കാസർകോട് ടൗൺ പോലിസ് സ്റ്റേഷനിലെ ബെഞ്ചിലിരുന്നപ്പോഴാണ് എനിക്ക് മോപ്പസാന്റ Le bonheur എന്ന കഥയുടെ തുടക്കം ഓർമ്മ വന്നത്. ഇന്നലെ പോലിസുകാർ ഒരു റൗണ്ട് പെരുമാറിയതിനാൽ ശരീരമാകെ വേദനയുണ്ടായിരുന്നു. കഥയുടെ തുടക്കം ആലോചിച്ചുപ്പോൾ ചെറിയ ഒരാശ്വാസം തോന്നി.
C’était l’heure du thé, avant l’entrée des lampes. La villa dominait la mer; le soleil disparu avait laissé le ciel tout rose de son passage, frotté de poudre d’or; et la Méditerranée, sans une ride, sans un frisson, lisse, luisante encore sous le jour mourant, semblait une plaque de métal polie et démesurée.
പണ്ട് ഫ്രഞ്ച് ക്ലാസിൽ പഠിച്ചതാണ്. കഥ അവസാനിക്കുന്നിടത്ത് ഇങ്ങന്നെയുണ്ട്.
Une autre prononça d’une voix lente:
– Qu’importe! elle fut heureuse.
(Someone else said in a slow voice, “What does that matter! She was happy.”)
അതോർത്തപ്പാൾ വേദനക്കിടയിലും ഒരു സന്തോഷം bonheur.
ഞാൻ മഡ്ഗാവിൽ നിന്നാണ് ആ വോൾവോയിൽ കയറിയത്. അധികം തിരക്കുണ്ടായിരുന്നില്ല. സീറ്റ്മിക്കതും കാലി. പുലർച്ചെ എനിക്ക് കോഴിക്കോട്ടെത്തേണ്ടതാണ്. ഒരു X റേ മെഷിന്റെ ഇൻസ്റ്റലേഷൻ ഉണ്ട്.
രാത്രി 11 മണിയായിക്കാണും. ഇടക്ക് എവിടുന്നോ ബസിൽ രണ്ടു സ്ത്രീകളും കൂടെ മുന്നു നാല് പുരുഷൻമാരും കയറി.അതിൽ ഒരാൾ കൊച്ചു പെൺകുട്ടിയാണ്. പതിനാറോ പതിനേഴോ വയസ് കാണും. മുഖം വീങ്ങിയാണിരുന്നത്. കരഞ്ഞ് കലങ്ങിയ കണ്ണുകൾ. കൂടെയുള്ളത് അമ്മയാവണം.
പെൺകുട്ടി എന്റെ അടുത്ത സീറ്റിലായിരുന്നു ഇരുന്നത്. രാത്രി രണ്ടു മണിയെങ്കിലും ആയിക്കാണും. ഞാൻ മൊബൈലിൽ ഗെയിം കളിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് പെൺകുട്ടി എന്നോട് മൊബൈൽ ഒന്ന് തരുമോന്ന് ഹിന്ദിയിൽ ചോദിച്ചു. മൊബൈൽ വാങ്ങി അവൾ ആർക്കോ എസ് എം എസ് അയച്ചു. ഞാൻ പതിയെ മയങ്ങി.
ഇടയക്ക് വണ്ടി ചായ കുടിക്കാൻ നിർത്തി .വണ്ടിയുടെ സ്ഥിരം സ്റ്റോപ്പാണെന്ന് തോന്നുന്നു. സ്ത്രികൾക്ക് ബാത്ത് റൂം സൗകര്യമുണ്ട് എന്നൊക്കെ കണ്ടക്ടർ പറയുന്നുണ്ടായിരുന്നു
പെൺകുട്ടിയും അമ്മയും ഇറങ്ങി. കൂടെ ചില യാത്രക്കാരും. ഞാൻ ഒരു കട്ടൻ ഓഡർ ചെയ്തു.. പെട്ടെന്ന് ഒരു
ബൈക്ക് വന്നു നിന്നു. ഞൊടിയിടയിൽ പെൺകുട്ടി ബൈക്കൽ കയറി .ഒറ്റ പോക്ക്. ആകെ ബഹളമായി. പെങ്കൊച്ചിന്റെ അമ്മ ഒരേ കരച്ചിൽ . ബസിൽ നിന്ന് കൂടെയുള്ളവർ ഇറങ്ങി വന്നു. കന്നടയും മലയാളവും കലർന്ന ഏതോ ഭാഷയിൽ അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഇത്തിരി കഴിഞ്ഞ്
കണ്ടക്ടർ ബസ് ഉടൻ പോകുകയാണെന്ന് പറഞ്ഞ് വിസിൽ അടിച്ചു. പെൺകുട്ടിയുടെ ആൾക്കാരൊഴികെ എല്ലാവരും ബസിൽ കയറി . പെണ്ണിന്റെ ആൾക്കാർ എന്തൊക്കെയോ പറഞ്ഞ് ബഹളം വെച്ചു.
ഡ്രൈവർ ബസ് എടുത്തു.
കേരള അതിർത്തി കഴിഞ്ഞപ്പോഴാണ് എന്റെ ഫോണിലേക്ക് പോലിസിന്റെ കോൾ വന്നത്. കാസർകോട് ടൗണിൽ വെച്ച് എന്നെ പോലിസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് ഇവിടെ രണ്ടാം ദിവസമാണ് ഇതുവരെ പെണ്ണിനെ കിട്ടിയില്ലത്രെ. ഇനി എന്റെ കാര്യം എന്താവുമോ? എവിടെയെങ്കിലും വെച്ച് എന്നെങ്കിലും ഈ പെൺകുട്ടിയെ കാണുമായിരിക്കും.
Suzanne de Sirmont നെ പ്പോലെ ഈ പെൺകുട്ടിയും അവസാനം ഹാപ്പി ആയാൽ മതിയായിരുന്നു
Qu’importe! elle fut heureuse.