കഥ

വനദുർഗ്ഗ

ഞാനും ഗോപിപ്പിള്ളയും തോട്ടുകല്ലേൽ ഇട്ടിയാശാന്റെ ശിങ്കിടികളായിരുന്നു. ആശാന് ഒരു വില്ലീസ് ജീപ്പുണ്ട്, കയ്യിൽ ഇഷ്ടം പോലെ കാശും. ആശാൻ ദുരത്തോട്ട് വണ്ടിയോടിക്കില്ല. ഞങ്ങൾക്കാണെൽ വണ്ടിയെന്നു വെച്ചാൽ ജിവനും. ആശാന് അത്യാവശ്യം തരികിടയൊക്കെയുണ്ട്. ഭാര്യ നേരത്തെ മരിച്ചു. മകളെ കെട്ടിച്ചയച്ചു. എവിടേലും യാത്രയുണ്ടേൽ ആശാൻ ഞങ്ങളെ കൂട്ടും. കമ്പനിക്കും പിന്നെഅത്യാവശ്യം സ്വയരക്ഷക്കും.

സംഭവം നടന്നത് പത്തു മുപ്പത് കൊല്ലം മുൻപാണ് . ഞാനും ഗോപിപ്പിള്ളേം പത്തിൽ തോറ്റ് നിൽക്കുന്ന സമയം.
മുരിക്കാശേരീൽ ഒരു മരിച്ചടക്കിന് പോയി തിരിച്ചു വരുന്ന വഴിയാണ് സംഭവം. പാറത്തോടന്റെ ചാരായ ഷാപ്പീന്ന് ആശാൻ മുക്കറ്റ മടിച്ചു. പാട്ട് പാടും എന്ന നിലക്കായപ്പോൾ ഞാനും പിള്ളേം കൂടി ആശാനെ വലിച്ച് വണ്ടിയിലിട്ടു.

കുളമാവിനടുത്തു വെച്ചാണ് ഗോപിപ്പിള്ളക്ക് ഒരു ഐഡിയാ തോന്നിയത്. കൂപ്പ് റോഡ് വഴി തിരിഞ്ഞാൽ എളുപ്പം തൊടുപുഴക്കെത്താം. ഒരു മണിക്കുർ ലാഭം. ആശാൻ ഉറക്കമായതുകൊണ്ട് വേറെ ഒന്നും നോക്കീല്ല.

വണ്ടി കാട്ടിൽ കൂടി ഓടിക്കൊണ്ടിരുന്നു.

” വഴി തെറ്റുമോ “

ഞാൻ ചോദിച്ചു.

” എയ്. ഇല്ല. ഞാൻ ഒരിക്കൽ തടി ലോറിയൽ ഇതു വഴി വന്നിട്ടുണ്ട് ”

കൂപ്പിനുള്ളിൽ എവിടെയോ വെച്ചാണ് ആശാൻ ഉണർന്നത്.

“വണ്ടി നിറുത്തടാ. എനിക്കൊന്ന് മുള്ളണം”

പിള്ള വണ്ടി നിറുത്തി. ആശാൻ വണ്ടീന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അവൻ ഇങ്ങനെ പറഞ്ഞത്.
“ ആശാനെ അത് ആലും ചോടാ. ഊരാളികളുടെ പ്രതിഷ്ഠയുള്ള സ്ഥലമാ. ഞാൻ കുറെ കൂടെ മുന്നോട്ട് നിറു ത്താം. ഇവിടെ വേണ്ട“

ആശാൻ ഉച്ചത്തിൽ രണ്ട് തെറി പറഞ്ഞു. ഗോപി വണ്ടി മുന്നോട്ടാക്കി . തിരിച്ച് വണ്ടിയിൽ കയറാൻ നേരം ആശാൻ ചാരായത്തിന്റെ മൂച്ചി നാണെന്ന് തോന്നുന്നു ഒരു കല്ലെടുത്ത് വണ്ടിയിലിട്ടു.

“ഇതിവിടെ കിടക്കട്ടെ ”

കൂപ്പിറങ്ങി സമതലത്തിലെത്തിയപ്പോൾ ഞാൻ ഡ്രൈവറായി. ഗോപി പി റകിലും. നെല്ലാപ്പാറക്കയറ്റത്തിൽ വെച്ചാണ് ഗോപി വീണ്ടും വാ തുറന്നത്.
“എന്നാ പണിയാ ആശാനെ കാണിച്ചത്. ഇത് വനദുർഗ്ഗയാ. കോപിച്ചാൽ ഭദ്രകാളിയാവാൻ എളുപ്പമാ. വണ്ടി തിരിച്ച് വിട്”

ആശാൻ രണ്ട് തെറി കൂടെ പറഞ്ഞു. കെട്ടിറങ്ങിയതു കൊണ്ടാണെന്ന് തോന്നുന്നു പിന്നീട് ആരും ഒന്നും പറഞ്ഞില്ല.

വണ്ടി കവലയിൽ എത്തിയപ്പോൾ ആശാൻ തന്നെ ദേവിയെ എടുത്ത് വേലപ്പൻ പിള്ളാച്ചന്റെ ചായക്കടയുടെ മുമ്പിലെ ബഞ്ചിൽ വെച്ചു.
” വേലപ്പൻ വല്ല വിളക്കും വെച്ചോളും’’ ആശാന്റെ ശബ്ദത്തിൽ ചെറിയ ഒരു പേടി ഉണ്ടായിരുന്നില്ലേ എന്ന് എനിക്കു തോന്നി. പാതിരാ കഴിഞ്ഞതിനാൽ ഞങ്ങൾ വായനശാലയിലാണ് കിടന്നത്. കിടക്കാൻ നേരം ആശാൻ ഒരു കാൽ കുടി അടിച്ചു.

നേരം വെളുത്തപ്പോൾ ആ ശാനില്ല. കാലത്തെ പോയിക്കാണണം.
അന്ന് വൈകിട്ടും പിറ്റേന്നും ആശാൻ കവലക്ക് വന്നില്ല. മൂന്നാം ദിവസം ഞാനും ഗോപിയും അന്വോഷിച്ച് ചെന്നു. ആശാൻ പനിച്ച് വിറച്ച് കിടക്കുന്നുണ്ടായിരുന്നു. നമ്മളെക്കണ്ടതും രണ്ട് തെറി കൂടി പറഞ്ഞു.

തിരിച്ചിറങ്ങുമ്പോൾ ഗോപി പറഞ്ഞു. “ദേവി കോപം”
പതിനാലാം ദിവസമായിരുന്നു ആശാന്റ ശവമടക്ക്. അടക്ക് കഴിഞ്ഞ് ഞാനും ഗോപിപ്പിള്ളയും കൂടി വായനശാലയിലിരിക്കുമ്പോഴാണ് രണ്ട് പോലിസുകാർ വന്നത്. എന്നെയും ഗോപിപ്പിള്ളയേയും തപ്പി. ഭരണങ്ങാനം ഷാപ്പിൽ വെച്ച് ആശാൻ നടത്തിയ ഒരു തല്ലു കേസ് വാറണ്ടായത്രെ.
ഞാൻ ഓടി. പാവം പിള്ളയെ അവർ തൂക്കി. പിറ്റേന്ന് കാലത്തെ ഞാൻ കുടകിന് വണ്ടി കയറി. പിന്നെ നാട്ടിലേക്ക് പോയിട്ടില്ല. ഇവിടെ അഞ്ചാറെക്കർ പറമ്പൊക്കെ യുണ്ട്. കുറച്ച് ഇഞ്ചിയും കാപ്പിയുമൊക്കെയായി പോകുന്നു. നാട്ടിലെന്ന് പോകണമെന്ന് കുറെക്കാലമായി പുതി. അങ്ങനെയാണ് ഇന്ന് കാലത്ത് കവലയിൽ ബസിറങ്ങിയത്. സ്ഥലം ആകെ മാറിയിരിക്കുന്നു. വായനശാലയിരുന്നിടത്ത് ഷോപ്പിംഗ് കോംപ്ലക്സ്
പിള്ളാച്ചന്റെ ചായക്കടയിരുന്ന സ്ഥലത്ത് വലിയ ഒരു ഫ്ലക്സ്. ഗോപിപ്പിള്ളയുടെ ഫോട്ടോ .
വനദുർഗ്ഗാ ദേവി ക്ഷേത്ര യോഗം പ്രസിഡന്റ് ഗോപിനാഥൻ. എൻ. പിള്ളക്ക് അഭിവാദ്യങ്ങൾ.

വരാനുള്ളത് അല്ലേലും വഴീൽത്തങ്ങുകേല

 

.

Leave a Reply

Your email address will not be published. Required fields are marked *