നമസ്കാരം . ഞാൻ കാട്ടായിക്കോണം കമലാസനൻ . പാവം പൊതുപ്രവർത്തകനാണ്. കേരള മൃഗസംരക്ഷണ കോൺഗ്രസിന്റെ സ്ഥാപക പ്രസിഡന്റും. ചില അസുയാലുക്കൾ ഞാൻ മുണ്ടില്ലാതെ ഓടുന്ന ഒരു വിഡിയോ വാട്ട് സാപ്പിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ എന്റെ കടമയാണ്
.
ഞാൻ പൊതു പ്രവർത്തനം തുടങ്ങിയിട്ട് 20 വർഷമായി. ആദ്യമൊന്നും വലിയ മെച്ചമുണ്ടായില്ല. 2001 ലോ മറ്റോ ആണ് സെകട്ടറിയേറ്റ് നടയിൽ ഒരു ധർണ്ണക്ക് പോയതാണ്. അവിടെ ഒരു ചേച്ചി പ്രസംഗിക്കുന്നു. മൃഗങ്ങൾക്കെതിരെയുള്ള ക്രുരത തടയുന്നതിന് ഒരു നിയമമുണ്ടത്രെ. പെട്ടെന്ന് ഞാൻ എന്റെ വഴി തിരിച്ചറിഞ്ഞു. കേരള മൃഗ സംരക്ഷണ കോൺഗ്രസ് (KMSC)സ്ഥാപിച്ചു.
ആദ്യമൊക്കെ ആരെങ്കിലും പട്ടിയെക്കല്ലെറിയുക, പുച്ചക്കുഞ്ഞുങ്ങളെ റോഡിൽ വിടുക തുടങ്ങിയ ക്രൂരതകൾ കാണിച്ചാൽ പരാതിപ്പെടും. പരാതി പിൻവലിക്കാൻ ചില്ലറ ചിലവൊക്കെയുണ്ട്. പിന്നിട് പ്രവർത്തനം വിപുലീകരിച്ചു.
ഇപ്പോൾ മുറിവേറ്റ പട്ടികൾക്ക് ബോൺ വിറ്റ, തെരുവുനായ ഷെൽട്ടർ , ഡോഗ് ആംബുലൻസ് ഒക്കെ നടത്തുന്നു. പത്തിരുപത് വർഷമായി ഈ രംഗത്ത് ഉണ്ട് . രണ്ട് വിദേശ സന്ദർശനം ഒക്കെ തരപ്പെട്ടു. ഇപ്പോൾ നല്ല പേരാണ്
. അസുയക്കാരുടെ എണ്ണവും കുടി . അല്ലേലും ഒരാൾ നന്നാവുന്നത് ഈ നാട്ടുകാർക്ക് പിടിക്കില്ല.
ഇനി കാര്യത്തിലേക്ക് വരാം. കഴിഞ്ഞ നാലാം തിയതി ഞാൻ പൊങ്ങുംമൂട് നിൽക്കുമ്പോൾ ഒരു KM SC പ്രവർത്തകന്റെ ഫോൺ വന്നു . പട്ടത്ത് മൃഗ സംരഷണ വകുപ്പിന്റെ ജീപ്പിടിച്ച് ഒരു നായക്ക് പരുക്കേറ്റിട്ടുണ്ട്. വണ്ടി പിടിച്ചിട്ടിരിക്കുകയാ. അർജൻറായി വരണം.
ഞാൻ സ്കൂട്ടറുമെടുത്ത് പട്ടത്തേക്ക് വിട്ടു. കേശവദാസപുരത്തെത്തിയപ്പോൾ വൻ ബ്ലോക്ക് . വണ്ടികൾ നിങ്ങുന്നില്ല. ഞാൻ സ്കൂട്ടർ ഫുട്ട്പാത്തിലോട്ട് കേറ്റി. മുന്നോട്ട് പോയി. T M
വറുഗീസിന്റെ പ്രതിമയുടെ അടുത്ത് എത്തിയപ്പോഴാണ് ബ്ലോക്കിന്റെ കാര്യം പിടികിട്ടിയത്.
ഒരു നായ കുടത്തിൽ തലയിട്ട് നടു റോഡിൽ നിൽക്കുന്നു. ചെറിയ ആൾക്കുട്ടമുണ്ട്. KM SC പ്രസിഡന്റിന് ഇത് കണ്ടു നിൽക്കാനാവുമോ. ഞാൻ മുണ്ട് മടക്കിക്കുത്തി. കളത്തിലോട്ടറങ്ങി. ആദ്യത്തെ പിടുത്തത്തിൽ നായ ഒന്ന് കുതറി. എനിക്ക് ഒരു മാന്ത് കിട്ടി. ഞാൻ വിടുമോ . ചെറിയ ഒരു മൽപിടുത്തം നടന്നു. ഞാൻ പഴയ കളരിയാ . മുണ്ട് ഒരരുകിൽ ഇത്തിരി കീറി. ഞാൻ വിട്ടില്ല. ഒറ്റ വലി കുടം എന്റെ കയ്യിൽ.
പക്ഷെ പട്ടിയുടെ കലി മൊത്തം എന്റെ നേരെ ആയിരുന്നു കാലിൽ ഒരു കടി . ഞാൻ ഓടാൻ തുടങ്ങി. പട്ടി എന്റെ പിറകേയും. ഇതിനിടെ മുണ്ട് പോയത് ഞാൻ ശ്രദ്ധിച്ചില്ല. ബാക്കി വിഡിയോ നിങ്ങൾ കണ്ടുകാണും.
അത് കണ്ട് ചിരിക്കരുത് .അസുയ മൂത്ത ആരോ പടം എടുത്തതാണ്. വലിയ വേദനയുണ്ട്. ഒരു പൊതു പ്രവർത്തകന്റെ വികാരം നിങ്ങൾ മനസ്സിലാക്കണം.
ആരേലും മൃഗങ്ങള ഉപദ്രവിക്കുന്നതു കണ്ടാൽ ഫോട്ടോ എടുത്തയക്കണേ . കിട്ടുന്നതിന്റെ 20% തരാം. വാട്ട്സാപ് നമ്പർ KMSC യുടെ സൈറ്റിലുണ്ട്.
നന്ദി , നമസ്കാരം.