്ടിക്കൂട്ടിയതാണ്. സെൽഫി കോളേജ് ഇതിൽ പലതുമെടുത്ത് കാശാക്കാൻ നോക്കുന്നുമുണ്ട്.
ഇതിനിടെ ചാനലിലും പത്രത്തിലും ചില വേന്ദ്രൻമാർ ഈവർഷം ഫോറൻസിക് സയൻസാണ് മെച്ചം, ഇലക്ട്രോണിക്സിന് മണമില്ല എന്നിങ്ങനെ തള്ളുന്നുമുണ്ട്. അതു കൊണ്ട് എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കുമ്പോൾ ചില മുൻ ധാരണകളുണ്ടാവുന്നത് നല്ലതാണ്.
ഇനി ഞാൻ മുകളിൽ പറഞ്ഞ ബ്രാഞ്ചുകളില്‍ എന്താണു പഠിപ്പിക്കുന്നതെന്നും, അവയ്ക്കുള്ള സാധ്യതകളെന്തെന്നും നോക്കാം. ഈ പറയുന്നതൊക്കെ ഇപ്പോഴത്തെ സ്ഥിതിയാണ്. നാലു കൊല്ലം കഴിയുമ്പോള്‍ എന്താകുമെന്ന് ഡിങ്കനു മാത്രമറിയാം.
1.സിവില്‍ എന്‍ജിനിയറിംഗ്
മനുഷ്യല്‍ പ്രകൃതിയോട് മല്ലിട്ട് ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അവന്റെ നിലനില്‍പ്പിനായി പലവിധ സൂത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. സുഖജീവിതത്തിനു വേണ്ട ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് പലതരം അറിവുകളും ശേഖരിക്കുകയും പിന്‍തലമുറക്കു കൈമാറുകയും ചെയ്തിട്ടുണ്ട്.സിവില്‍ എന്‍ജിനിയറിംഗ് വിദ്യകള്‍ ഇങ്ങനെ നമുക്ക് പൈതൃകമായി ലഭിച്ചിട്ടുണ്ട്. മനുഷ്യനാവശ്യമായ പാര്‍പ്പിടം, റോഡുകള്‍, ജലവിതരണം, റെയില്‍വേ, ഓയില്‍, പൈപ്പ് ലൈന്‍, ഗതാഗതസംവിധാനങ്ങള്‍ എന്നിവ ഒരുക്കന്നതിനുള്ള വിദ്യകളാണ് എഞ്ചിനിയര്‍ സ്വായത്തമാക്കേണ്ടത്. ഇപ്പോഴത്തെ നിലയില്‍ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയെ ആശ്രയിച്ചാണ് ഈ മേഖലയിലെ അവസരങ്ങള്‍ ഇരിക്കുക. കേരളത്തിനുള്ളില്‍ മേല്‍പ്പറഞ്ഞ മേഖലകളില്‍ വലിയ സംരംഭങ്ങള്‍ ഒന്നും തന്നെയില്ലാത്തതിനാല്‍ സിവില്‍ എന്‍ജിനിയര്‍മാര്‍ സാധാരണ ഗള്‍ഫിലേക്കും ഇന്ത്യയിലേതന്നെ മറ്റ് നഗരങ്ങളിലേക്കും ചേക്കേറുകയാണ് പതിവ്. ഈ വര്‍ഷവും അതിന് മാറ്റമൊന്നുമില്ല. ഗള്‍ഫിലൊക്കെയുള്ള അവസരങ്ങളേക്കുറിച്ച് വായനക്കാര്‍ക്ക് കമന്റുകളിടാം. തുടക്കക്കാരന് എത്ര ശമ്പളം കിട്ടും എന്നൊക്കെ പറഞ്ഞാല്‍ നന്ന്. തുടക്കക്കാര്‍ മിക്കവാറും സൈറ്റ് എന്‍ജിനിയറായിട്ടാണ് ജോലിക്ക് കയറുന്നത്. ആദ്യം ജോലിയ്ക്ക് കയറുന്ന സ്ഥാപനം പലപ്പോഴും തുടര്‍ന്നുള്ള കരിയറിനെ സ്വാധീനിക്കും എന്റെ സുഹൃത്ത് രഞ്ചിത് കണ്ണൻകാട്ടിൽ സിവിൽ എൻജിനിയറിംഗിനെ കുറിച്ച് എഴുതിയ കുറിപ്പ് ഈ ലിങ്കിലുണ്ട്.
https://www.facebook.com/ranjithkbb/posts/10209130585130234?hc_location=ufi
2.മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്
യൂറോപ്പിൽ പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ വ്യവസായ വിപ്ലവത്തെത്തുടർന്നാണ് മെക്കാനിക്കൽ എൻജിനിയറിംഗ് ശാഖവികസിച്ചത്. വിവിധ തരം യന്ത്രങ്ങളുടെ പ്രവർത്തനം, അവയുടെ ഡിസൈൻ എന്നിവയിലാണ് ഫോക്കസ് . ഈ ശാഖക്ക് ലോകത്തിലെമ്പാടും നിരവധി സാധ്യതകളുണ്ട്. റെയിൽവെ മുതൽ വിമാനങ്ങളുടെ നിർമ്മിതി വരെ മെക്കാനിക്കൽ എൻജിനിയർമാരാണ് രൂപകൽപന ചെയ്യുന്നത്.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗിന്റെ വകഭേദങ്ങളായി എറോനോട്ടിക്കല്‍ എന്‍ജിനിയറിംഗ്, പ്രോഡ കക്ഷൻ എന്‍ജിനിയറിംഗ്, ഓട്ടോ മൊബൈല്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ പ്രോഡക്ഷന്‍ എന്‍ജിനിയറിംഗ് എന്നിങ്ങനെ പല കോഴ്സുകളും നടപ്പിലുണ്ട്. ഇവയെല്ലാം ഒരേ സാധനം പല കുപ്പിയിലാക്കിയതാണ്. ചിലതൊക്കെ മേമ്പൊടിയിട്ട് വിര്യം കുട്ടിയതാണ്. കഴിയുമെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് എന്നുപേരുള്ള കോഴ്സില്‍ ചേരുക. ( എപ്പോഴെങ്കിലും പി എസ്സി പരീക്ഷക്ക് എഴുതാൻ പറ്റിയാൽ ഉപകരിക്കും )
മെക്കാനിക്കല്‍ എന്‍ജിനിയര്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തേപ്പറ്റിയാണ് പഠിക്കുന്നത് എന്നാണ് വെപ്പ്. പക്ഷെ, മെക്കാനിക്കല്‍ എന്‍ജിനിയര്‍ കമ്പ്യൂട്ടറുകളെക്കുറിച്ചും ഇലക്ട്രിക്കല്‍ മെഷിനുകളേക്കുറിച്ചുമൊക്കെ പഠിക്കുന്നുണ്ട്. അതിനാല്‍ ഒരു മെക്കാനിക്കല്‍ എന്‍ജിനിയറെ ഒരുവിധപ്പെട്ട ജോലികളൊക്കെ ഏല്‍പ്പിക്കാന്‍ സാധിക്കും. ഫാക്ടറികൾ, കപ്പൽ, ഒയിൽ മേഖലയിലേ ജോലികൾ തുടങ്ങി മാർക്കറ്റിംഗ് വരെ നടത്താൻ ഇവർക്കാകും. പലരും എം ബി എ ഒക്കെയെടുത്ത് ഉന്നത ജോലികളിൽ എത്താറുണ്ട്. ബിടെക് കഴിഞ്ഞ ഒരു മെക്കാനിക്കൽ എൻജിനിയർക്ക് കേരളത്തില്‍ തീരെ തോഴില്‍ സാധ്യതയില്ല.( ചുരുക്കം ഐ ടി കമ്പനികളിൽ ഒഴികെ ) മെട്രോ നഗരങ്ങളിലും വിദേശത്തുമാണ് പലര്‍ക്കും ജോലി ലഭിക്കുക. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പഠിച്ചിട്ട് മറ്റു മേഖലകളിലേക്ക് മാറിയ ധാരാളം പേരെ കാണാന്‍ കഴിയും. ഇവിടെയും നിങ്ങളുടെ കഴിവും attitude ഉം പ്രധാനമാണ്. വലിയ ജെൻഡർ ഗ്യാപ് ഈ മേഖലയിലുണ്ട്. ഈ കോഴ്സുകളിൽ പെൺകുട്ടികൾ വിരളമായേ ചേരാറുള്ളു. കാരണമെന്താണെന്ന് കണ്ടു പിടിക്കേണ്ടതുണ്ട്. (വിദേശങ്ങളിലും ഇങ്ങനെയാണോ ?)
3.ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്
വൈദ്യുതി യന്ത്രങ്ങൾ ,അവയുടെ ഡിസൈൻ ,നിയന്ത്രണം, വൈദ്യുതി വിതരണം, ഇലക്ട്രോണിക്സ്, വാർത്താവിതരണ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചൊക്കെ പഠിക്കുന്ന വലിയ ഒരു ശാഖയാണ് ഇലക്ട്രിക്കൽ എൻജിനിയറിംഗ്. മെക്കാനിക്കൽ പോലെ തന്നെ ഈ മേഖലയിൽ കോഴ്സ് പൂർത്തിയാക്കുന്നവർ പലതരം ജോലികളിലേർപ്പെടാറുണ്ട്.
കേരളത്തില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് പലപേരില്‍ പഠിപ്പിക്കുന്നുണ്ട്. താഴത്തെ പടം നോക്കിയാൽ കൂടുതലറിയാം.
കേരളത്തിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ (Ec)
ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് (EE)എന്നീ ബ്രാഞ്ചുകളാണ് പ്രധാനമായും ഈ വിഭാഗത്തിൽ പെടുത്താവുന്നത്. സമീപകാലത്ത് ഏതോ ഒരാൾ ഇവ രണ്ടും കൊണ്ട് കാര്യമില്ലെന്നോ മറ്റോ പത്രത്തിൽ എഴുതി. അതിനു ശേഷം ഈ ബ്രാഞ്ചുകൾക്ക് ഡിമാന്റ് കുറഞ്ഞു. എല്ലാവരും സിവിൽ എൻജിനിയറിംഗ്ന് പിറകെ പായുന്നു.
ഈ ബ്രാഞ്ചുകളില്‍ പഠിക്കുന്നവരെ ധാരാളമായി IT കമ്പനികള്‍ ജോലിക്കൊടുക്കാറുണ്ട്. പ്രത്യേകിച്ചും IOT,embedded systems എന്നിവയിൽ പ്രവർത്തിക്കുന്നവർ ഇവരെയാണ് റിക്രൂട്ട് ചെയ്യാറ് അത്യാവശ്യം കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് അറിയാമെങ്കില്‍ ടെക്നോപാര്‍ക്കിലോ ജോലി കിട്ടിയേക്കാം. ഇൻഫോസിസ് പോലെയുള്ള കമ്പനികൾ ഈ ബ്രാഞ്ചുകാരെ തിരഞ്ഞെടുത്ത് ചെറിയ പരിശീലനത്തിന് ശേഷം സോഫ്റ്റ് വെയർ ഫീൽഡിൽ നിയോഗിക്കാറുണ്ട്. വിദേശത്തും മെട്രോ നഗരങ്ങളിലും പല തരം തൊഴിൽ സാധ്യതകളുണ്ട്.
4.കമ്പ്യൂട്ടര്‍ സയന്‍സ്
ഇത് ഒരു എന്‍ജിനിയറിംഗ് ശാഖയാണോ അതോ ഗണിതശാസ്ത്രത്തിന്റെ വകഭേദമാണോ എന്ന് തര്‍ക്കമുണ്ട്. നിലവില്‍ കോളേജുകളില്‍ പഠിപ്പിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് വളരെ തിയററ്റിക്കലാണ്. കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രിയുള്ള പലര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയില്ല എന്ന സത്യം പറയാതിരിക്കാന്‍ വയ്യ. IT കമ്പനികളില്‍ കൂടുതലായി ഈ ബ്രാഞ്ചുകാരെ എടുക്കാറുണ്ട്. അതിനാൽ ഇപ്പോൾ കമ്പ്യൂട്ടറിന് നല്ല ഡിമാന്റ് ഉണ്ട്. നല്ലപോലെ കമ്പ്യൂട്ടർ പ്രോ ഗ്രാമിംഗ് അറിയാവുന്നവർക്ക് ക്ഷാമമുണ്ടെന്ന് ചിലHR മാനേജർമാർ അടുത്ത കാലത്ത് എന്നോട് പറഞ്ഞിട്ടുണ്ട്.
കമ്പ്യൂട്ടർ സയൻസ് എടുക്കുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾ നല്ലവണ്ണം കമ്പ്യൂട്ടർ ഗെയിം കളിക്കും എന്നത് കമ്പ്യൂട്ടർ സയൻസിന് ചേരാനുള്ള അടിസ്ഥാന യോഗ്യതയല്ല. അതുപോലെ കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യുന്ന വിഡിയോ എഡിറ്റിംഗ് , ഫോട്ടോ ഷോപ്പിലെ ജാലവിദ്യകൾ തുടങ്ങിയവയും.
( Please read this also. https://thetab.com/…/computer-science-actually-hardest-degr…)
മേല്‍പ്പറഞ്ഞവ കൂടാതെ കെമിക്കല്‍ എന്‍ജിനിയറിംഗ്, ബയോ മെഡിക്കല്‍ എന്‍ജിനിയറിംഗ്, ഷിപ്പ് ടെക്നോളജി തുടങ്ങിയ മൈനര്‍ ബ്രാഞ്ചുകളുമുണ്ട്. ഇവയൊക്കെ വളരെ കുറച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയുള്ളു. ഇവ നടത്തുന്ന ചില സ്ഥാപനങ്ങള്‍ പേരുകേട്ടവയാണ്. ഉദാഹരണത്തിന് മോഡല്‍ എന്‍ജിനിയറിംഗ് കോളേജിലെ ബയോ മെഡിക്കല്‍ എന്‍ജിനിയറിംഗ് നല്ല നിലയില്‍ നടക്കുന്ന ഒന്നാണ്. ഇതുകണ്ടിട്ട് കശുവണ്ടി മുതലാളിയുടെ സ്വാശ്രയ കോളേജിലെ ഈ കോഴ്സ് ചേരരുത്. മൈനർ ബ്രാഞ്ചുകളിൽ ചേരുമ്പോൾ സ്ഥാപനത്തിലെ റപ്യൂട്ടേഷന്‍ പ്രത്യേകം ശ്രദ്ധിക്കണം.. നിങ്ങളുടെ ബ്രാഞ്ചിനേക്കാളും വില പലപ്പോഴും പഠിക്കുന്ന സ്ഥാപനത്തിനാണ്. ( By the way, Architecture is an art )
ചുരുക്കത്തില്‍ പറഞ്ഞാല്‍ എല്ലാ ബ്രാഞ്ചുകള്‍ക്കും ഒരേ പോലെ അവസരമുണ്ട്. അത് തേടി കണ്ടുപിടിക്കുന്നതിലാണ് നിങ്ങളുടെ മിടുക്ക്. നിങ്ങൾ പാസാകുന്ന വർഷത്തെ അവസരങ്ങൾ ഇപ്പോൾ പ്രവചിക്കാനാവില്ല.
നിലവിൽ നടക്കുന്ന എല്ലാ കോഴ്സുകളുടെ സിലബസിലും 10 വർഷമെങ്കിലും പഴക്കമുള്ള വിദ്യകളാണ് അഭ്യസിപ്പിക്കുന്നത് . പക്ഷേ ഓരോ ബ്രാഞ്ചിലും അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ട കോർ സബ് ജക്ട് കൾ പഠിപ്പിക്കും. ഓരോ ബ്രാഞ്ചിന്റെയും ഇപ്പോഴത്തെ ഇൻഡസ്ട്രിയൽ പ്രാക്ടീസുകളെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട സോഫ്റ്റ് വെയറുകളേക്കുറിച്ചും ഒരു ധാരണയുണ്ടാക്കണം. ഉദാഹരണത്തിന് സിവിൽ എൻജിനിയർമാർ കാഡ് (CAD) സംബന്ധിച്ച ചെറിയ കോഴ്സുകൾ കോളേജ് പഠനത്തിനിടെ ചെയ്യുന്നത് നന്നായിരിക്കും. പലതും സ്വയം ആർജിക്കാം .( ചില ഇന്റർനാഷണൽ സർട്ടിഫിക്കേഷൻ ഉണ്ടെങ്കിൽ ജോലി കിട്ടാൻ സാധ്യത കൂടും.ഇതിനൊക്കെ പണം ചിലവാക്കുന്നത് വ്യക്തമായ അന്വോഷണത്തിന് ശേഷമാകണം. കാമ്പസ് പ്ലേസ്മെന്റ് കിട്ടാത്തവർക്ക് പലപ്പോഴും ഇത്തരം സർട്ടിഫിക്കേഷൻ ഗുണകരമാകാറുണ്ട്. )
ജോലി കിട്ടുന്നത് പലപ്പോഴും റഫറന്‍സുകളിലൂടെയാണ്. നിങ്ങള്‍ ഒരു സംഭവമാണെന്ന് പഠനകാലത്ത് തന്നെ തെളിയിക്കണം. എന്റെ സുഹൃത്ത് ശ്രീ. രഞ്ചിത് ആന്റണി ഇതു സംബന്ധിച്ച് ഒരു കുറിപ്പ് മുന്‍പ് എഴുതിയിരുന്നത് ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്. https://www.facebook.com/rpmam/posts/1942264129353580
വായനക്കാര്‍ അവരുടെ അഭിപ്രായങ്ങളും ആദ്യം ജോലി ലഭിച്ച കഥകളും പങ്കുവെച്ചാല്‍ കൊള്ളാം.
ഈ പോസ്റ്റ് മുൻപൊരിക്കൽ ഇട്ടിരുന്നു.’ ലിങ്ക് താഴെ. അതിന് ചുവട്ടിൽ വന്ന കമന്റുകൾ വളരെ ഇൻഫൊർമേറ്റിവ് ആണ് .താൽപ്പര്യമുള്ളവർക്ക് ചേർത്ത് വായിക്കാം.
https://www.facebook.com/photo.php?fbid=10213249952789376&set=a.&type=3&theater