കഥ

ചതി

പുലർച്ചെ മൂന്നു മണിയായി ക്കാണും ലാന്റ് ഫോൺ തുടരെ ബെല്ലടിക്കുന്നു. ഞാൻ കണ്ണുതിരുമ്മി എഴുന്നേറ്റുചെന്ന് ഫോണെടുത്തു.
“ഹലോ ”
‘’എടാ ഇത് വലിയ ചാച്ചനാ ”
മൂപ്പിലാൻ വിളിക്കാൻ കണ്ടനേരം. ഞാൻ പിറുപിറുത്തു. സാധാരണ കടനാട് പെരുന്നാളിന് മാത്രം വിളിക്കുന്ന ആളാണ്. അതും അമ്പെടുത്തോന്നറിയാൻ മാത്രം. തോണിക്കുഴി മാണിച്ചേട്ടൻ. ഗ്രാന്റ് ഫാദർ.

“എടാ നിനക്ക് കുമ്മനത്തിന്റെ അടുത്ത് വല്ല പിടിയുമുണ്ടോ “

” എന്താ കാര്യം”

” എടാ അത് പട്ടയപ്രശ്നം. ഇവിടെ മൊത്തം പട്ടയം റദ്ദാക്കീന്നല്ലെ അങ്ങേര് കഴിഞ്ഞ ആഴ്ച പറഞ്ഞത്. നീ കുമ്മനത്തേക്കുട്ടി ഡൽഹിക്ക് പോകണം . സുഷമയെകൊണ്ട് റോമിലേക്ക് നേരിട്ട് വിളിപ്പിക്കണം. കോര സാറിന്റെ അമ്മാച്ചന്റെ അളിയന്റെ വകേൽ ഉള്ള ത്രേസ്യാമ്മ റോമിലാ, കന്യാസ്ത്രി . പോപ്പിന് ചക്രം വല്ലതും വേണേൽ ആവഴി മുടക്കാം “

ഇനി ഫ്ലാഷ് ബാക്ക്.

1977ലാണ് തൊണ്ണൂറ്റാറാം വയസിൽ മാണിച്ചേട്ടൻ കട്ടേം പടോം മടക്കിയത്. രണ്ട് കുടിയിലായി മക്കൾ എട്ടെണ്ണം. അവരുടെ മക്കൾ, കൊച്ചു മക്കൾ കടനാട്ടിലും മലബാറിലും ദേഹണ്ടം . ശവടക്കിന് പള്ളി നിറയെ ആളുണ്ടായിരുന്നു. അടക്കും ഒപ്പീസും കഴിഞ്ഞ് കുഴി മൂടിയപ്പോഴേക്കും സന്ധ്യയായി. എല്ലാരും പോയിന്ന് ഉറപ്പായപ്പോ മാണിച്ചേട്ടൻ എഴുന്നേറ്റ് നടന്നു. വഴീൽ സ്വർഗ്ഗവും ശുദ്ധീകരണസ്ഥലവുമൊക്കെ കണ്ടെങ്കിലും മൂപ്പർ ശ്രദ്ധീച്ചേയില്ല. പുലർച്ചയോടെ ലുസിഫറിന്റെ മാളികയിലെത്തി. ബെല്ലടിച്ചു.

വേലക്കാരൻ വാതിൽ തുറന്നു.

‘ഇരിക്ക് ,എവിടുന്നാ ‘

‘കടനാട്ടീന്നാ, തോണിക്കുഴിലെ ‘

‘ മുതലാളി ഇവിടെ ഇല്ല, കാലത്തെ രണ്ടാത്മാക്കൾ ശുദ്ധീകരണസ്ഥലത്തുന്ന് ചാടിപ്പോയി. അവരേ നോക്കാൻ പോയതാ. ചേട്ടൻ ഇരിക്ക് , കാപ്പിയെടുക്കാം ‘

പതിനൊന്നര മണിയായപ്പോഴേക്കും ലൂസിഫർ വില്ലീസ് ജീപ്പിൽ പറന്ന് എത്തി. പിറകിൽ കിടന്ന രണ്ടാത്മാക്കളെ വലിച്ചിറക്കി റബർ ഷിറ്റിന്റെ കുടെ മുറ്റത്ത് ഉണങ്ങാനിട്ടു. അകത്ത് കയറിയപ്പോഴാ മാണിച്ചേട്ടനെ കാണുന്നത്.

” നി കാലത്തെ തന്നെ പോന്നോ, തോട്ടിൽ വെള്ളമൊക്കെ ഉണ്ടോടാ. ഈയാണ്ട് മീൻ വല്ലതും കിട്ടിയോ? ‘

‘ മഴ കുറവായിരുന്നു ‘

‘ഇനി എന്നാ പരിപാടി ‘

‘കിഴക്കെങ്ങാനും ഇച്ചരെ സ്ഥലം കിട്ടിയാൽ ‘

‘നിരന്നതൊക്കെ നേരത്തെ വന്നവർ മേടിച്ചു. നീ ആ കൂപ്പ് ഭാഗത്ത് കുറച്ച് വളഞ്ഞോ. അപ്പിടി കാടാ . പാമ്പും പഴുതാരേം കാണും. ഗീവറുഗീസിനോട് പറഞ്ഞാൽ ഒഴിപ്പിച്ച് തരും.’

അങ്ങനെ വളഞ്ഞെടുത്തതാ 1200 ഏക്കർ പറമ്പ്.

നേരത്തേ സ്ഥലത്തെത്തിയ ആദ്യ ഭാര്യയേയും മകനേയും കണ്ടു പിടിക്കാൻ ഒരാഴ്ച എടുത്തു. ഒരു മാസം കഴിഞ്ഞ് ഏറുമാടം കെട്ടി. ചിങ്ങമായപ്പോഴേക്കും അഞ്ചാറേക്കർ തെളിച്ച് കരനെല്ലും കപ്പേം നട്ടു.

പിറ്റേക്കൊല്ലം ഭൂമീലുള്ള മക്കൾ എല്ലാം കൂടി മാണിച്ചേട്ടന് അണ്ടച്ചാത്തം വെച്ചു. പള്ളിൽ കുർബാനേം ചെല്ലി. പത്തുനൂറ് ധർമ്മക്കാരേം ഊട്ടി.

ആ സമയം അങ്ങേ ലോകത്ത് മാണിച്ചേട്ടൻ തോട്ടിന്ന് പിടിച്ച വരാൽ കൂട്ടി കപ്പപ്പുഴുക്കും വാറ്റുചാരായവും അടിക്കുകയായിരുന്നു.

കാലം പോയപ്പോൾ സ്ഥലം തെളിഞ്ഞു. മണ്ണാർക്കാട്ട്കാരുടെ ബന്ധുക്കൾ വന്ന മുറക്ക് ചാരായ ഷാപ്പ് തുടങ്ങി. കുന്നേലച്ചൻ വന്നപ്പം ചെറിയ ഒരു പളളിം കൂടെ ഒരു പള്ളിക്കൂടോം. നാരായണൻ നായർ വന്നപ്പോൾ പള്ളിമുക്കിൽ ചെറിയ ഒരു ചായക്കട തുടങ്ങി. പിള്ളേര് സെറ്റ് ചിട്ടുകളിക്കാൻ ക്ലബും വോളിബോൾ കളിക്കാൻ കോർട്ടും ഉണ്ടാക്കി.

ഇതിനിടെ നാട്ടിലും വികസനം വന്നു. കോര സാർ എല്ലാ മുക്കിലും പാലം പണിതു. അടുത്ത തവണ ജയിച്ചാൽ മീനച്ചിലാറിന്റെ മുകൾ മൊത്തം കോൺക്രീട്ട് ചെയ്യുമെന്നും കേൾക്കുന്നു.

മാണിച്ചേട്ടന്റെ കൊച്ചു മക്കൾ ചിലര് നാടുവിട്ടു. ചിലര് നേഴ്സിങ്ങിന് പോയി. എല്ലാവരും പല വഴിക്കായി.

2005ലാണ് മുത്ത മകൻ തോണിക്കുഴി കുഞ്ഞേട്ടന് കാർഡ് വന്നത്. ലിവർ സിറോസിസായിരുന്നു. വിറകുപുരേൽ ഒരു ചാക്ക് ശർക്കര ഇരിക്കുന്നത് കണ്ടപ്പം ഞാൻ ഒന്ന് ഗുണദോഷിച്ചതാ. അപ്പന് ഞാൻ പറയുന്നത് കേൾക്കുന്ന ശീലം പണ്ടുമുതലേ ഇല്ല. പറഞ്ഞിട്ടെന്താ , ആർക്ക് പോയി.

മൈക്ക് ഒക്കെ വെച്ചായിരുന്നു അപ്പനെ പള്ളിലേക്ക് കൊണ്ടുപോയത്. കിം ഫലം . അടങ്ങിയിരിക്കുന്ന ശീലമില്ലല്ലോ. രാത്രി തന്നെ രണ്ടെണ്ണം അടിച്ച് അപ്പൻ പുറത്തിറങ്ങി. വല്യ ചാച്ചനെ പ്പോലെ അപ്പനും വഴിയൊന്നും തെറ്റില്ല. നേരേ ഉദ്ദേശിച്ച സ്ഥലത്തെത്തി.

ആലഞ്ചേരിക്കാരോട് കേസും പുക്കാറുമായി നടന്നതിനാൽ ലൂസിഫറിന്റെ പ്രതാപം കുറച്ച് കുറഞ്ഞിരുന്നു. വീട്ടു പേര് പറഞ്ഞപ്പം വല്യപ്പന്റെ അടുത്തേക്ക് വഴി പറഞ്ഞു കൊടുത്തു.

അപ്പനെക്കണ്ടതും വെല്യപ്പൻ ചൂടായി. ബാറ്ററിയിട്ടതും അട്ടയിട്ടതും വലിച്ചു കേറ്റുമ്പം ഓർക്കണം

‘ആ വടക്കുവശത്ത് പത്തേക്കർ തോട്ടമുണ്ട്. അത് എടുത്തോ. നല്ല സാധനം മേടിച്ചടിച്ചോണം. മണ്ണാർക്കാടന്റെ അടുത്ത് പറ്റിനോന്നും പോയേക്കരുത് ‘

കഴിഞ്ഞ പെരുന്നാളിന് അപ്പൻ വിളിച്ചപ്പോൾ പറഞ്ഞത് ഇവിടെ വലിയ കുഴപ്പമില്ല. അഞ്ചാറ് തലമുറക്ക് ഉള്ള പറമ്പുണ്ട്. എന്നാലും നിന്റെ വല്യപ്പൻ ഭയങ്കരപിശുക്കനാ. എല്ലാം കെട്ടിപ്പിടിച്ചോണ്ടിരിക്കുവാ.
—-
ഇങ്ങനെ ഉള്ള പറമ്പിന്റെ പട്ടയമാ മാർപ്പാപ്പ റദ്ദാക്കുന്നത്.

”നരകം ഇല്ലാ പോലും.”

ഇത്തിരി പുളിക്കും. അവിടെയുള്ള കോരസാറിന്റെ വീട്ടുകാര് വിചാരിച്ചിട്ട് നടക്കുന്നില്ലായിരിക്കും. അതാ സുഷമേക്കൊണ്ട് പോപ്പിനെ വിളിപ്പിക്കാൻ പറയുന്നത്.

നേരം വെളുക്കട്ടെ. പാർട്ടി ആപ്പീസ് വരെ ഒന്ന് പോകണം. എന്തേലും വഴികാണാതിരിക്കില്ല. നമുക്കും കൂടെ അനുഭവിക്കാനുള്ള മുതലല്ലേ . അങ്ങനെ കളയാൻ പറ്റുമോ.

Leave a Reply

Your email address will not be published. Required fields are marked *