കഴിഞ്ഞ ഒരാഴ്ച നല്ല തിരക്കായിരുന്നു. യൂണിവേർസിറ്റിയിൽ പലതരം മീറ്റിങ്ങുകൾ, യുജിസി റിഫ്രഷർ കോഴ്സ്ൽ ക്ലാസ്, പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യമെടുക്കൽ, തെക്ക് വടക്ക് യാത്രകൾ , ദിവസേന 500 കടലാസിലെങ്കിലും ഒപ്പ് ഇമ്പോസിഷൻ എഴുതി പഠിക്കൽ തുടങ്ങി വെറൈറ്റി എന്റർടെയ്ൻമെന്റ് പരിപാടികളായിരുന്നു ഈയാഴ്ച കഴിഞ്ഞത്.
ഇതിനിടയിൽ ഫേസ്ബുക്കിലെ 3000 ഫ്രണ്ട്സിനെയും ആയിരക്കണക്കിന് ഫോളോവേർസിനേയും മറക്കാൻ പറ്റുമോ. അവർക്ക് വേണ്ടി രണ്ട് പുസ്തകം വായിച്ചു. (ഞാനാരാ മോൻ എന്ന ട്യൂൺ ഇവിടെ ഉണ്ട്. )
രണ്ടും ഫേസ്ബുക്കിലെ സുഹൃത്തുക്കൾ എഴുതിയത് .
ശ്രി ജോസഫ് ആന്റണിയുടെ ഹരിതഭൂപടം കുറേ നാൾ മുൻപ് ഇറങ്ങിയതാണ്. ഇപ്പോൾ രണ്ടാം പതിപ്പിലെത്തി നിൽക്കുന്നു. ഈയടുത്താണ് ഈ പുസ്തകം സമ്മാനമായി കിട്ടിയത് .
17ാം നൂറ്റാണ്ടിൽ കൊച്ചിയിലെ ഡച്ച് ഗവർണ്ണറായിരുന്ന വാൻ റീഡ് ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഒരു ലാറ്റിൻ ഗ്രന്ഥം എഴുതിയിട്ടുണ്ട്. കേരളത്തിലെ വിവിധ സസ്യങ്ങളെക്കുറിച്ചും അവയുടെ ഗുണഗണങ്ങളെ പറ്റിയും പ്രദിപാദിക്കുന്ന 12 ഭാഗങ്ങളുള്ള ബൃഹദ്ഗ്രന്ഥമാണിത്
കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ സസ്യവശാസ്ത്ര പ്രൊഫസറായിരുന്ന ശ്രീ കെ എസ് മണിലാൽ ഇതിനെ മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തു. ഈ ഉദ്യമത്തിന് വേണ്ടി മണിലാൽ അദ്ദേഹത്തിന്റെ ജീവിതകാലത്തിലെ നല്ലൊരു പങ്ക് ഉഴിഞ്ഞുവെച്ചു . പക്ഷെ മലയാളികൾ അദ്ദേഹത്തോട് അത്ര അനുഭാവപൂർവ്വമല്ല പെരുമാറിയത്. ശ്രീ മണിലാലിന്റെ ജീവിതത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും. ഹോർത്തൂസ് മലബാറിക്കൂസ് വിവർത്തനം ചെയ്യാനും പ്രസിദ്ധീകരിക്കാനും നേരിട്ട പ്രശ്നങ്ങളെ കുറിച്ചുമുള്ള വിശദമായ പഠനമാണ് ഈ പുസ്തകം
നല്ലവണ്ണം റിസർച്ച് ചെയ്ത് എഴുതിയിട്ടുള്ള ഈ പുസ്തകം ഒരു നോവൽ പോലെ വായിക്കാം . എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജോസഫ് ആന്റണി നൽകിയിട്ടുള്ള കൃത്യമായ റഫറൻസുകളാണ്. സോമൻ വിളയാടുന്ന ഈ കാലത്ത് മലയാളത്തിലെ പുസ്തകങ്ങളിലൊന്നും സാധാരണ റഫറൻസുകൾ പതിവില്ല. വിജ്ഞാന കുതുകികൾ ( പുസ്തകമെഴുത്തുകാരും)തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ് ഹരിതഭൂപടം.
രണ്ടാമത്തെത് രഞ്ജിത്ത് കണ്ണൻകാട്ടിൽ എഴുതിയ എന്റെകോൺക്രീറ്റ് ചിന്തകൾ എന്ന പുസ്തകമാണ് . L&T യിലെ എൻജിനിയറായ രഞ്ചിത് സിവിൽ എഞ്ചിനീയറിങ്ങ് നെ കുറിച്ച് പലപ്പോഴായി എഴുതിയ ഫേസ്ബുക്ക് കുറിപ്പുകളുടെ സമാഹാരമാണ് ഇത്.
ഈ രംഗത്തെ രസകരമായ പല വിവരങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . സാങ്കേതിക കാര്യങ്ങൾ സരളമായി വിശദീകരിച്ചിട്ടുള്ള ഈ പുസ്തകം നിങ്ങളുടെ വായനക്ക് ശുപാർശ ചെയ്യുന്നു.
Latex ൽ ആണ് ടൈപ്പ് സെറ്റിംഗ് നടത്തിയിട്ടുള്ളത്. അതിനാൽ പുസ്തകത്തിന്റെ ലേയൗട്ട് മനോഹരമാണ്.
ഈ കുറിപ്പുകളേപ്പറ്റി രഞ്ജിത്തിന്റെ ഫേസ്ബുക്ക് പേജിൽ വന്ന കമന്റുകൾ കൂടി ചേർത്തിരുന്നെങ്കിൽ പുസ്തകം കുറേക്കൂടി നന്നാകുമായിരുന്നു അതുപോലെ എഡിറ്റിങ്ങ് , ചിത്രങ്ങളുടെ വിവരണം എന്നിവ കുറേക്കൂടി നന്നാക്കണം . ചെറിയ കുറവുകൾ ഉണ്ടെങ്കിലും പുസ്തകം വായിക്കാൻ നല്ല രസമുണ്ട് . പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറക്കുമ്പോൾ ഈ കുറവുകളൊക്കെ മാറുമെന്ന് പ്രതീക്ഷിക്കുന്നു. പുസ്തകം ആമസോൺ കിൻഡിലിലും ലഭ്യമാണ്.