പുസ്തകങ്ങൾ

മാങ്കാ ഗൈഡ്

ഇരുമ്പുകൈ മായാവി
എന്റെ ചെറുപ്പക്കാലത്ത് കുട്ടികളുടെയിടയില്‍ ധാരാളം ചിത്രകഥകള്‍ പ്രചാരത്തിലുണ്ടായിരുന്നു. കണ്ണാടി വിശ്വനാഥന്‍ എന്നൊരാള്‍ ഇറക്കിയിരുന്ന CID മൂസ, പറക്കും ബെല്‍റ്റ് മഹേഷ്, ഇരുമ്പുകൈ മായാവി എന്നീ ചിത്രകഥാ പരമ്പരകള്‍ കുട്ടികള്‍ ഒളിച്ചും പാത്തും വായിച്ചിരുന്നു.ടിച്ചർ മാരെങ്ങാൻ കണ്ടാൽ അടി ഉറപ്പായിരുന്നു. എങ്കിലും ക്ലാസ്സിലെ അണ്ടർ വേൾഡിൽ ഇതിന്റെ വ്യാപാരം പൊടിപൊടിച്ചിരുന്നു. ഞാനൊക്കെ ഇരുമ്പുകൈ മായാവിയുടെ കട്ടഫാനായിരുന്നു. ഈ സമയത്ത് പത്രത്തിലും വാരികകളിലും ഫാന്റം മാന്‍ഡ്രേക്ക് തുടങ്ങിയ വിദേശ പരമ്പരകളുടെ വിവര്‍ത്തനവുമുണ്ടായിരുന്നു. ടെലിവിഷന്റെ വരവോടെയാണെന്ന് തോന്നുന്നു ഇവയൊക്കെ അപ്രത്യക്ഷമായത്.
ചിത്രകഥകള്‍ എവിടെ കണ്ടാലും വായിക്കാന്‍ എനിക്ക് ഇഷ്ടമാണ്. മാങ്കാചിത്രകഥകളെ പരിചയപ്പെടുന്നത് IITയി വെച്ച് ഒരു സുഹൃത്തിന്റെ ബുക്ക് ഷെല്‍ഫില്‍ നിന്നാണ്. മാങ്കാ ഗൈഡ് ടു ഇലക്ട്രിസിറ്റിയാണ് ഇങ്ങനെ വായിച്ചത്.
മാങ്കാ എന്നത് ജപ്പാന്‍കാരുടെ ചിത്രകഥാരചനാരീതിയാണ്. ഈ രീതി പഠിപ്പിക്കുന്ന പാഠശാലകള്‍ ജപ്പാനിലുണ്ട്. ധാരാളം വായനക്കാരും.
മാങ്കാ ഗൈഡ് ടു ഇലക്ട്രിസിറ്റി ഒരു ബെസ്റ്റ് സെല്ലര്‍ ആണ്. ചിത്രകഥയിലൂടെ വൈദ്യുതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഈ പുസ്തകം കുട്ടികള്‍ക്ക് സമ്മാനമായി കൊടുക്കാന്‍ അത്യുത്തമമാണ്.ഇലക്ട്രിസിറ്റിയുടെ അടിസ്ഥാന ആശയങ്ങള്‍ വിവരിക്കുന്ന ഇതിന്റെ ഏകദേശ രൂപം ഇങ്ങിനെയാണ്.
റെറെക്കൊ ഇലക്ടോപ്യ എന്ന രാജ്യത്തെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. കക്ഷി ഇലക്ട്രിസിറ്റി പരീക്ഷയില്‍ തോറ്റു. തോറ്റകുട്ടികള്‍ വേനലവധിക്ക് പഠിച്ച് ‘സെ’ പരീക്ഷ എഴുതണം എന്ന നിയമം പണ്ടേ നടപ്പുള്ള രാജ്യമാണ് ഇലക്ടോപ്യ. റെറെക്കൊയുടെ അവധിക്കാല പഠനം നടക്കുന്നത് ഭൂമിയിലാണ്. ഭൂമിയില്‍ നിന്ന് ഇലക്ടോപ്യയിലേക്ക് പോകുന്നതിനും വരുന്നതിനും യോണോസൂക്ക് എന്ന സംവിധാനം ഉണ്ട്. റെറെക്കൊ ടോക്യോ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച് ചെയ്യുന്ന ഹിക്കാറുവിനെ കണ്ടുമുട്ടുന്നു. ഹിക്കാറു ഇലക്ട്രിസിറ്റിയുടെ അടിസ്ഥാനപാഠങ്ങള്‍ അവളെ പഠിപ്പിക്കുന്നു. ചിത്രകഥയില്‍ ഹിക്കാറുവിന്റെ ഇലക്ട്രിസിറ്റി പാഠങ്ങള്‍ വിശദമായി ഉണ്ട്.

ഹികാറു വിന്റെ പാഠങ്ങൾ
  വേനലവധി കഴിഞ്ഞ് റെറെക്കൊ തിരിച്ചുപോകുമ്പോഴേക്കും അവള്‍ എല്ലാ പാഠങ്ങളും പഠിച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഹിക്കാറു ഒരു ബസ്സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഒരു മിന്നല്‍ അതാ റെറെക്കൊ വീണ്ടും ഭുമിയില്‍ തിരിച്ചെത്തി. താന്‍ പരീക്ഷ പാസായെന്നും ഇനി മുതല്‍ ടോക്യോ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് ചെയ്യാനാണ് വന്നിരിക്കുന്നതെന്നും അവള്‍ പറയുന്നതോടെ കഥ തീരുന്നു. നോ സ്റ്റാര്‍ച്ച് പ്രസ് പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്തകം അമസോണില്‍ ലഭ്യമാണ്  (http://www.amazon.in/Manga-Guide-Electricity-Kazuhiro-Fujitaki/dp/1593271972   ) archive.org യിൽ പി ഡി എഫ് പോലും കിട്ടും. https://archive.org/details/TheMangaGuideToElectricity   
    നോ സ്റ്റാര്‍ച്ച് പ്രസിന് ഈ സീരിസില്‍ 41 പുസ്തകങ്ങള്‍ ഉണ്ട്. വിവിധ വിഷയങ്ങളെ ചിത്ര കഥകളിലൂടെ പരിചയ പെടാൻ  പറ്റും  ചിലതൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്.ഇതൊക്കെ മലയാളംത്തിൽ   പരിഭാഷപ്പെടുത്തി കിട്ടിയാൽ നന്നായിരുന്നു.
Ref:
ഇരുമ്പുകൈ മായാവി https://en.wikipedia.org/wiki/The_Steel_Claw_%28comics%29

Leave a Reply

Your email address will not be published. Required fields are marked *