സ്കൂളിലെ ജാതി ഇല്ലാത്തവരുടെ കണക്ക് തെറ്റിയെന്ന് പറയപ്പെടുന്നു. സോഫ്റ്റ്‌വെയർ ഉപയോഗിച്ചപ്പോൾ പലയിടത്തും ജാതി കോളം ഡാറ്റ എൻട്രി നടത്താതെ ബ്ലാങ്ക് ഇട്ട് സബ്മിറ്റ് ചെയ്തതു കൊണ്ടാണ് ജാതി ഇല്ലാത്തവരുടെ എണ്ണം ഇത്രയധികം കൂടിയതെന്ന് ജാതി ഉള്ളവർ കുറ്റപ്പെടുത്തുന്നുണ്ട് .
സർക്കാർ വിവിധ സംവിധാനങ്ങളിലൂടെ പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഓൺ ലൈനിലും ഓഫ് ലൈനിലും ഇത് കൊടുക്കാൻ പലപ്പോഴും നാം നിർബന്ധിതരാകാറുണ്ട്. സർക്കാർ സ്ഥാപനങ്ങൾ ഡാറ്റാ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ നിലവിൽ ഉണ്ടെന്ന് തോന്നുന്നില്ല.
സ്കൂളിൽ പഠിക്കുന്ന മക്കളുടെ വിവരങ്ങൾ പലതവണ പുരിപ്പിച്ച് കൊടുത്തിട്ടുണ്ട് പലതിലും അനാവശ്യമായ ചോദ്യങ്ങളുണ്ട് . വീട്ടിൽ കാർ ഉണ്ടോ ? എത്ര മുറിയുള്ള വീടാണ് ? എന്നിങ്ങനെ പലതും ഉണ്ടാകും. ഒരിക്കൽ കോർപ്പറേഷൻ ഓഫിസിൽനിന്ന് തിരുവനന്തപുരം സിറ്റിക്കുള്ളിലെ കുട്ടികളുടെ അറ്റന്റൻസ് മോണിറ്ററിംഗ് SMS വഴി ചെയ്യാം എന്നു പറഞ്ഞ് കുറെ ഏറെ വിവരങ്ങൾ എഴുതി വാങ്ങിയിരുന്നു. സർക്കാരും സ്വകാര്യ ഏജൻസികളും പലതരം പരീക്ഷകൾ മൽസരങ്ങൾ എന്നിവക്കും ഇങ്ങനെ സ്കൂളിൽ നിന്ന് വിവരം ശേഖരിക്കൽ നടത്താറുണ്ട്. പൊതു ജനങ്ങളിൽ നിന്ന് എന്തൊക്കെ വിവരങ്ങൾ സർക്കാർ സംവിധാനങ്ങളുപയോഗിച്ച് ശേഖരിക്കാം, ഇങ്ങനെ കിട്ടിയ വിവരങ്ങൾ എങ്ങിനെയാണ് സൂക്ഷിക്കുന്നത്, ആർക്കൊക്കെ ഉപയോഗിക്കാം എന്നിവയേപ്പറ്റി ഐറ്റി വകുപ്പ് കൃത്യമായ നിയമങ്ങൾ ഉണ്ടാക്കണം. ഇതു സംബന്ധിച്ച് പൊതുജനങ്ങളും ബോധവാൻമാരാകേണ്ടതുണ്ട്. .
സ്കൂൾ വഴി ശേഖരിച്ച എതൊക്കെയോ വിവരങ്ങൾ ഉപയോഗിച്ചായിരിക്കണം നാട്ടിലുള്ള എല്ലാ ട്യൂഷൻ സെന്റർ കാര്യം ക്രാഷ് കോഴ്സുണ്ടെന്ന് പറഞ്ഞ് ഈയിടെയായി ഫോൺ ചെയ്യുന്നത്. പേരും ക്ലാസുമൊക്കെ കൃത്യം പറഞ്ഞാണ് വിളി. സ്കൂളുകളിൽ നിന്ന് കുട്ടികളുടെ വിവരങ്ങൾ അനാവശ്യമായി ആരും ശേഖരിക്കുന്നില്ല എന്നും സർക്കാർ തന്നെ ശേഖരിച്ച വിവരങ്ങൾ ഏതേലും വഴി ചോരുന്നില്ല എന്നും ഉറപ്പാക്കണം.
ഇത്തരം ഡാറ്റാ കളക്ഷനിടെ അനാവശ്യമായ എന്തെങ്കിലും ചോദ്യമുണ്ട് എങ്കിൽ മനപ്പൂർവ്വം തെറ്റിച്ചു കൊടുത്താലും കുഴപ്പമില്ല. ഇതിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ മിക്കവാറും തട്ടിക്കുട്ടായിരിക്കും. വീട്ടിൽ എത്ര മുറിയുണ്ട് എന്നുള്ളതിന് 2000 എന്നും എത്രയാണ് വരുമാനം എന്നുള്ളതിന് – 20 എന്നുമൊക്കെ ഇട്ടു നോക്കാം . സോഫ്റ്റ്‌വെയർ ഉണ്ടാക്കിയവന് ഒരു പണിയാകട്ടെ. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ ഇന്ത്യയിലെ ഒരു പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ട് എൻട്രൻസ് പരീക്ഷ എഴുതുന്നവരുടെ കയ്യിൽ നിന്ന് നിർബന്ധമായും വാങ്ങുന്ന വിവരങ്ങളാണ്. ആയിരക്കണക്കിന് കുട്ടികളുടെ വിവരങ്ങളാകും ഇങ്ങനെ കിട്ടുക. Data is the new oil എന്നത് സത്യമാണ്.