കഥ

കുഞ്ഞന്നാമ്മ സ്പീക്കിംഗ്

ഇന്നത്തെ ദീപിക പത്രം വായിച്ചായിരുന്നോ? ഫ്രണ്ട് പേജിൽ എന്റെ പടമുണ്ട്. ഒറ്റത്തേക്കിൻ ചോട്ടിൽ പരേതനായ ഓ പി പാപ്പച്ചന്റെ ഭാര്യ കുഞ്ഞന്നാമ്മ 96 വയസ്.
സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ലാളം പള്ളിയിൽ. താഴെ മക്കടെം മരുമക്കളുടേം കൊച്ചു പിള്ളേരുടേം പേരുണ്ട്.

എല്ലാം കൂടി അടിക്കാൻ പത്രത്തിന്റെ നാലിലൊന്ന് വേണ്ടിവന്നു. പക്ഷെ ഇവർഎല്ലാം കൂടെ ഒരു പണി പറ്റിച്ചു. എന്നെ ചില്ലുകൂട്ടിലാക്കി, മിഷനാശുപത്രിലെ ഫ്രീഡ്ജിൽ വെച്ചേക്കുകയാ. അമേരിക്കേന്ന് ജോണിക്കുട്ടീടെ മകളുടെ മകൻ വരാനുണ്ട്. ഇനിം മൂന്ന് ദിവസം വേണമത്രെ അവനു വരാൻ.

വലിയ ചതിയായിപ്പോയി. എനിക്കാണെൽ നാളെ ഗബ്രീയൽ മാലാഖയുമായി ഒരു അപ്പോയിന്റ്മെന്റ് ഉള്ളതാ. അങ്ങേരോട് ചിലത് ചോദിക്കാനുണ്ട്. പിള്ളേർക്ക് അതു പറഞ്ഞാൽ മനസ്സിലാവൂല്ല.

ഇന്നലെ വൈകുന്നേരം ഞാൻ വടക്കുവശത്തെ തിണ്ണേൽ ഇരിക്കുവായിരുന്നു. അപ്പോഴാ ചെന്തീ പോലെ ഒരു മാലാഖാ പേരേൽ ഇരുന്ന് എന്നേ നോക്കുന്നത് കണ്ടത്. ഞാൻ അഞ്ചു മിനിട്ട് ചോദിച്ചു. മൂപ്പർ ഒന്നും പറഞ്ഞില്ല. സാധാരണ സമയം അനുവദിക്കാത്തതാ. പിന്നെ നമ്മള് കുടുംബക്കാരല്ലെ. അങ്ങനെ തള്ളാൻ പറ്റുമോ?

അവിടെ ചെല്ലുന്ന പാടെ ഗബ്രീയലിനെ കാണാൻ അനുവാദമുണ്ടോന്ന് ചോദിച്ചു. ചില്ലറ ഇത്തിരി മുടക്കാവേൽ നാളെ സംഘടിപ്പിക്കാം എന്നു ചെന്തീ പറഞ്ഞു.

എന്നാൽ ദാ വരുന്നുന്നു പറഞ്ഞ് ഞാൻ അകത്ത് കയറി. പുത്തൻ ഒരു ചട്ടയും മുണ്ടും എടുത്തിട്ടു. ഭരണങ്ങാനത്തുന്ന് കൊണ്ടുവന്ന വെന്തിങ്ങയും, എന്റപ്പൻ പണ്ട് പണിയിച്ചു തന്ന നാലുപവന്റെ മാലേം എടുത്തിട്ടു. അപ്പോഴാ മോളിക്കുട്ടി ഇത് കണ്ടത്. അമ്മച്ചിക്കിതെന്തിന്റെ കേടാന്ന് അവൾ ചോദിച്ചു. പോടിന്നും പറഞ്ഞ് ഞാൻ കിട്ടലേലോട്ട് കേറി കിടന്നു. ചെന്തീ പോലത്തെ മാലാഖ അവൾ കണ്ടില്ല. അല്ലേലും ഇവൾക്ക് ഒരു ശ്രദ്ധയുമില്ല.

പിന്നെ ആകെ ഒരു ബഹളമായിരുന്നു. ഇടപ്പാടിക്ക്, കുന്നോന്നിക്ക്, കാഞ്ഞിരപ്പള്ളിക്ക് ഒക്കെ ഫോൺ, രാത്രി പത്തു മണി ആയപ്പോഴാ തീരുമാനമായത് . ആംബുലൻസിൽ കേറ്റി എന്നെ ഇവിടെ വെച്ചു.

ആകെ ഒരു വിഷമം നാളെ ഗബ്രീയലിനെ കാണാൻ പറ്റുകേലാന്നുള്ളതാ. കണ്ടാൽ അങ്ങേര് തിരിച്ചറിയുമോ ആവോ ?
അറിഞ്ഞില്ലേൽ എന്റെ വിധം മാറും. അത്ര ധെണ്ണമുണ്ട്
കഴിഞ്ഞ തവണ കണ്ടപ്പം എന്റെ ഒരു കാപ്പും രണ്ട് രൂപായും മേടിച്ചോണ്ട് പോയതാ. അത് ഇവിടെയുള്ളോർക്ക് പറഞ്ഞാ മനസ്സിലാകത്തില്ല.

എന്നെ നല്ല പ്രായത്തിൽ അപ്പൻ കൊഴുവനാൽ ഒരു വീട്ടിലാ കെട്ടിച്ചെ. അന്ന് നൂറ് രൂപായാ സ്ത്രീധനം . പക്ഷെ ഭാഗ്യമില്ലായിരുന്നു. ഞാനും ചാക്കോച്ചായനും കുടെ വൈകിട്ടത്തേക്ക് പുഴുങ്ങാൻ കപ്പ പറിച്ചോണ്ടിരിക്കുവായിരുന്നു. അപ്പോഴാ ഒരിടി വെട്ടിയെ. എനിക്ക് മൂന്നാംപക്കമാ ബോധം വന്നെ . ചാക്കോച്ചനെക്കാണാൻ നല്ല ശേലായിരുന്നു.. അടക്കാൻ നേരം കരിക്കട്ട പോലായിരുന്നു എന്നാ ആൾക്കാര് പറഞ്ഞത്‌.

എന്നെ അപ്പൻ വീട്ടിലോട്ട് തിരിച്ച് കൊണ്ടു പോന്നു. കൊഴുവനാൽക്കാര് നല്ല മനുഷ്യരായിരുന്നു. കാശ് മുഴുവൻ അപ്പന് തിരിച്ചു കൊടുത്തു. മൂന്നാലു കൊല്ലം കഴിഞ്ഞാ അപ്പൻ എന്നെ പാപ്പിച്ചായിയെക്കൊണ്ട് കെട്ടിച്ചത്. അങ്ങേരുടേം ഭാര്യ മരിച്ചതായിരുന്നു. രണ്ടു പിള്ളേരും ഒണ്ടായിരുന്നു.

ഞാൻ ഗബ്രിയലിനെ കണ്ടത് ഒരു മകരമാസത്തിലാ. ജോണിക്കുട്ടി വയറ്റിലുണ്ട്. കാലത്തെ പള്ളിൽ പോകാനായിട്ട് ഇറങ്ങിയതാ. കല്ലുപുര കേറി തെക്കുവശത്തെ കപ്പക്കാലായിക്കുടെ നടക്കുമ്പോഴാ ഗബ്രീയലിനെ കണ്ടത്. എനിക്ക് ആളെ മനസിലായി. ചിറകും കുപ്പായവുമൊക്കെ മംഗള വാർത്തക്കാലത്തെ പോലെ തന്നെ.

ഞാൻ സ്തുതി ചൊല്ലി. എന്നാ പറ്റിന്ന് ചോദിച്ചു.
അപ്പം പറയുവാ , ഭരണങ്ങാനത്തിന് പോകുവാ ,വഴിക്ക് വെച്ച് ചിറകിൽ ഒരു പൊൻമാൻ ഇടിച്ചു. അതു കൊണ്ട് താഴെ ഇറങ്ങിയതാ. സാരമില്ല.

അപ്പോൾ ഞാൻ ചാക്കോച്ചന്റെ കാര്യം ചോദിച്ചു. ഗബ്രിയിൽ പറയുവാ. ഇന്നലെ കൂടെ കണ്ടായിരുന്നുന്ന്. മൂപ്പർക്ക് അവിടെ പയർ കൃഷിയാ, വല്യ മെച്ചമില്ല .

എനിക്ക് സങ്കടം വന്നു. ഞാൻ നേർച്ചയിടാൻ വെച്ചിരുന്ന രണ്ട് രൂപായും കയ്യിൽ കിടന്ന കാപ്പും ഉരിക്കൊടുത്തു.

പിന്നെ എനിക്ക് വലിയ ഓർമ്മയില്ല . കുറേക്കഴിഞ്ഞപ്പം ഞാൻ കട്ടിലേൽ കിടക്കുവാ. പാപ്പിച്ചായൻ എന്നെ വീശുന്നുണ്ട്. ഗബ്രീയൽ മാലാഖേ കണ്ടുന്ന് ഞാൻ പറഞ്ഞത് ആർക്കും വിശ്വാസം വന്നില്ല. വല്ല കള്ളനും ആയിരിക്കൂന്നാ പറയുന്നേ. നാ ളെ ഗബ്രീയലിനെക്കണ്ട് കാര്യങ്ങൾ ഒന്ന് ചോദിക്കാനിരുന്നതാ. ഒള്ളതാണോ അതോ എന്നെ പറ്റിച്ചതാണോന്ന്.
ഇനി വ്യാഴാഴ്ച കഴിഞ്ഞല്ലേ പറ്റു. അങ്ങേര് അവിടെ ഉണ്ടായിരുന്നാ മതിയാരുന്നു.

ശൊ ഒരു കാര്യം മറന്നു. മരിച്ചടക്ക് കൊഴുവനാൽ വിളിച്ചു പറയണോന്ന് പിള്ളേരെ ഓർമ്മിപ്പിക്കാൻ. പത്രത്തിലുണ്ടല്ലോ. ആരേലും വരുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *