|
നാളിതുവരെ മനുഷ്യൽ കൈവരിച്ചിട്ടുള്ള ഭൗതിക പുരോഗതിയുടെ അടിസ്ഥാന കാരണം സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് എന്നി വിഷയങ്ങളിലുണ്ടായ മുന്നേറ്റങ്ങളാണ്. പരസ്പര പൂരകങ്ങളായി കിടക്കുന്ന ഇവയെ എല്ലാം കൂടി സൂചിപ്പിക്കുന്നതിന് സ്റ്റെം എന്ന വാക്കുപയോഗിക്കാറുണ്ട്. (STEM Science Technology Engineering and Mathematics). കാലാകാലമായി ആർജിച്ചിട്ടുള്ള സ്റ്റെമ്മിലെ അറിവ് വരും തലമുറക്ക് കൈമാറുക എന്നത് എല്ലാ വിദ്യാഭ്യാസ പദ്ധതികളുടെ പ്രാഥമിക പരിഗണനകളിലൊന്നാണ്. ഇത് സാമാന്യം ബുദ്ധിമുട്ടുള്ളതും അത്യന്തം ശ്രദ്ധയോടു കൂടി നടപ്പാക്കേണ്ടതുമായ ഒരു പ്രവർത്തനമാണ്. ഇതിലൂടെ ഭാവിയിലേക്ക് വേണ്ട ശാസ്ത്രജ്ഞരേയും എഞ്ചിനിയർമാരെയും വാർത്തെടുക്കാൻ ഓരോ രാജ്യവും ശ്രമിക്കുന്നു. കുട്ടികളെ സ്റ്റെമ്മിലേക്കാകർഷിക്കാൻ പല വിദേശ രാജ്യങ്ങളും നൂതന പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്. നമ്മുടെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയിലൂടെ കടന്നുപോയാൽ കുട്ടികൾ കണക്കിനെയും സയൻസിനേയും വെറുക്കുന്ന സ്ഥിതിയാണുള്ളത്. പത്താം ക്ലാസൊക്കെ കഴിയുമ്പോഴേക്കും കണക്കും സയൻസും മിക്കവരുടേയും പേടി സ്വപ്നമാകും. ശാസ്ത്ര വിഷയങ്ങളിൽ ആഭി മുഖ്യമുള്ളവരെ പ്രോത്സാഹിപ്പിക്കാനും പ്രത്യേകം മെന്റർ ചെയ്യാനും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കുട്ടിക്ക് സ്റ്റെമ്മിൽ താൽപര്യമുണ്ടോ ? ചെറുപ്രായത്തിലെ തന്നെ പരീക്ഷണങ്ങൾ ചെയ്തു നോക്കാൻ താൽപര്യം കാണിക്കാറുണ്ടോ? ഒരു പുതിയ ഗാഡ്ജെറ്റ് കിട്ടിയാൽ അതഴിച്ചുപണിയാറുണ്ടോ? പാഠപുസ്തകത്തിനു പുറത്ത് ശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്യാൻ ശ്രമിക്കാറുണ്ടോ? എങ്കിൽ മാതാപിതാക്കൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം പരിചയപ്പെടുത്താം. റിഹാബ് സാവായും ആന്റണി ക്ലാർക്കും ചേർന്നെഴുതിയ what is your stem ? ആണത്. യൂ പി ഹൈസ്കൾ ക്ലാസുകളിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ചെയ്തു നോക്കാവുന്ന വിവിധ സ്റ്റെം പരീക്ഷണങ്ങൾ ഇതിലുണ്ട്. സ്കൂളുകളിലെ ശാസ്ത്ര അധ്യാപകർക്ക് ക്ലാസ് മുറികളിൽ ഇതിലെ പരീക്ഷണങ്ങൾ ഉപയോഗിക്കാം. കുട്ടിയുടെ ഒപ്പം ഒരു മെന്റർ കൂടെ നിന്ന് ചെയ്യിക്കുന്ന വിധത്തിലാണ് പരീക്ഷണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിശേഷാവസരങ്ങളിൽ സമ്മാനമായിക്കൊടുക്കാൻ പറ്റിയതാണി പുസ്തകം. ഈ പുസ്തകത്തിന്റെ പുറം ചട്ടയും ഇലക്ട്രിക് മോട്ടർ എങ്ങിനെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രായോഗികമായി വിശദീകരിക്കുന്ന താളിന്റെ ചിത്രവും താഴെക്കൊണിച്ചിരിക്കുന്നു. |