2018 ഫെബ്രുവരി എട്ടാം തിയതി കോഴിക്കോട് ബീച്ചില്‍ വെച്ച് ഡി.സി.ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലേക്ക് ക്ഷണം കിട്ടിയിട്ടുണ്ട്. ‘യന്ത്രങ്ങള്‍ക്ക് പൗരത്വം ലഭിക്കുമ്പോള്‍’ എന്ന വിഷയത്തില്‍ ഒരു സംവാദത്തില്‍ പങ്കെടുക്കുക എന്നതാണ് ദൗത്യം. അതിന് വേണ്ടി തയ്യാറാക്കിയ കുറിപ്പാണിത്.
രണ്ടായിരത്തിപ്പത്തുമുതല്‍ കുറേയധികം കാലം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനേക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും അവസരം ലഭിച്ചിരിന്നു. യന്ത്രങ്ങളെക്കൊണ്ട് മണം(smell) കണ്ടുപിടിക്കാനാവുമോ എന്നതായിരുന്നു എന്റെ വിഷയം. ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന IIT ബോംബേയിലെ വിഷന്‍ ആന്റ് ഇമേജ് പ്രോസസിങ് ലാബിലെ ഗവേഷകര്‍ കാഴ്ച, സ്പര്‍ശനം, മണം എന്നിവ കമ്പ്യൂട്ടറുകളെ പഠിപ്പിക്കാനാകുമോ എന്നായിരുന്നു പ്രധാനമായും അന്വേഷിച്ചിരുന്നത്. ആ അനുഭവങ്ങള്‍ ഈ കുറിപ്പിനെ സ്വാധീനിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും കൃത്രിമ ബുദ്ധിയെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇപ്പോള്‍ത്തന്നെ കാണുന്നത്. 19-ാം നൂറ്റാണ്ടില്‍ യൂറോപ്പിലെ വ്യവസായിക വിപ്ലവത്തെ തുടര്‍ന്നാണ് വന്‍തോതില്‍ മനുഷ്യന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയത്. അന്ന് നിലവിലിരുന്ന സാമൂഹിക വ്യവസ്ഥയെ അപ്പാടെ മാറ്റിമറിക്കാനും പുതിയ തൊഴില്‍ മേഖലകള്‍ക്കും ചിന്താധാരകള്‍ക്കും തുടക്കമിടാനും യന്ത്രങ്ങളുടെ രംഗപ്രവേശനത്തിന് കഴിഞ്ഞു. നമ്മൾ ഇന്നു കാണുന്ന ഭൗതിക പുരോഗതിയുടെ തുടക്കം ഈ വ്യാവസായിക വിപ്ലവമാണ്. ശാസ്ത്രം 21-ാം നൂറ്റാണ്ടിലെത്തിനില്‍ക്കുമ്പോള്‍ കൃത്രിമബുദ്ധി ആര്‍ജിച്ച യന്ത്രങ്ങള്‍ മനുഷ്യരാശിയെത്തന്നെ കീഴടക്കുമോയെന്ന് ചിലരെങ്കിലും ഭയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കൃതിമബുദ്ധി ഗവേഷണത്തിലും പ്രയോഗത്തിലും കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്കിടെ വന്‍കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്. ഇത്തരം യന്ത്രങ്ങള്‍ക്ക് മനുഷ്യന്റെ മേല്‍ മേൽക്കൈ നേടാനാകുമോ, അതിനുള്ള തടസങ്ങള്‍ എന്തൊക്കെ, അത്തരം ഒരു മേല്‍ക്കൈ ഉണ്ടാക്കിയേക്കാവുന്ന സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ എന്തൊക്കെയാവാം എന്നു പരിശോധിക്കുകയാണിവിടെ.
- കൃത്രിമബുദ്ധി ടെക്നോളജി എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത്?
കൃത്രിമബുദ്ധി ഉയര്‍ത്തുന്ന പ്രശ്നങ്ങളേക്കുറിച്ച് മനസ്സിലാക്കാന്‍ ഇതിന്റെ സാങ്കേതിക വശത്തേക്കുറിച്ച് ചെറിയ ഒരവബോധം ആവശ്യമാണ്. ഇതിനായി നമുക്കാദ്യം ഒരു കൊച്ചു കുട്ടി എങ്ങിനെയാണ് അവനു ചുറ്റുമുള്ള ലോകത്തേ പഠിച്ച് സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള ഒരു വ്യക്തി ആയിത്തീരുന്നതെന്ന് നോക്കാം.
ജനിച്ചു വീഴുന്ന നിമിഷം മുതല്‍ കുട്ടിയെ നാം പരിശീലിപ്പിച്ച് തുടങ്ങും. ഓരോ സെക്കന്റിലും നിരവധി കാര്യങ്ങള്‍ അവന്റെ കൊച്ച് തലച്ചോറിലേക്ക് നാം പകര്‍ന്നു നല്‍കി കൊണ്ടിരിക്കും. പഞ്ചേന്ദ്രിയങ്ങളാണ് ബാഹ്യലോകത്തേക്കുള്ള അവന്റെ വാതായനങ്ങള്‍. ഈ വാതിലുകളിലൂടെ വരുന്ന സംജ്ഞകളെ പലതരം കൊടുക്കല്‍ വാങ്ങലുകളിലൂടെ അവന്റെ തലച്ചോറിനുള്ളില്‍ ഉറപ്പിക്കും.
നാം കുട്ടിയെ എണ്ണാനും, എഴുതാനും മറ്റ് ദൈനംദിനകാര്യങ്ങള്‍ ചെയ്യാനുമൊക്കെ പഠിപ്പിക്കുന്നത് നിരന്തരമായ പരിശീലനത്തിലൂടെയാണ്. ഇങ്ങനെ പരിശീലനം നേടിയെടുക്കാന്‍ തലച്ചോറിന് പ്രത്യേക കഴിവുണ്ട്.
കുറേക്കഴിയുമ്പോള്‍ വികാരങ്ങളും വിചാരങ്ങളും സ്വയമുണ്ടാക്കാന്‍ തലച്ചോര്‍ പഠിക്കുന്നു. പലപ്പോഴും ഇത് മുന്‍ അനുഭവഭങ്ങളുടെ മേല്‍ കെട്ടിപ്പൊക്കിയെടുക്കുന്ന ചിന്താധാരയായിരിക്കും. ഈ പരിശീലനപദ്ധതി ഒരേതരം കാര്യങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നതില്‍ അധിഷ്ഠിതമാണ്. ഉദാഹരണത്തിന് കുട്ടിയെ നാം ഒരു പശുവിനെ കാണിച്ച് പശു എന്ന് പല തവണ പറയും. പത്രങ്ങളിലും മറ്റും പശുവിന്റെ പലതരത്തിലുള്ള ചിത്രങ്ങള്‍ കാണിക്കും. പശുവിന്റെ രൂപഭാവങ്ങള്‍ കുട്ടിയുടെ ഉള്ളിലുറക്കുന്നതുവരെ ഇത് തുടരും.
കമ്പ്യൂട്ടറുകളെ പരിശീലിപ്പിക്കുന്നതും ഏതാണ്ട് ഇതേ പോലെയാണ്. തലച്ചോറിന് പകരം ഒരു കമ്പ്യൂട്ടര്‍ അല്‍ഗോരിതമാകും പരിശീലിപ്പിക്കപ്പെടുക. കാറും ബസും തമ്മില്‍തിരിച്ചറിയാനുള്ള പരിശീലനമാണ് നല്‍കേണ്ടതെന്നിരിക്കട്ടെ. ആദ്യമായി നമ്മള്‍ കമ്പ്യൂട്ടറിനെ കാറിന്റെയും ബസിന്റെയും പ്രത്യേകതകള്‍(features) പറഞ്ഞ് മനസ്സിലാക്കും. കാറിന്റെ പ്രത്യേകതകളുടെ ഉദാഹരണമായി നീളം, വീതി, ചക്രങ്ങളുടെ എണ്ണം, വാതിലുകളുടെ ആകൃതി, ബോണറ്റ് ഉണ്ടോ? ഇല്ലയോ? എന്നിങ്ങനെ നിരവധി കാര്യങ്ങളെടുക്കാം. ഇതുപോലെ ബസിനും.
ഇനി വേണ്ടത് പ്രത്യേകതകള്‍ വ്യക്തമായി അറിയാവുന്ന കാറിന്റെയും ബസിന്റെയും ലക്ഷക്കണക്കിനു ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ ഓരോന്നായി നമ്മള്‍ അല്‍ഗോരിതത്തിന് കൊടുക്കുന്നു. എന്നിട്ട് ഇന്നയിന്ന പ്രത്യേകതകള്‍ ഉള്ള ചിത്രം കാറാണ് അല്ലെങ്കില്‍ ബസാണെന്ന് പറയുന്നു.
ഓരോ ചിത്രം കാണുമ്പോഴും അല്‍ഗോരിതം അതിന്റെ ആന്തരിക പരാമീറ്ററുകള്‍ മാറ്റിക്കൊണ്ടിരിക്കും (കുട്ടി കാര്യങ്ങള്‍ പഠിക്കുന്നതുപോലെ). ആവശ്യത്തിന് പരിശീലനം കിട്ടിക്കഴിയുമ്പോള്‍ അല്‍ഗോരിതം ഇതുവരെ കണ്ടിട്ടില്ലാത്ത കാറുകളെയും ബസുകളെയും കൃത്യതയോടെ തിരിച്ചറിയാന്‍ തുടങ്ങും.
ഇത്തരം പരിശീലനം നേടിയെടുത്തിട്ടുള്ള അല്‍ഗോരിതങ്ങള്‍ ഇപ്പോള്‍ തന്നെ ഉപയോഗത്തിലും ആണ്. അമേരിക്കന്‍ കമ്പനിയായ ടെസ്ലയുടെ ഡ്രൈവറില്ലാത്ത കാറുകളൊക്കെ ഇങ്ങനെ പരിശീലിപ്പിക്കപ്പെട്ട സങ്കീര്‍ണ്ണ യന്ത്രങ്ങളാണ്.
ഇപ്പോള്‍ സ്പീച്ച്, വിഷന്‍ എന്നി രംഗങ്ങളില്‍ പരിശീലിപ്പിക്കപ്പെട്ട യന്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങി. എങ്കിലും മണം, സ്പര്‍ശനം, രുചി എന്നീ ഇന്ദ്രീയങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ശൈശാവസ്ഥയിലാണ്.
വിഷന്‍, സ്പീച്ച് രംഗങ്ങളില്‍ത്തന്നെ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും മനുഷ്യന് സാധ്യമായ പല വികാരങ്ങളും പുനഃസൃഷ്ടിക്കാന്‍ ഈ യന്ത്രങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചുറ്റുപാടുനിന്നും സംജ്ഞകള്‍ സ്വീകരിച്ച് മുന്‍ അനുഭവങ്ങളെ മാതൃകയാക്കി തീരുമാനങ്ങളില്‍ എത്തുകയാണ് കൃത്രിമബുദ്ധിയുള്ള യന്ത്രങ്ങള്‍ ചെയ്യുന്നത്. മറ്റു ശാസ്ത്ര ശാഖകളുമായി താരതമ്യം ചെയ്യുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കിന്റർ ഗാർട്ടൻ നിലവാരത്തിലാണുള്ളത്.
സിനിമയിൽ കാണുന്ന യന്തിരന്മാരെപ്പോലെയല്ല ഇപ്പോൾ ഉള്ള ഗമണ്ടൻ മാർ പോലും. ഒരു മണിക്കൂർ അപ്പുറം ബാറ്ററി പ്രവർത്തിക്കില്ല. പക്ഷെ ഈ മേഘലയിൽ അതിവേഗത്തിൽ പുരോഗതിയുണ്ടാകുന്നുണ്ട്.
2) കൃത്രിമബുദ്ധി ഉയര്‍ത്തുന്ന സാമൂഹികപ്രശ്നങ്ങള്‍
2015ലെ കണക്കനുസരിച്ച് ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതകാലം 68വര്‍ഷമാണ്. അമേരിക്കക്കാരന് 78 ഉം. മറ്റു രാജ്യങ്ങളില്‍ കുറച്ചൊക്കെ മാറിയെന്നിരിക്കും. ഒരു വ്യക്തി പ്രായപൂര്‍ത്തിയായി പുനരുല്‍പാദനം നടത്താന്‍ ഏകദേശം 20 വര്‍ഷമെടുക്കും. അതായത് ഓരോ ഇരുപതു വര്‍ഷവും നമ്മള്‍ പുതിയ ആളുകളെ പരിശീലിപ്പിക്കുന്നു. പരിശീലനം ലഭിച്ച വ്യക്തികള്‍ 60,70 വയസ്സിന് ശേഷം കളമൊഴിയുന്നു.
കൃത്രിമബുദ്ധി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ വ്യാപകമാകുന്നതോടെ ഈ ചക്രത്തിന് മാറ്റം വരും. ഒരിക്കല്‍ പരിശീലിപ്പിച്ച യന്ത്രം ഒരിക്കലും നശിച്ചുപോകാത്തവിധം സംരക്ഷിക്കാനാകും. നമ്മുടെ പല പ്രൊഫഷനുകളും നിലനില്‍ക്കുന്നത് നിരന്തരമായ പരിശീലനത്തിലൂടേയും അങ്ങനെ ആര്‍ജിച്ച വിദ്യകളുടെ പ്രയോഗത്തിലൂടെയുമാണ്.
ഇപ്പോഴത്തെ നിലക്ക് കൃത്രിബുദ്ധിയുള്ള യന്ത്രങ്ങള്‍ വളരെ ചുരുങ്ങിയ തോതില്‍ കടന്നു വന്നാല്‍ പോലും അറിവ് അടിസ്ഥാനമാക്കിയുള്ള പല തൊഴിലുകളും ഇല്ലാതാകും.
വക്കീല്‍, ഡോക്ടര്‍ തുടങ്ങി പരിശീലനത്തിന് വന്‍ ചിലവുവേണ്ടിവരുന്ന തൊഴിലുകളാകും ഈ വിപ്ലവത്തിന്റെ ആദ്യത്തെ ഇരകള്‍. ഒരു ഡോക്ടറെ പരിശീലിപ്പിക്കാന്‍ ചുരുങ്ങിയത് 15 വര്‍ഷവും ലക്ഷക്കണക്കിന് പണവും വേണം. ഇത്രതന്നെ സമയമെടുത്ത് ഒരു കൃത്രിമബുദ്ധിയുള്ളവന്‍ തുക മുടക്കി യന്ത്രഡോക്ടറെ പരിശീലിപ്പിച്ചാല്‍ പോലും ലാഭകരമായിരിക്കും. കാരണം നമുക്ക് മനുഷ്യഡോക്ടറെ കോണ്‍ ചെയ്യാനാവില്ല. പക്ഷേ. യന്ത്രഡോക്ടറുടെ ആയിരക്കണക്കിന് കോപ്പികളുണ്ടാക്കാന്‍ പറ്റും. ഒരിക്കൽ പരിശീലപ്പച്ചാൽ ഡോക്ടർക്ക് മരണമില്ല .
കൃത്രിമബുദ്ധി കുറേശ്ശെയായിട്ടാണെങ്കിലും ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും കടന്നുവരും. 19-ാം നൂറ്റാണ്ടിലുണ്ടായതുപോലെ ഒരു സാമൂഹികമാറ്റത്തിന് ഇത് വഴി തെളിച്ചേക്കാം. മനുഷ്യര്‍ക്ക് ചെയ്യാന്‍ തൊഴിലുകളില്ലാതാകും. ഒരു സമൂഹമെന്നനിലയില്‍ ഇത്തരം ഒരവസ്ഥ എന്തൊക്കെ പ്രത്യാഘാതങ്ങളാണുണ്ടാക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം.
3) കൃത്രിമബുദ്ധിയുടെ രാഷ്ട്രീയ മാനങ്ങൾ
കൃത്രിമബുദ്ധി സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് ധാരാളം പണവും സമയവുമാവശ്യമാണ്. ഇപ്പോഴത്തെ സ്ഥിതിവെച്ച് വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളാണ് ഇതിന് മുതലിറക്കുന്നത്. ഇത് മനുഷ്യരാശിയെ സംബന്ധിച്ച് ആപല്‍ക്കരമായ ഒരു സ്ഥിതി വിശേഷമാണ്. ഈ അറിവ് കൈവശമുള്ളവന്റെ കയ്യിലെ കളിപ്പാട്ടങ്ങളായി സാധാരണ മനുഷ്യര്‍ മാറാന്‍ അധികകാലം വേണ്ടിവരില്ല. ഓരോ പൗരനേയും അടയാളപ്പെടുത്താനും അവന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും കമ്പ്യൂട്ടറുകള്‍ക്ക് സാധിക്കും. ഈ കമ്പ്യൂട്ടറുകളുടെ നിയന്ത്രണമുള്ളവര്‍ക്ക് മനുഷ്യജീവിതത്തിന്റെ നാനവശങ്ങളേയും സ്വന്തം ഇച്ഛക്കനുസരിച്ച് പരുവപ്പെടുത്താന്‍ കഴിഞ്ഞേക്കും.
അതിനാല്‍ത്തന്നെ ജനാധിപത്യത്തിന്റെ ഭാവി പരുങ്ങലിലേക്കായേക്കാം.
4) മുന്നോട്ടുള്ള വഴി
ഇപ്പോഴത്തെ സാങ്കേതികവിദ്യ വെച്ച് മനുഷ്യനെപ്പോലെയുള്ള ഒരു സമ്പൂര്‍ണ്ണ യന്ത്രമനുഷ്യനെ സൃഷ്ടിക്കാനാവില്ല. പകരം വളരെ സ്പെഷ്യലൈസ് ആയിട്ടുള്ള യന്ത്രമനുഷ്യരെ ഉണ്ടാക്കാന്‍ പറ്റും. ഡ്രൈവര്‍ലെസ് കാറും നമ്മുടെ ചോദ്യങ്ങള്‍ക്ക് ബുദ്ധി പൂര്‍വ്വം ഉത്തരം പറയുന്ന യന്ത്രവുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. പക്ഷേ. മനുഷ്യന്റെ ബുദ്ധിയുടെ സാധ്യതകൾ ഇപ്പോള്‍ നാം നേടിയെടുത്തിട്ടുള്ള കൃത്രിമബുദ്ധിയുടെ പല മടങ്ങ് മുകളിലാണ്.
ഒരു ചിത്രം കണ്ടാല്‍ നമുക്ക് അതിന് പലതരം വ്യാഖ്യാനങ്ങളുണ്ടാക്കാം. 50 പേരുള്ള ക്ലാസില്‍ നിങ്ങള്‍ കരയുന്ന ഒരു കുട്ടിയുടെ ചിത്രം കാണിച്ചിട്ട് ഉപന്യാസമെഴുതാന്‍ പറഞ്ഞാല്‍ 50 തരത്തിലുള്ള ഉപന്യാസങ്ങളാവും കിട്ടുക. ഇമാജിനേഷന്‍ പോലെയുള്ള മനുഷ്യന്റെ സിദ്ധികള്‍ യന്ത്രങ്ങള്‍ നേടുന്ന കാലം അടുത്തെത്തിയിട്ടില്ല. എങ്കിലും അത്തരം ഒരു ലക്ഷ്യത്തിലേക്ക് മനുഷ്യന്‍ മെല്ലെ ചുവടു വെക്കുകയാണ്. അക്കാലമാകും ജോര്‍ജ് ഓര്‍ വെല്ലിന്റെ 1984.
യന്ത്രമനുഷ്യന് പൗരത്വം കൊടുത്തു എന്ന് പറയുന്നത് തൽക്കാലം വെറും ഒരു ഹൈപ്പാണ്. ഒരു പൗരന്റ അടുത്തെങ്ങും യന്ത്രം എത്തിയിട്ടില്ല.പക്ഷെ കാലക്രമത്തിൽ മനുഷ്യന്റെ ഓരോരോ സിദ്ധികൾ യന്ത്രങ്ങൾ ആർജിക്കും. ആ സമയത്ത് മനുഷ്യൻ ചുരുക്കം ചില കോർപറേറ്റുകളുടെ കളിപ്പാട്ടമാകാതിരിക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങളും അറിവും പൊതുസ്വത്താക്കി മാറ്റണം. ഏതൊരു സമൂഹത്തിനും വ്യക്തിക്കും ഈ ടെക്നോളജികളൊക്കെ പ്രാപ്യമാക്കണം. ജനാധിപത്യവ്യവസ്ഥയെ തകിടം മറിച്ചേക്കാവുന്ന ഈ ടെക്നോളജിയെ ശ്രദ്ധാപൂർവ്വം നാം കൈകാര്യം ചെയ്തില്ലേങ്കില്‍ ഭാവിയിലെ പൗരന്‍മാര്‍ ആ മനുഷന്റെ തന്നെ നിയന്ത്രണത്തിലുള്ള .യന്ത്രങ്ങളായി മാറിയേക്കാം.