കഥ

അന്തോണിയോസ് ദെ മോർട്ടിമെ

ഞാൻ അന്തോണിയോസ് ദെ മോർട്ടിമെ. മാലാഖയാണ്. ഇറ്റാലിയൻ പേര് കേട്ട് പേടിക്കരുത് . ഇപ്പോൾ തനി നാടൻ ആണ്. താന്നിമൂട്ടിൽ കുഞ്ഞേപ്പ് സാറിന്റെ കാവൽ മാലാഖ പണിയാണ് ഇപ്പോൾ. ഞങ്ങൾ മാലാഖാമാർക്ക് ഇങ്ങനത്തെ പേരാണ് പൊതുവിൽ. അതെങ്ങനാ കാവൽ മാലാഖാ മാരേക്കുറിച്ച് ഇക്കാലത്ത് ക്രിസ്ത്യാനികൾക്ക് പോലും വലിയ അറിവില്ല. പിന്നല്ലെ ഹിന്ദുക്കളും മുസൽമാൻമാരും. (അറിയണമെന്നുള്ളവർ ഒന്നാമത്തെ കമന്റ് കാണണം എന്ന് തോണി സാർ ഇവിടെ എഴുതും. അല്ലേലും റഫറൻസും സൈറ്റേഷനുമില്ലാതെ അങ്ങേർക്ക് എഴുത്ത് വരത്തില്ല.)

ഒരാത്മാവ് ഈ ഭൂമിയിൽ പിറക്കുമ്പോൾ സ്വർഗത്തിൽ നിന്ന് ഒരു കാവൽ മാലാഖായെ കൂട്ടിന് വിടും. ഭൂമിയിലെ ജീവിതം കഴിഞ്ഞ് ആത്മാവിനെ തിരിച്ചേൽപ്പിക്കുന്നതു വരെ ഇവിടെയാണ് നമ്മുടെ താമസം. ആ ഒരർത്ഥത്തിൽ കർത്താവിന്റെ ചാരൻമാരാണ് ഞങ്ങൾ.ലോകത്ത് നടക്കുന്ന ഓരോ സംഭവങ്ങളേ പറ്റിയും കർത്താവിന് കണക്കെടുക്കണ്ടെ.

ഞാൻ ഈ കുഞ്ഞേപ്പ് സാറിന്റെ കുടെ കൂടിട്ട് 76 വർഷവും 7 മാസവും പത്തു ദിവസവുമായി. ഇതു വരെ സുഖജീവിതമായിരുന്നു വലിയ പണിയൊന്നുമില്ല.

എന്നാൽ ഇന്ന് ഞാൻ വലിയ ഒരു പ്രതിസന്ധിയിലാണ്. ഞാൻ കാവൽ നിന്നിരുന്ന കുഞ്ഞേപ്പ് സാറിന്റെ ആത്മാവിനെ കഴിഞ്ഞ നാലു ദിവസമായി കാണാനില്ല. ഞാനിതാരോട് പറയാനാണ്. മറ്റു മാലാഖാമാരോടോ അതോ മനുഷ്യരോടോ? മനുഷ്യരോട് പറഞ്ഞാൽ വല്ല പോലീസുകാരും അന്വോഷിച്ചേക്കാം. പക്ഷെ ഇക്കാര്യം എനിക്ക് സ്വർഗ്ഗത്തിലേക്ക് റിപ്പോർട്ട് ചെയ്യാനെ വഴിയുള്ളു. ആത്മാവിനെ കാണാതായിന്ന് സ്വർഗ്ഗത്തിൽ പറഞ്ഞാൽ ഉണ്ടാകാൻ പോകുന്ന പുകിൽ എന്തായിരിക്കുമോ ആവോ ?

ഈയടുത്ത നാൾ വരെ കുഞ്ഞേപ്പ് സാർ നല്ല ഒരു മര്യാദക്കാരൻ ക്രിസ്ത്യാനിയായിരുന്നു .എന്റെ ഒരു ചെറിയ നോട്ടപ്പിശകാണ് ഈ ആത്മാവ് കൈവിട്ട് പോകാൻ കാരണം. പള്ളിവക സ്കൂളിലെ കെമിസ്ട്രി മാഷുമ്മാരായിരുന്ന സാറിനും ടീച്ചറിനും കൂടി കാൽ ഡസൻ മക്കളുണ്ട്. പുഴക്കരയിൽ നാലേക്കർ സ്ഥലവും അരയേക്കർ നിലവും.
രണ്ടാളും നല്ല അധ്വാനികൾ. സർവീസിൽ ഇരുന്ന കാലത്ത് ഒൻപതാം ക്ലാസിലെ കെമിസ്ട്രി പുസ്തകമൊഴികെ വേറൊന്നും സാർ വായിച്ചിട്ടില്ല. മക്കളെയൊക്കെ ബാംഗ്ലൂരും മണിപ്പാലിലുമൊക്കെവിട്ട് പഠിപ്പിച്ചു. മൂന്നും വിദേശത്താണ്. അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം ടീച്ചർ പോയി. അന്നു മുതൽ സാർ ഒറ്റക്കായി. ആദ്യമൊക്കെ ധ്യാനത്തിനൊക്കെ പോയി പിടിച്ചു നിന്നു . പക്ഷെ ഏകാന്തത ചെകുത്താന്റെ വിളനിലമാണ്.

ഞാൻ അന്നേ സാറിനെക്കൊണ്ട് ഒന്നൂടെ കല്യാണം കഴിപ്പിക്കണം എന്ന റി ക്വസ്റ്റ് സ്വർഗ്ഗത്തിലേക്ക് അയച്ചതാ. അവിടെ തപാൽ നോക്കുന്ന വിശുദ്ധൻ പഴയ തഹസിൽദാരാ. എന്തേലും തടഞ്ഞാലേ നടപടി വരൂ. ഞാൻ അന്നതത്ര കാര്യമാക്കി എടുത്തില്ല.അതാ കുഴപ്പമായത്.

പക്ഷെ ചെകുത്താൻ തക്കം പാർത്തിരിക്കുകയായിരുന്നു .പ്രലോഭനങ്ങൾ പല രീതിയിലാണല്ലോ. സാർ പത്രമാണ് ആദ്യം വായിച്ച് തുടങ്ങിയത്. അത് പിന്നീട് പുസ്തകങ്ങളിലേക്കും ശാസ്ത്രത്തിലേക്കും നിങ്ങി. പിന്നെ പരീക്ഷണങ്ങളിലേക്കും.

ബൈബിളാണ് സാറിനെ പ്രലോഭിപ്പിച്ചത്. കാനായിൽ കർത്താവ് വെള്ളം വീഞ്ഞാക്കിയ ഭാഗം പല തവണ വായിച്ചു. ഞാൻ പല തവണ ബൈബിൾ എടുത്ത് ഒളിപ്പിച്ചതാണ്. പക്ഷെ വീണ്ടും എവിടുന്നേലും പൊങ്ങി വരും.

സാർ വെള്ളം വിഞ്ഞാക്കാനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു. പല തവണ ഞാൻ ഇടപെടാൻ നോക്കി. പത്തു ലിറ്ററിന്റെ പ്രഷർകുക്കർ വാങ്ങിക്കൊണ്ടുവന്ന അന്നു തന്നെ സേഫ്റ്റി വാൽവിൽ തുളയിട്ടുവെച്ചു. പക്ഷെ ചെകുത്താൻ യൂസർ മാനുവലിന്റെ രൂപത്തിൽ അവതരിച്ചു. സാർ വേറൊരു വാൽവ് വാങ്ങിയിട്ടു.

നെല്ലും ശർക്കരയുമിട്ട് കുഞ്ഞേപ്പ് സാർ നടത്തിയ പരീക്ഷണം ആദ്യമൊന്നും വിജയിച്ചില്ല. ഗ്രന്ഥങ്ങൾ പലതുവായിച്ചു.അവസാനം പച്ച വെള്ളം വീഞ്ഞാക്കുന്ന ടെക്നോളജി കയ്യിലായി.

ജീവിതത്തിൽ ഇന്നോളം മദ്യപിച്ചിട്ടില്ലാത്ത സാർ താനുണ്ടാക്കിയ സാധനം ഒരു ടെസ്റ്റ് ഡോസ്‌ എടുത്തു നോക്കി. സംഗതി കൊള്ളാം. ഒരു കാവൽ മാലഖ എന്ന നിലയിൽ ഞാൻ ചില സൂത്രങ്ങളൊക്കെ പ്രയോഗിച്ചു നോക്കി. പക്ഷെ ചെകുത്താൻ ആരുഢത്തിലായിരുന്നു. എനിക്ക് സ്വർഗ്ഗത്തിലേക്ക് റിപ്പോർട്ട് അയക്കാൻ മാത്രമേ കഴിഞ്ഞുള്ളു.

വീഞ്ഞും വായനയും ശീലമായപ്പോഴാണ് സാറിന് ഈ ലോകത്തിന്റെ കിടപ്പിനേക്കുറിച്ച് , സൗന്ദര്യ ശാസ്ത്രത്തേക്കുറിച്ച് , തത്വസംഹിതകളേക്കുറിച്ച് ബോധ്യം വന്നു തുടങ്ങിയത്. ഞാൻ നിസ്സഹായനായി. വൈകിട്ട് പുഴക്കരയിലെ കല്ലിലിരുന്ന് സാർ ഓരോ പുസ്തകങ്ങൾ വായിക്കും. പകൽ മൊത്തം പരീക്ഷണം. പല തരം സാധനങ്ങൾ വീട്ടിൽ കുമിഞ്ഞുകൂടി

സാർ വീണ്ടും ബൈബിളിൽ കൈവെച്ചത് ഞാൻ വൈകിയാണ് കണ്ടത്. എന്തോ പരീക്ഷിക്കാൻ പോവുകയാണെന്ന് എനിക്ക് തോന്നി.

ഒരു കാര്യം ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു . കർത്താവ് വെളളത്തിന്റെ മുകളിൽ കൂടി നടന്ന ഭാഗമാണ് അങ്ങേർ വായിക്കുന്നത്. പഠനവും പരീക്ഷണങ്ങളും പലകുറി നടന്നു. ഷാലോം ടി വി യൊക്കെ സാർ നിരവധി തവണ കണ്ടു. ക്വാണ്ടം ഫിസിക്സും റോക്കറ്റ് ടെക്നോളജിയും സാർ ഹൃദിസ്ഥമാക്കി. ഇതിനിടെ ഞാൻ പല പണിയും നോക്കി. പക്ഷെ നടന്നില്ല. സ്വർഗ്ഗത്തിലേക്ക് പലകുറി റിപ്പോർട്ട് അയച്ചു. പക്ഷെ അവിടെ അത്ആരും കാര്യമാക്കിയില്ല.

നാലു ദിവസം മുൻപാണ് സാർ അവസാന പരീക്ഷണത്തിന് മുതിർന്നത്. നല്ല നിലാവുള്ള രാത്രി . കിഴക്കെ വി ടെ യോ മഴ പെയ്തിട്ടുണ്ട്. വെള്ളത്തിന്റെ നിറം കണ്ടാൽ അറിയാം. ഞാൻ ചിറക് ഉണക്കാൻ ഒരു വാഴക്കൈയിൽ ഇരിക്കുകയായിരുന്നു.

സാർ മുണ്ടൊക്കെ മടക്കിക്കുത്തി പതിയെ മുന്നോട്ട് നടന്നു .കാഴ്ച കണ്ട് ഞാൻ അമ്പരന്നു പോയി. കർത്താവ് വെള്ളത്തിനു മുകളിൽ കൂടി നടന്നു എന്നത് കെട്ടുകഥയാണെന്നാണ് മാലാഖാ മാരുടെ ഭരണഘടനയിൽ ഒള്ളതാ.

അത്ഭുതമെന്ന് പറയട്ടെ ഞാൻ നോക്കുമ്പോൾ കുഞ്ഞേപ്പ് സാർ വെള്ളത്തിന് മുകളിലൂടെ നടക്കുന്നു. പെട്ടെന്ന് ഒരു വെള്ള ആവരണം വന്ന് സാറിനെ മറച്ചു. ഒരിടി മുഴങ്ങി. എന്റെ കണ്ണിൽ ഇരുട്ട് കയറി.

എനിക്ക് ബോധം തെളിയുമ്പോൾ കുഞ്ഞേപ്പ് സാറിനെ കാണാനില്ലായിരുന്നു, സാറിന്റെ ആത്മാവിനേയും. ഇന്നു നാലായി. ഇന്ന് ഒരു റിപ്പോർട്ട് അയക്കേണ്ടതുണ്ട്.ഇനി ഞാൻ എന്തു ചെയ്യണം. നിങ്ങൾ പറയു .

Leave a Reply

Your email address will not be published. Required fields are marked *