ഞാൻ ജനിച്ചു വളർന്ന മീനച്ചിൽ തൊടുപുഴ മേഖലയിൽ 90 കൾ വരെ കപ്പ വാട്ട് ഓരോ വീട്ടിലേയും ഉൽസവമായിരുന്നു. ഇവിടെ നെൽകൃഷി അപൂർവ്വമായിരുന്നു.കപ്പ കൃഷി വ്യാപകവും. രാവിലെ പുരുഷൻമാർകപ്പ പറിക്കും. തുടർന്ന് എല്ലാവരും ചേർന്ന് പൊളിച്ച് അരിയും. എലിപ്റ്റിക്കൽ ഷേപ്പിൽ കപ്പ അരിഞ്ഞു കൂട്ടിയിരിക്കുന്നത് കാണാൻ തന്നെ രസമാണ്.തുടർന്ന് വലിയ പാത്രത്തിൽ കപ്പ തിളപ്പിക്കും (ഈ പാത്രത്തെ ചെമ്പ് എന്നാണ് വിളിക്കുന്നത് .ഇത്തരമൊന്ന് എന്റെ തറവാട്ടിൽ ശേഷിച്ചിട്ടുണ്ട്.). ഇങ്ങനെ വാട്ടിയ കപ്പ പാറപ്പുറത്തും പനമ്പിലുമിട്ട് രണ്ടു മൂന്ന് ദിവസം ഉണക്കും. ഇതിനിടെ മഴ പെയ്താൽ പണിയാവും.
ഇങ്ങനെ ഉണങ്ങിയ കപ്പ ചാക്കിലാക്കി സൂക്ഷിക്കും. മഴക്കാലത്തൊക്കെ ഉണക്കക്കപ്പയും ഉണക്കമീനുമാണ് കാലത്തും വൈകിട്ടും ആഹാരം . കപ്പ വാട്ടിനൊപ്പം ചില കപ്പ പലഹാരങ്ങൾക്കുള്ള പണിയും ഉണ്ടാകും. കപ്പ ഉപ്പേരി, കപ്പ പുട്ട് എന്നിങ്ങനെ .ഇന്ന് ഉണക്കക്കപ്പ ഉണ്ടാക്കുന്നത് തുലോം വിരളമാണ്.
ചെറുപ്പകാലത്ത് ഒരു കപ്പ വാട്ടിന് ചുരുങ്ങിയത് പത്തു പതിനഞ്ചു പേർ കാണും. അയൽക്കാർ പരസ്പരം സഹായിക്കും. നാടൻ കള്ളും കപ്പ പുഴുങ്ങിയതും മേമ്പൊടിയായിട്ടുണ്ടാവും.
ഒരു ബന്ധുവീട് സന്ദർശിച്ചപ്പോൾ എടുത്ത ചിത്രമാണ്.