വൈകിട്ടായാൽ ഈ നഗരകാന്താരത്തിനാകെ പൊരിച്ച ചിക്കന്റെ മണമാണ്.
കാത്തു നിന്ന് പുളിയറക്കോണം വണ്ടിയിൽ ഇടിച്ചു കയറിയാൽ ആണുങ്ങൾക്ക് എല്ലാം ഏതോ പുളിച്ചു റമ്മിന്റെ മണം , പെണ്ണുങ്ങൾക്ക് ക്ലിനിക്ക് പ്ലസിന്റെയും.
ഇന്നു രാത്രി ഒരു കടലാസുതോണിയുണ്ടാക്കും ഞാൻ . നാളെ അതിരാവിലെ ഈ സങ്കടക്കടലിൽ നിന്ന് രക്ഷപെടാൻ .
പദ്മനാഭനുണരും മുൻപ് ചെക്ക് പോസ്റ്റ് കടക്കണം. അതിർത്തി കടന്നാൽ സ്വാതന്ത്ര്യം. മാർത്താണ്ഡത്തിനപ്പുറം പപ്പനാവന് റേഞ്ചില്ലല്ലോ. തക്കല കഴിഞ്ഞാൽ തോന്നുന്ന വഴികളിലുടെ തുഴയണം. ഇടത്തോട്ടിൻഡിക്കേറ്ററിട്ട് വലത്തോട്ട് തിരിയണം. ആദ്യം കാണുന്ന ചായക്കടയിൽ നിന്ന് ഒരു കാലിയടിക്കണം. ആരും തിരിച്ചറിയാതിരിക്കാൻ എന്റെ കടലാസുതോണി എ തേലും പൊന്തക്കാട്ടിലൊളിപ്പിച്ച് എങ്ങോട്ടെന്നില്ലാതെ അലയണം. അപ്പോൾ ഒരു പച്ചപ്പാടം കാണും. അതിന്റെ നടുവിൽ ഒരു കുന്നും.
കന്നിൻ മുകളിൽ കിളികളേ നോക്കിയിരിക്കണം. അവരങ്ങനെ പറന്നു പോകാന്നത് ഒരു ചിത്രത്തിലാക്കണം. ചിത്രശലഭങ്ങളോടും തുമ്പികളോടും കിന്നരിക്കണം. കുയിലമ്മക്കൊരെതിർ പാട്ടു പാടണം സൂര്യനുച്ചിയിലെത്തുമ്പോൾ പുഴയിലിറങ്ങി നീന്തണം. ഇതെല്ലാം നാളെ നാളെയെന്ന് വിചാരിച്ചിന്നുറങ്ങുമ്പോൾ സ്വപ്നത്തിലെങ്കിലുമി സ്വപ്നമൊന്ന് സാക്ഷാത്കരിക്കണം.