തൊടുപുഴ, മീനച്ചിൽ താലൂക്കുകളിലെ വിവിധയിടങ്ങളിലാണ് എന്റെ ബാല്യവും കൗമാരവും കഴിച്ചുകൂട്ടിയത്. 70 കളിലും 80 കളിലും ഇവിടുണ്ടായിരുന്ന ജീവിതരീതികൾ മിക്കവാറും മാറിപ്പോയി. അക്കാലത്തെ പ്രധാന ഭക്ഷണ വസ്തുക്കൾ കപ്പയും ചക്കയുമായിരുന്നു. കാലത്തും വൈകിട്ടും ഏതെ ങ്കിലും ഒരു പുഴുക്ക് നിർബന്ധമാണ്. ഇവിടങ്ങളിൽ നെൽകൃഷി പൊതുവേ കുറവായതിനാൽ പുഴുക്കാണ് മെനുവിലെ പ്രധാന ഐറ്റം.
സെപ്റ്റംബർ മുതൽ ജനുവരി വരെ പച്ചക്കപ്പയുടെ സീസണാണ്. ഡിസംബർ അവസാനത്തോടെ എല്ലാ വീട്ടിലും ഒരു കപ്പ വാട്ട് മഹോൽസവം ഉണ്ടാകും. അയൽക്കാരൊക്കെ ചേർന്ന് അത്യാവശ്യം വാറ്റൊക്കെ അടിക്കും. എല്ലാവരും കൂടെ പച്ചക്കപ്പ അരിഞ്ഞ് വാട്ടി ഉണക്കി ചാക്കിലാക്കും, മഴക്കാലത്തെ ഉപയോഗത്തിന് . വാട്ടിയ കപ്പ ഉണങ്ങാൻ മൂന്ന് നാല് ദിവസം എടുക്കും. ഈ സമയത്ത് മഴയൊന്നും വരാതിരുന്നാൽ ചേട്ടത്തിമാരുടെ വക പ്രത്യേകനേർച്ചയൊക്കെ അരുവിത്തുറ വല്യച്ചന് വർഷാവസാനം കിട്ടും. മിനച്ചിൽ ഭാഗത്ത് തൊണ്ടു പൊളിച്ചാണ് കപ്പ വാട്ടുന്നത്. തൊടുപുഴയിൽ പൊതുവെ പുറംതൊലി ചുരണ്ടിയിട്ടും .
ജനുവരി അവസാനം മുതൽ ചക്ക സിസൺ തുടങ്ങും. കാലവർഷം തുടങ്ങുന്നതു വരെ ചക്കയുടെ വിവിധ വകഭേദങ്ങൾ പ്രഭാത ഭക്ഷണമായും നാലു മണിക്കാപ്പി ആയും അവതരിക്കും. മഴക്കാലം തുടങ്ങിയാൽ ഉണക്കക്കപ്പയുടെ ചാക്ക ഴിക്കുകയായി
ഉണക്ക കപ്പക്ക് കറി പൊതുവെ ഉണക്കമീനായിരിക്കും. മഴക്കാലത്ത് പച്ച മീൻ എവിടുന്ന് കിട്ടാൻ. കടൽത്തീരത്തു നിന്ന് അകന്ന സ്ഥലങ്ങളായതിനാൽ വേനലിൽ പോലും പച്ച മീൻ വളരെ അപൂർവമായേ കിട്ടു. പുതുമഴ സമയത്ത് ത്തോട്ടിൽ നിന്ന് വല്ല മുഷിയോ വരാലോ കിട്ടിയാലായി.
എല്ലാ വീടുകളിലും മുന്നാലു കിലോ ഉണക്കമീൻ സ്റ്റോക്ക് കാണും. മിക്കവാറും സ്രാവ് പോലെയുള്ള ഏതെങ്കിലും വമ്പൻ മീനിന്റെ ഉപ്പിട്ടുണങ്ങിയ വലിയ കഷ്ണമാകും വാങ്ങുക. അടുപ്പിന് മുകളിൽ പുകയടിച്ച് അവനങ്ങനെ തുടങ്ങിക്കിടക്കും. അത്യാവശ്യം മീൻമണമൊക്കെ കാണും. ഇതിൽ നിന്ന് ഒരു തുണ്ട് മുറിച്ച് ചെറു കഷ്ണങ്ങളാക്കി ഉപ്പിറക്കാൻ വെള്ളത്തിലിടും . പിറ്റേന്ന് ഇവനെ എടുത്ത് കഴുകി തേങ്ങ അരച്ച് വെക്കുന്ന ഒരു കറിയുണ്ട്. ഒരു പ്ലേറ്റ് ഉണക്കക്കപ്പ ഒറ്റയടിക്ക് അകത്താക്കാം . അമ്മയ്ക്ക് മടി പിടിച്ചാൽ ഉണക്കമീൻ ചുട്ട് കാന്താരിയും ഉള്ളിയും ചേർത്ത് ഇടിച്ച് ഒരു ചമ്മന്തിയുണ്ടാക്കും. കുറച്ചേ തരു. ആ മണം അടിച്ച് രണ്ട് തവി പുഴുക്ക് അകത്താക്കാം. വിശേഷാവസരങ്ങളിൽ ഉണക്ക ച്ചെമ്മീന്റെ ചമ്മന്തി പുറത്ത് വരും.
ചക്കയുടെ കൂടെ .പൊതുവെ ഉണക്കമീൻ വെക്കാറില്ല. വല്ല മാങ്ങാച്ചമ്മന്തിയോ കടുക് മാങ്ങായോ മുളക് പൊട്ടിച്ചതോ ആകും കറി. ഓണം കഴിഞ്ഞാൽ ചിലപ്പോൾ ചേന ചേമ്പ് കാച്ചിൽ ഒക്കെ പുഴുക്കായി അവതരിക്കും. പക്ഷെ ഉണക്കമീൻ ഇവരോടൊപ്പം അങ്ങിനെ ചേരില്ല.
ഇത്തിരി ഉണക്കിറച്ചി മിക്ക വീടുകളിലും കാണും അതിഥികൾ ആരെങ്കിലും വന്നാൽ പെട്ടെന്ന് ഒരു സെപഷൽ കറി ഉണ്ടാക്കാൻ. ഈസ്റ്ററിനോ ക്രിസ്തുമസിനോ ഒന്നോ രണ്ടോ കിലോ പോത്ത് ഇതിനായി വാങ്ങി വെയിലത്തുണക്കി പുകക്കാൻ ചേരിൽ കയറ്റും.
അതൊക്കെ ഒരു നൊസ്റ്റാൾജിയ. എല്ലാ സീസണിലും പച്ചക്കപ്പ കിട്ടുന്നതിനാൽ ഇപ്പോൾ ഉണക്കക്കപ്പക്ക് മാർക്കറ്റില്ലത്രെ. സാധനം അങ്ങനെ കിട്ടാനുമില്ല. കിട്ടിയാലും പുഴുക്കിന് പഴയ രുചിയില്ല. ഉണക്കമീനിൽ ചേർക്കുന്നത് വിഷവസ്തുക്കളാണ് സൂക്ഷിക്കണം എന്ന് ചിലരൊക്കെ ഉപേദേശിക്കുന്നുമുണ്ട്. എവിടേലും ഒത്തുകിട്ടിയാൽ തൊണ്ട് പൊളിച്ച ഒരു ചാക്ക് ഉണക്കക്കപ്പ വാങ്ങണം.