കഥ

ബ്രൊ

വണ്ടി ബസ്റ്റോപ്പിൽ നിർത്തുന്ന ശീലം പൊതുവെ തിരുവനന്തപുരത്തില്ല. തിരക്കുള്ള തിങ്കളാഴ്ചകളിൽ പ്രത്യേകിച്ചും. LMS ൽ നിറുത്താത്തതിന് ഡ്രൈവറെ പഴിച്ച് കൊണ്ട് റോഡ് ക്രോസ് ചെയ്ത് PMG യിലേേക്കോടുന്നതിനിടയിലാണ് ആ നീളൻ കുപ്പായക്കാരൻ എന്നെത്തടഞ്ഞത്. കണ്ണുകളിൽ പരിചയ ഭാവം

“നാളത്തെ കേരള വേണോ “
വേണ്ടെന്ന് പറയാൻ ആഞ്ഞപ്പോഴാണ് അയാളെ ശ്രദ്ധിച്ചത്. പ്രത്യേകിച്ചും ആ കണ്ണുകളെ. കരുണാസാഗരത്തിന്റെ അക്കരെ നിന്നുറ്റുനോക്കുന്ന ആ കണ്ണുകൾ എവിടെയോ കണ്ട പോലെ.

അപരിചിതൻ ചോദിച്ചു.

“നിയെന്താ ഇവിടെ ”

” ഇപ്പോൾ ഇവിടെയാ “

സ്വരം ഓർമ്മ വരുന്നില്ല. പക്ഷെ മുഖം നല്ല പരിചയം.
നീളൻ കുപ്പായത്തിനിടയിലൂടെ പുറത്തേക്ക് നീണ്ട വിരലുകൾ എവിടെയോ കണ്ടിട്ടുണ്ട്.

” ഒരെണ്ണം എടുക്കെടാ, കാലത്ത് ചായക്കാശ് ഒത്തില്ല ”

പെട്ടെന്ന് നാൽപതു കൊല്ലം മുൻപ് കണ്ടു മറന്ന ആ മുഖംഓർമ്മ വന്നു. മുൾക്കിരിടമുണ്ടെങ്കിലും അവന്റെ കണ്ണുകളിൽ തെളിഞ്ഞ ആ ശാന്തഭാവത്തെ, തിരുവിലാവിൽ നിന്നു വീണ ചുവന്ന തുള്ളികളെ, കുഞ്ഞാടുകളെ തലോടിയ നീണ്ട ആ വിരലുകളെ എല്ലാം ഒരിക്കൽ കൂടി മനസിൽ കണ്ടു. പക്ഷെ അവന്റെ സ്വരം മാത്രം ഓർമ്മ വന്നില്ല അന്നു പറഞ്ഞ വാക്കുകളും.

ഞാൻ ചോദിച്ചു.

“ബ്രോ, എന്തു പറ്റി “

“ചെവി കേൾക്കാതായി, കണ്ണും മങ്ങി, ഗബ്രിയേലും മീഖായേലും കൂടി എല്ലാം പങ്കിട്ടെടുത്തു”

“എന്നിട്ട് ”

“പണമില്ലെങ്കിൽ പിണം. നീ ഇതൊന്നെട്”

8.10 ന്റെ സൂപ്പർഫാസ്റ്റ് പോകുന്നത് റോഡിനിക്കരെ നിന്ന് കണ്ടു. നാളത്തെ കേരളായുമായി കാൽനടക്കാരന്റെ പച്ച വരാൻ സിഗ്നലിൽ കാത്തു നിന്നപ്പോഴാണ് അവന്റെ വാക്കുകൾ ഓർമ്മ വന്നത്, സ്വരവും. മത്തായി ഏഴിന്റെ പതിമൂന്ന് .

ഞാൻ തിരിഞ്ഞ് നോക്കി നീളൻ കുപ്പായത്തിന്റെ നിഴൽ പാളയം ഭാഗത്തേക്ക് നിങ്ങുന്നുണ്ടായിരുന്നു. അപ്പോൾ അവന്റെ നേർച്ചപ്പെട്ടി എന്നേ നോക്കി പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *