മഴക്കാലമായാൽ മലയിറങ്ങി വരുന്ന വണ്ടികൾ അങ്ങനെ സമയക്രമമൊന്നും പാലിക്കാറില്ല. കോടയിറങ്ങിയാൽ പ്രത്യേകിച്ചും. അന്ന് വഴിയിൽ വെച്ച് ടയർ പഞ്ചറായതു കാരണം വണ്ടി പതിവിലും താമസിച്ചു. പട്ടണത്തിലെത്തി വേറൊരു വണ്ടി മാറിക്കയറിയാലേ വീട്ടിലെത്തു.
ഇനി കണക്ഷൻ ബസ് കിട്ടാൻ സാധ്യതയില്ലെന്ന് ഓർത്തപ്പോഴാണ് ഞാൻ മൂന്നാം വളവിൽ ഇറങ്ങാൻ തീരുമാനിച്ചത്. അവിടുത്തെ പെട്ടിക്കടയിൽ നിന്ന് ഒരു കാലിയടിച്ച് തോട്ടത്തിലെ ഇടവഴിയിലൂടെ മുക്കാൽ മണിക്കൂർ നടന്നാൽ
കുപ്പിലേക്ക് പോകുന്ന മൺപാതയിലെത്തും . അവിടെ നിന്ന് ഏതെങ്കിലും ലോറിയോ ജിപ്പോ കിട്ടിയാൽ 15 മിനിട്ടിൽ വീട്ടിലെത്താം. അല്ലെങ്കിൽ അതു കുടി നടക്കണം. ചെറിയ റിസ്കുണ്ട്. എന്തായാലും ഇറങ്ങുക തന്നെ. വളരെക്കാലം മുൻപ് ഒരിക്കൽ റോഡിൽ മരം വീണ് ബ്ലോക്കായപ്പോൾ ഈ വഴി പോയിട്ടുണ്ട്. കുട്ടിക്കാലത്ത് കളിച്ചു നടന്ന സ്ഥലവുമാണ്.
ഒരിക്കൽ കൂടിപരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു. മറ്റൊന്നും ആലോചിച്ചില്ല.
പെട്ടിക്കടക്കാരൻ പാലില്ലെന്നറിയിച്ചു.
ദിനേശിന്റെ ഒരു പൊതിയും ഒരു മെഴുകുതിരിയും വാങ്ങി. നല്ല മഴക്കാറുണ്ടായിരുന്നു. തോട്ടത്തിലെ റബർ മരങ്ങളൊക്കെ ഉറങ്ങാൻ തയ്യാറായ പൊലെ ഇലയൊക്കെചരിച്ച് നിന്നു. ഇടവഴിയിലൊക്കെ ചെടികൾ വളർന്നിരിക്കുന്നു വഴി നൂൽപാമ്പിനെ പോലെ ശോഷിച്ചു വളഞ്ഞു പുളഞ്ഞതാണ്. കുറെ നടന്നു കഴിഞ്ഞപ്പോഴാണ് ഇവിടെ ഇറങ്ങേണ്ടിയിരുന്നില്ല എന്ന് തോന്നിയത്.
ഒരു ബിഡി കത്തിച്ചപ്പോൾ ഒന്ന് ഉഷാറായി. പതിയെ ഇരുട്ട് വന്നു. എങ്കിലും അരണ്ട വെളിച്ചത്തിൽ വഴി കാണാം.
മഴ ചാറാൻ തുടങ്ങി. ഞാൻ നടപ്പിന്റെ വേഗം കൂട്ടി. കശുമാവിൻ തോട്ടത്തിലേക്ക് കടന്നപ്പോഴാണ് എനിക്ക് രമണിയേ ഓർമ്മ വന്നത്. അവളുടെ വീടിപ്പരിസരത്തെവിടെയോ ആണ്. ആ ഓർമ്മ ഒരു പേടിയായി എന്റെ മുന്നിൽ നിന്നു. കാറ്റിന്റെ ശക്തി പെട്ടെന്ന് കൂടി.
എട്ടാം ക്ലാസിലെ വലിയ അവധിയുടെ സമയത്താണ് രമണി മരിച്ചത്. കശുമാവിന്റെ കൊമ്പിൽ.
രമണി എന്നേക്കാൾ രണ്ട് ക്ലാസ് മുന്നിലായിരുന്നു. പ്രായത്തിൽ അതിനും മുൻപേ. ചെറു ക്ലാസിൽ രണ്ടു മൂന്നിടത്തെങ്കിലും തോറ്റിട്ടുണ്ടാകണം. സ്കൂളിലോട്ടുള്ള വഴിയിലാണ് വീട്. അവിടെ വലിയ ഒരു ലൂബിക്ക മരമുണ്ട്. എനിക്ക് ഇടക്കെല്ലാം ലൂബിക്ക തരും. ഉപ്പ് കൂട്ടി തിന്നാൻ നല്ല രസമാണ്.
എനിക്ക് പോലിസ് വണ്ടി വന്നതും, വണ്ടിയിലിട്ടവളെ താലൂക്കാശുപത്രിയിൽ കൊണ്ടുപോയതും ഓർമ്മ വന്നു. ചില വഷളൻമാരെയൊക്കെ പോലിസ് ഇടിച്ചതും.
ഞാൻ നടപ്പിന് വേഗത കൂട്ടി. മഴ നിന്നു. വീണ്ടും കാറ്റടിക്കാൻ തുടങ്ങി .നല്ല ഇരുട്ട്. മെഴുകുതിരി കത്തിക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഒന്നുരണ്ട് ചില്ലകളൊക്കെ ഒടിയുന്ന ശബ്ദം. കാറ്റിന്റെ ഹുങ്കാരം പെട്ടെന്ന് കൂടി .ഞാൻ ഓടാൻ തുടങ്ങി. ഒരിടിമിന്നി. പെട്ടെന്ന് ഞാൻ രമണിയെക്കണ്ടു. കശുമാവിൻ കൊമ്പത്തിരുന്ന് എന്നെ നോക്കി ചിരിക്കുന്നു.
തിരിഞ്ഞ് നോക്കാതെ ഞാൻ വീണ്ടും ഓടി. മിന്നലിനൊപ്പം ഇടിയുമുണ്ട്. മഴ വീണ്ടും തുടങ്ങി. മൺപാതയിലേക്ക് ഇനിയും കുറേക്കൂടിയുണ്ട്. എവിടെയോ വെച്ച് എന്റെ ഓർമ്മ പോയി. കിനാവിൽ ഏതോ ഇടവഴി തിരിഞ്ഞപ്പോൾ ഒരു പിടി ലുബിക്കയുമായി അവൾ വീണ്ടും മുന്നിൽ.