കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളിലും താമസിച്ചിട്ടുണ്ട് കുറേക്കാലം മഹാനഗരമായ മുംബൈയിലും. കഴിഞ്ഞ 18 വർഷമായി തിരുവനന്തപുരത്താണ് സ്ഥിര താമസം. മഹാനഗരങ്ങളിലെ ഗതാഗത കുരുക്കിന്റെ കാഠിന്യം വെച്ചുനോക്കുമ്പോൾ തിരുവനന്തപുരത്ത് വലിയ തിരക്കുണ്ടെന്ന് തോന്നിയിട്ടില്ല .കൊച്ചിയിലേയും കോഴിക്കോട്ടെയും സ്ഥിതി ഇപ്പോൾ എനിക്ക് അറിയില്ല ട്രാഫിക്ക് തിരുവനന്തപുരത്തേ ക്കാൾ അല്പംകൂടി കാണുമായിരിക്കും.
തിരുവനന്തപുരത്തെ സ്ഥിര താമസക്കാരൻ എന്ന നിലയിൽ നഗരത്തിലെ ഗതാഗത കുരുക്കിനെക്കുറിച്ച് ചിലത് .
1 തിരുവനന്തപുരം ഒരു ചെറിയ പട്ടണമാണ് . എല്ലാവിധ ആക്ടിവിറ്റിയും സെക്രട്ടറിയേറ്റ് അതിനു ചുറ്റുമുള്ള ഓഫീസുകളും കേന്ദ്രീകരിച്ചാണ് ഇപ്പോൾ നടക്കുന്നത് (ടെക്നോപാർക്കിനെ മറക്കുന്നില്ല)
2 തിരുവനന്തപുരത്തേക്ക് വരുന്ന വഴികളിലെല്ലാം എവിടെയെങ്കിലും കുപ്പിക്കഴുത്ത് ഉണ്ട് . ഉദാഹരണങ്ങൾ പേരൂർക്കട വട്ടിയൂർക്കാവ് ശ്രീകാര്യം തിരുവല്ലം തുടങ്ങിയവ. ഈ ഇടങ്ങളിലൊക്കെ റോഡ് വീതി കൂട്ടുകയോ ഫ്ലൈ ഓവറുകൾ പണിയുകയോ ചെയ്താൽ പകുതി തിരക്ക് കുറയും.( വീതി കൂട്ടാൻ അമ്പലം പള്ളി ബാർ എന്നിവ തടസമാകും )
3) തമ്പാനൂർ ബസ്റ്റാന്റ് അടിയന്തരമായി ഇഞ്ചക്കലിലേക്ക് മാറ്റണം. ഇപ്പം മാറ്റും, ദാ മാറ്റാൻ പോകുന്നു എന്നി പ്രസ്താവനകളല്ല വേണ്ടത്. ഒരു ദിവസം നിശ്ചയിച്ച് അങ്ങ് മാറ്റണം.
4) ദീർഘദൂര സർവീസുകൾ ഒരെണ്ണം പോലും നഗരത്തിനുള്ളിൽ കയറരുത്.
5) തിരുവനന്തപുരത്തെ സകലമാന സിറ്റി ബസ്സുകളും കിഴക്കേകോട്ടക്കാണ് പോകുന്നത്. ഒരാൾക്ക് പേരൂർക്കട നിന്ന് മെഡിക്കൽ കോളജിലേക്ക് ബസിൽ പോകണമെങ്കിൽ ചുരുങ്ങിയത് 2 ബസ് മാറിക്കയറണം. ഇതു പോലെ മറ്റിടങ്ങളിലേക്കും. സിറ്റി ബസുകൾ ഓടുന്ന വഴി മനുഷ്യരുടെ ആവശ്യാനുസരണം ക്രമീകരിക്കണം .
5) തലസ്ഥാനത്തെ ട്രാഫിക് ലൈറ്റുകൾ പത്തോ പതിനഞ്ചോ കൊല്ലം മുമ്പ് സെറ്റ് ചെയ്തവയാണ് അന്നത്തെ ട്രാഫിക് പാറ്റേൺ അല്ല ഇന്നുള്ളത് . കാറുകളുടെയും 2 വീലറുകളുടേയും എണ്ണം കൂടി. അതിനനുസരിച്ച് ട്രാഫിക്കും. ഉദാഹരണം പട്ടം ട്രാഫിക് സിഗ്നൽ കുറവങ്കോണത്തു നിന്ന് മെഡിക്കൽ കോളജിലേക്ക് പോകണമെങ്കിൽ കുറഞ്ഞത് 5 മിനിട്ട് സിഗ്നലിൽ നിർത്തണം
6) നഗരത്തിലെ സ്കൂളുകളുടെ പ്രവർത്തന സമയം പുനക്രമീകരിക്കണം. നഗര പ്രാന്തത്തിലുള്ള സർക്കാർ സ്കൂളുകൾ നിലവാരം മെച്ചപ്പെടുത്തണം. കോട്ടൺ ഹില്ലിലേക്കും പട്ടത്തേക്കുമുള്ള കുട്ടികളുടെ ഒഴുക്ക് കുറക്കണം.
സ്കൂളിലെ സമയക്രമമനസരിച്ച് പോലീസ് ട്രാഫിക് തിരിച്ചു വിടണം.
7 ) കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നടപ്പാതയും റോഡും പലരും കയ്യേറിയിട്ടുണ്ട് ഒഴിപ്പിക്കണം അമ്പലം പള്ളി തുടങ്ങിയവ പൊതു റോഡിൽ നടത്തുന്ന നേർച്ച ,വെടിക്കെട്ട് വഴിപാട് എന്നിവ അടിയന്തരമായി നിയന്ത്രിക്കണം.
8 പൊതുജനത്തിന് നിത്യോപയോഗമില്ലാത്ത കുറെയേറെ സർക്കാർ ആഫീസുകൾ കഴക്കൂട്ടം ഭാഗത്തേക്ക് മാറ്റണം. വമ്പൻ ഒരു ഓഫീസ് കോംപ്ലക്സ് പണിതാലും നന്ന്. ഏതെങ്കിലും റെയിൽവേ സ്റ്റേഷന്റെയോ ബസ്റ്റാന്റിന്റെയൊ അടുത്ത് ആയിരിക്കണം ഇതു പണിയേണ്ടത് .
9 ) ഇന്റർ സ്റ്റേറ്റ് ബസുകൾ പുറപ്പെടേണ്ടത് നഗരത്തിന് പുറത്തു നിന്നാവണം .
10) പ്രധാന റെയിൽവേ സ്റ്റേഷനായി കൊച്ചു വേളി വികസിപ്പിച്ചെടുക്കണം. അങ്ങോട്ടുള്ള റോഡ് അൻപതു വർഷത്തെ വികസനം മുൻകുട്ടിക്കണ്ട് വലുതാക്കണം.
11 ശംഖുമുഖത്തോ മറ്റോ സെക്രട്ടറിയേറ്റിന്റെ ഒരു അനക്സ് തുടങ്ങണം. പരാതി പരിഹാര വകുപ്പ് മാത്രം അവിടെക്ക് മാറ്റണം. സമരം,ധർണ്ണ ,തടയൽ ഒക്കെ അവിടെ മാത്രം അനുവദിക്കണം. വേണമെങ്കിൽ രാജ്ഭവന്റെ ഒരു ഔട്ട്പോസ്റ്റും ഒരു പോസ്റ്റോഫിസും കൂടിയാകാം.
ലൈറ്റ് ചായയും സ്ടോങ്ങ് കാപ്പിയും താങ്ങാനുള്ള ശേഷി തിരുവനന്തപുരത്തിനില്ല. പത്രലേഖകന്റെ ഉപദേശമനുസരിച്ച് പുതിയ വെള്ളാനകളെ ഉണ്ടാക്കാൻ എളുപ്പമാണ്. തീറ്റിപ്പോറ്റാൻ എളുപ്പമല്ല.
ചായക്ക് കടുപ്പം കൂട്ടാൻ പൊടി കൂട്ടിയാൽ മതി. പക്ഷെ വീണ്ടും ലൈറ്റാക്കണേൽ പാലും കൂടെ ചേർക്കണം. ഇത് തിരിച്ചറിഞ്ഞ്
DMRCയോട് കട്ടേം പടോം മടക്കാൻ പറഞ്ഞ സർക്കാരിന് പിന്തുണ.