തട്ടിപ്പ്കാട്ടിൽ ഇട്ടുപ്പ് സ്ഥലത്തെ പ്രധാന മുതലാളിയാണ് . തട്ടിപ്പ്കാട്ടിൽ ജുവലേർസ് , തട്ടിപ്പുകാട്ടിൽ ഫൈനാൻസിയേഴ്സ് എന്നിങ്ങനെ പല സ്ഥാപനങ്ങളും നടത്തുന്നുണ്ട് .അപ്പോഴാണ് സർക്കാർ ജി എസ് ടി കൊണ്ടുവന്നത്. മുതലാളി ആകെ പെട്ടു. സർക്കാരിന് ടാക്സ് കൃത്യമായി കൊടുക്കണം. ഇത് പതിവില്ലാത്തതാണ് . പക്ഷേ വേറെ വഴിയില്ല പക്ഷേ മുതലാളി ആരാ മോൻ ഇതൊരു അവസരമായി കണ്ടു ജ്വല്ലറിയിലെ എല്ലാ ആഭരണങ്ങൾക്കും 30 ശതമാനം വില കൂട്ടി. എന്നിട്ട് 20 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. നാടുനീളെ ഇങ്ങനെ പരസ്യം എഴുതി വെച്ചു 20% പ്രത്യേക ഡിസ്കൗണ്ട്. ഡിസ്കൗണ്ടിന് ടാക്സില്ലാത്ത പ്രത്യേക ‘വെട്ടിപ്പോ ‘ സ്വർണ്ണ സമ്പാദ്യ പദ്ധതി. ഇത് കേട്ട ഉടനെ സ്ഥലത്തെ പ്രധാന ബുദ്ധിജീവിയായ നാണു ഭാര്യയേക്കുട്ടി കടയിലെത്തി. ആയിരം രൂപയുടെ മോതിരം വാങ്ങി ബില്ല് അടിക്കാൻ ചെന്നു.
കൗണ്ടറിലിരിക്കുന്ന സുന്ദരി ഇങ്ങനെ മൊഴിഞ്ഞു. സർ 10% മാണ് ജീ എസ് ടി. ഞങ്ങളുടെ കമ്പനിക്ക് പ്രത്യേക ‘വെട്ടിപ്പോ’ കാർഡ് പദ്ധതിയുണ്ട്. 100 രൂപാ കൊടുത്ത് മെമ്പറാകാം. പദ്ധതി ഇങ്ങനെയാണ്. നിങ്ങളുടെ ബിൽ തുകയിൽ ഞങ്ങൾ ആദ്യം 20% ഡിസ്കൗണ്ട് ഇടും. അങ്ങനെ കിട്ടുന്ന തുകയുടെ 10% ടാക്സ് കൊടുക്കാം. പദ്ധതിയിൽ ചേരാത്തവർക്ക് ബിൽ തുകയിൽ 10%ടാക്സ് ആദ്യം അടിക്കും അതിന് പുറത്താണ് 20% ഡിസ്കൗണ്ട്. അപ്പോൾ സർ ‘വെട്ടിപ്പോ ‘ കാർഡ് എടുക്കുകയല്ലെ ? ചോദ്യം ഇതാണ്. കാർഡ് കൊണ്ട് ആർക്കാണ് ലാഭം? . .
ഉത്തരം കിട്ടിക്കാണുമെന്ന് കരുതുന്നു. ഗുണനം (multiplication) കമ്യൂട്ടേറ്റീവ് (commutative) ആണ് . രണ്ട് സംഖ്യകളെത്തമ്മിൽ ഗുണിക്കുമ്പോൾ സംഖകളുടെ ഓഡർ ഉത്തരത്തിൽ വ്യത്യാസം ഉണ്ടാക്കുന്നില്ല. ഉദാഹരണത്തിന് 8 X 4 = 4 x 8 . കുറേക്കൂടി അബ്സ്ട്രാക്ടായി a X b = b X a. എന്നെഴുതും. a യും b യും ഏത് റിയൽ നമ്പറായാലും ഈ സമവാക്യം ശരിയാണ്. ഇനി മുതലാളി ടാക്സും ഡിസ്കൗണ്ടും കൊടുക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. നമുക്ക് മാലയുടെ വില a എന്ന് എടുക്കാം. ആദ്യം 10% ടാക്സ് കൊടുക്കുമ്പോൾ a + 0.1 a ആണ് നാം കൊടുക്കേണ്ട ആകെ തുക. a+ 0. 1 a = (1 +0.1) a = 1.1 a ഈ തുകയുടെ പുറത്താണ് 20 % ഡിസ് കൗണ്ട്. അതായത് ബിൽ തുകയുടെ 80 % മാത്രമേ കൊടുക്കേണ്ടതുള്ളു. 1. 1 X a X 0.8 ആണ് ഡിസ്കൗണ്ടിന് ശേഷം നമ്മൾ മുതലാളിക്ക് കൊടുക്കുന്നത്. ഇനി ആദ്യം ഡിസ്കൗണ്ട് ഇടുകയാണെങ്കിൽ വില 0.8 X a ആകും. ഇതിന്റെ 10% ടാക്സ് കൂടി ചേർത്താൽ ആകെത്തുക 0.8 Xa + 0.8 X a X 0.1 ആണ്. 0.8 X a + 0.8 X a X 0.1 = (1 +0.1) 0.8 a = 1.1 X 0.8 X a ഇത് ആദ്യം കാട്ടിയ സംഖ്യ തന്നെയാണ്. ചുരുക്കത്തിൽ a X b X c = b X c X a = c X b X a = ബാക്കി നിങ്ങൾക്ക് പൂരിപ്പിക്കാം