മതപരമായ ചടങ്ങുകളിലെ മെലൊഡ്രാമയും നടത്തിപ്പുകാരുടെ ഹിസ്ട്രി യോണിക്സും തിരിച്ചറിയാൻ തുടങ്ങിയതു മുതൽ സ്വമേധയാ പള്ളിയിൽ പോകാറില്ല. പക്ഷെ ബന്ധുക്കളെയും സ്വന്തക്കാരെയും വറുപ്പിക്കാതിരിക്കാൻ ചിലപ്പോഴൊക്കെ പോകേണ്ടി വരും.
അങ്ങിനെ കഴിഞ്ഞ ആഴ്ച അറക്കുളം പുത്തൻപള്ളി വരെ പോയി. തിരുവനന്തപുരത്തു നിന്ന് പാലാ തൊടുപുഴ വഴി അവിടെ എത്തിയപ്പോഴേക്കും ചടങ്ങ് തുടങ്ങിക്കഴിഞ്ഞതുകൊണ്ട് അകത്തു കയറാതെ രക്ഷപെട്ടു. ഇത്തരം സന്ദർഭത്തിൽ കുടുംബത്തിലെ മറ്റനുഭാവികളാരെങ്കിലും പുറത്ത് കാണും. മിക്കവാറും അടുത്തെവിടെയേലും ഷാപ്പും.
ഇത്തവണ എന്തുകൊണ്ടൊ എല്ലാവരും അകത്തായിരുന്നു. മതതീ വ്രവാദികൾ കത്തോലിക്കാ സഭയെ വിഴുങ്ങുകയാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു. (ദീപിക പത്രം വായിച്ചിട്ട് കുറെയായി.)
എങ്കിപ്പിന്നെ മരിച്ചു പോയ ബന്ധുക്കളേ എല്ലാം ഒന്നുകൂടി കണ്ടേക്കാമെന്ന് കരുതി സെമിത്തേരിയിലേക്ക് വെച്ച് പിടിച്ചു. കാരണവൻമാർ പലരും താമസിക്കുന്ന സ്ഥലമാണ്. അകത്ത് കയറിയപ്പോൾ ഏതോ രാവണൻ കോട്ടയിൽ കയറിയ മാതിരി. മൊത്തം കോൺക്രറ്റ് മയം . മാർബിളിൽ തീർത്ത കൊച്ച് കുരിശുകൾ. വീട്ടുകാരുടെ ധനസ്ഥിതിയനുസരിച്ച് കൂറ്റൻ കല്ലറകൾ
ആദ്യമായി ഇവിടെ വന്ന ഓർമ്മ അമ്മയുടെ അമ്മ മരിച്ചപ്പോഴാണ്. ശവസംസ്കാര ചടങ്ങുകൾ ആദ്യം കാണുന്നതും അന്നാണ്. പിന്നിട് പലപ്പോഴും ഇവിടെ വന്നിട്ടുണ്ട്. ചെറിയ ചുറ്റുമതിലും അവിടവിടെ പൂക്കളുമുള്ള സെമിത്തേരി ചെറുതായിരുന്നപ്പോൾ ഒരു പേടി സ്വപ്നമായിരുന്നു.
നാടും നാട്ടുകാരും വികസിച്ചതുസരിച്ച് കാരണവൻമാരുടെ ആസ്ഥാനവും ആളുകൾ പരിഷ്കരിച്ചിട്ടുണ്ട്. പുറംപൂച്ച് കാണിക്കൽ പണ്ടേ നമ്മുടെ ഇഷ്ട വിനോദമാണല്ലോ.
വെളുത്ത മാർബിൾ ഒക്കെ പിടിപ്പിച്ച ഒരാഡ്യൻ കല്ലറയിൽ ഞാൻ കയറിയിരുന്ന് ചുറ്റും നോക്ക്. പരിചയക്കാരും കുടുംബക്കാരും ഇടകലർന്ന് താമസിക്കുന്നു. മുപ്പത്തഞ്ചാം വയസിൽ കുത്തേറ്റ് മരിച്ച വല്യപ്പൻ, അമ്പത് കൊല്ലം മുൻപ് ജീപ്പോടിച്ചു പോയപ്പോൾ കൂപ്പ് ലോറി തട്ടി കാഞ്ഞു പോയ പാപ്പൻ, പന്നിംപോത്തും ആവശ്യത്തിന് വെച്ചു തിന്ന് തൊണ്ണുറാം വയസിൽ കാലം ചെയ്ത വെല്യമ്മച്ചി, കാളയുടെ കുത്ത് കൊണ്ട് ചത്ത മത്തൻ ചേട്ടൻ തുടങ്ങി സകല പ്രമാണിമാരേയും കോൺക്രീറ്റ് കുട്ടിനകത്താക്കി മാർബിൾ പതിച്ച് പൂട്ടിയിരിക്കുന്നു. പേരും വീട്ടു പേരും ഒക്കെ ചാപ്പ കത്തീട്ടുണ്ട്.
അങ്ങനെ നോക്കുമ്പോ സിമിത്തേരിയുടെ അങ്ങേയറ്റത്ത് നിന്ന് ഒരു വല്യപ്പൻ മോണകാട്ടിച്ചിരിക്കുന്നു.
‘’ നി ഏതാടാ കൊച്ചെ ?“
“തോണിക്കുഴിലെ “
“മാണിച്ചേട്ടനെ ഞാനറിയും. നിനക്കെന്നെ മനസ്സിലായോടാ”
“ഇല്ല”
“അതെങ്ങനാ നി കുഞ്ഞാരുന്നപ്പോ ഞാനിവിടെ കയറിയതാ ”
” ”
‘’ നിന്റെ കയ്യി ചൊമന്ന വെള്ളം വല്ലോം ഉണ്ടോടാ”
“ഇല്ല “
“ ഇവിടെ വലിയ പാടാകുവേ എന്തേലും കിട്ടാൻ . കാശൊള്ള ആൾക്കാരെയൊക്കെ കല്ലറക്കകത്താക്കില്ലെ. പുറത്തെറങ്ങാൻ നമ്മളേപ്പോല മൂന്നാല് പാവത്തുങ്ങൾക്കേ പറ്റുന്നുള്ളു. രാത്രിയാകുമ്പോ കപ്യാര് ഗേറ്റ് പുട്ടുകേം ചെയ്യും.
നി എവിടുന്നാ വരുന്നേ ”
” തിരുവനന്തപുരത്തുന്നാ “
” എന്നാ കൃഷി ”
” കൃഷിയല്ല”
“പിന്നെ ”
“പഠിപ്പിരാ “
“ചക്രം വല്ലോം കിട്ടുവോടാ”
” ഉം “
“ന്നാ അടുത്ത വരവിന് നല്ലതെന്തേലും കൊണ്ടുവരണം ഇവിടെ ആരും ഒന്നും തരുന്നില്ല
കാർന്നോമ്മാർക്ക് എല്ലാ ക്കൊല്ലോം ആണ്ട് നടത്താനൊന്നും ആരും ഈ വഴിക്ക് കടക്കുന്നില്ല.”
പെട്ടെന്ന് ആരോ പിറകിന്ന് പിടിച്ച് എന്നെ വലിച്ചു. ഞെട്ടി തിരിഞ്ഞ് നോക്കിയപ്പം എന്റെ ഒരു കസിനാണ്.
“ഇവിടെയിരിക്കുകയാണോ.ചേട്ടായിനെ ആൾക്കാരന്വോഷിക്കുന്നു. സദ്യ ഒരു റൗണ്ട് കഴിഞ്ഞു. പെട്ടെന്ന് വാ “
സിമിത്തേരിന്ന് പുറത്തോട്ടി റങ്ങിയപ്പോൾ ഞാൻ ഒന്നു ടെ തിരിഞ്ഞ് നോക്കി. വല്യപ്പൻ അവിടെത്തന്നെ ഇരുന്ന് ചിരിക്കുന്നു.