പണ്ടുമുതലേ കമ്പ്യൂട്ടർ ജീവി എന്ന് വിട്ടിലും അത്യാവശ്യം നാട്ടിലും പേരുള്ളതിനാൽ പലരും എന്നോട് ഈ ചോദ്യം ചോദിക്കാറുണ്ട്. ഫ്രീ സോഫ്റ്റ് വെയർ തീവ്രവാദിയായിരുന്ന കാലത്താണ് മക്കൾ മൂന്നു പേരും ജനിച്ചത്. (ഇപ്പോൾ അത്ര തീവ്രതയില്ല. ) ലക്ഷമിക്ക് ഏകദേശം മൂന്ന് വയസായ സമയത്താണ് അവളുടെ കമ്പ്യൂട്ടർ പഠനം ആരംഭിക്കുന്നത് പലപ്പോഴും ഫുൾ ടൈം സ്ക്രീനിൽ നോക്കിയിരിക്കുന്ന എന്നെ ശല്യപ്പെടുത്തുമ്പോൾ കീബോർഡിലും മൗസിലും തൊടാൻ സമ്മതിക്കും. നമ്മുടെ പണിമുടങ്ങും. അക്കാലത്താണ് കൊച്ച് കുട്ടികൾക്കായുള്ള ജീകോമ്പ്രി ( gcompris) എന്ന ഫ്രീ സോഫ്റ്റ് വെയറിനേക്കുറിച്ച് കേൾക്കുന്നത്. പിന്നീട് കുറേക്കാലം മക്കളുടെ കമ്പ്യൂട്ടർ ടൈം ഈ സോഫ്റ്റ് വെയറിലാണ് ചിലവഴിച്ചത്.
മുന്നുവയസുകാരി ആദ്യം പഠിച്ചത് മൗസ് കൃത്യമായി നിക്കുന്നതിനും ക്ലിക് ചെയ്യുന്നതിനുമാണ്. Gcompris ൽ ഇതിനായി പ്രത്യേകം ചില കളികൾ ചേർത്തിട്ടുണ്ട്. സ്ക്രീൻ നിറയെ ചെസ് ബോർഡിലെ പൊലെ ചതുരങ്ങൾ നിറച്ച് വെച്ചിരിക്കും. ഈ സ്ക്രീനിനു പിറകിൽ ഒരു നായ്ക്കുട്ടി മറഞ്ഞിരിക്കുന്നുണ്ടാകും. കുട്ടി മൗസ് നിക്കുന്നതിനനുസരിച്ച് നായ്ക്കുട്ടി തെളിഞ്ഞ് വരും. എല്ലാ ചതുരങ്ങളുടെ മുകളിൽ കൂടിയും മൗസ് നിങ്ങിക്കഴിയുമ്പോൾ നായ്ക്കുട്ടിയുടെ ചിത്രം സ്ക്രീനിൽ പൂർണമായും തെളിയും. ഇത്തരത്തിൽ വിവിധ ചിത്രങ്ങൾ ഒളിപ്പിച്ചിട്ടുണ്ടാകും.
മകൾ ഇത് ഒന്നു രണ്ടാഴ്ച കൊണ്ട് വശത്താക്കി. തുടർന്ന് ഇതേ കളി തന്നെ മൗസ് ക്ലിക് ഉപയോഗിച്ച് ചെയ്യുന്നതിലേക്ക് കടന്നു. തുടർന്ന് അക്ഷരങ്ങളെ പരിചയപ്പെടുത്തുന്ന കളികളിലേക്ക് പഠനം നിങ്ങി. സ്ക്രീനിൽ പറന്നു നടക്കുന്ന അക്ഷരങ്ങളെ കീബോർഡിൽ തൊട്ടാൽ പിടിക്കാവുന്ന തരം കളികളാണ് പിന്നീട് ഉണ്ടായത്. നാല് വയസായപ്പോഴേക്കും അത്യാവശ്യം ചെറിയ ബോർഡ് ഗെയിം ഒക്കെ കളിക്കാവുന്ന നിലയിലായി. ഇളയവർ ഈ കളികളൊക്കെ ലക്ഷ്മിയേക്കാളും എളുപ്പത്തിൽ പഠിച്ചു പോന്നു. ഏകദേശം പത്തു വയസു വരെ മക്കൾ ജീ കോമ്പ്രി ആരാധകരായിരുന്നു. ഇടക്കൊക്കെ മറ്റു കുട്ടികൾ വീട്ടിൽ വിരുന്ന് വരും. ജീകോമ്പ്രി എന്ന അപൂർവ്വ ഗെയിം കണ്ടാൽ അവരും അതിന്റെ ഫാൻസാകും.
ജീകോമ്പ്രി കൊച്ചു കുട്ടികൾക്കായി നിർമ്മിച്ചിട്ടുള്ള ഒരു ഫ്രീ സോഫ്റ്റ വെയർ പാക്കേജാണ്. ഇതിൽ കമ്പ്യൂട്ടർ പരിചയം, അക്കങ്ങളേയും അക്ഷരങ്ങളേയും പരിചയപ്പെടൽ, സയൻസ് ജോഗ്രഫി പരീക്ഷണങ്ങൾ, പടം വരക്കൽ പസിലുകൾ, ചെസ് എന്നിങ്ങനെ കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനും പഠനത്തിനും ഉപകരിക്കുന്ന നിരവധി ടൂളുകളുണ്ട്. വിൻഡോസിലും ലിനക്സിലും പ്രവർത്തിക്കും. (ലിനക്സാണുത്തമം.) കൂടുതൽ അറിയാൻ http://gcompris.net/index-en.html
ps: തിരുവനന്തപുരത്ത് സ്വതന്ത്ര എന്ന ഫ്രീ സോഫ്റ്റ് വെയർ കോൺഫറൻസ് നടക്കുന്നുണ്ട്. ഈയടുത്ത് ജീകോ മപ്രി യുടെ ഡവലപ്പറായ Thimothee Giet നെ ഇന്ന് കണ്ടുമുട്ടാനിടയായി. അപ്പോഴെടുത്ത ചിത്രം ചുവടെ ചേർക്കുന്നു.