കഥ

റേഞ്ച്

 

റേഞ്ചിനനുസരിച്ച് ഫീൽഡ് കണ്ടെത്തണം എന്ന് ആരോ കമന്റിട്ടായിരുന്നു. ആരാന്ന് നോക്കീട്ട് കാണുന്നില്ല.

അതു കണ്ടപ്പോൾ എന്റെ റേഞ്ച് കുറഞ്ഞോന്ന് എനിക്കു തന്നെ സംശയം തോന്നിയതിനാൽ ഒരു മന്ത്രവാദ കൂടോത്രകഥ എഴുതുന്നുണ്ട്. അതിലെ നായകനായ പാട്ടക്കത്തി ഭൈരവന് ഒന്നു രണ്ട് സീനിൽ തീ തുപ്പണം. അതിന് നിങ്ങളുടെ ഒരു ചെറിയ സഹായം വേണം. Fire breathing നടത്തിയിട്ടുള്ള ആരേലും ഉണ്ടോ ? അതിന് മണ്ണെണ്ണയുടെ കൂടെ മിക്സ് ചെയ്യേണ്ട സാധനത്തിന്റെ പേര് മറന്നു.

പണ്ട് ഞാനും തെക്കേപ്പുരേലെ ജോയിം കൂടെ ഈ തീ തുപ്പൽ പയറ്റിട്ടുണ്ട്. പക്ഷെ പണി ചെറുതായി പാളി. ജോയി ഒമ്പതാം ക്ലാസിൽ വെച്ച് അടി കൊണ്ട് മടുത്തപ്പം ഒരു കന്യാസ്ത്രിയമ്മേടെ കുപ്പായത്തിൽ മഷിയൊഴിച്ചിട്ട് കുറേക്കാലം ഒളിവിലായിരുന്നില്ലെ ?അന്ന് അവൻ ഏതോ സർക്കസുകാരന്റെ ഒപ്പമായിരുന്നു. പല വിദ്യകളും പഠിച്ചിട്ടാ തിരിച്ചു വന്നത്. അന്നു കൊണ്ടുവന്ന ഒരു പെട്ടി നിറയെ ഐറ്റം അവൻ വായനശാലേൽ വെച്ചിട്ടുണ്ടായിരുന്നു. പലതരം കുപ്പായങ്ങൾ, പിന്നെ എന്തൊക്കെയോ ലൊട്ടുലൊടുക്ക്. അതിൽ മണ്ണെണ്ണേ ടെ കൂടെ ഒഴിക്കുന്ന എണ്ണയുണ്ടായിരുന്നു.

തീ തുപ്പുന്ന പണി അവനറിയാമെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു. നി കുറെ മണ്ണെണ്ണ സംഘടിപ്പിക്ക് ഞാൻ തീ തുപ്പാം എന്ന് പറഞ്ഞപ്പം കളിക്കാണെന്നാ കരുതിയത്.

തീ തുപ്പി നോക്കാൻ കാരണം ചെത്തുകാരൻ രായപ്പനാ.

ഞാനും ജോയിം കുടെ കടപ്പാട്ടുരമ്പലത്തിന്റെ താഴേ ഭാഗത്ത് തോട്ടായിട്ട് മീൻപിടിക്കാൻ പോയിട്ട് തരിച്ചു വരുന്ന വഴിയായിരുന്നു. നോക്കിയപ്പം രായപ്പൻ രണ്ട് പാള പുലരിക്കള്ളുമായിട്ട് കുത്തുകല്ലിറങ്ങി വരുന്നു.

കുറച്ച് കള്ളു താടാ പകരം ഒരു വരാൽ തരാമെന്ന് പറഞ്ഞിട്ട് അവൻ കേട്ടില്ല. എനിക്കും ജോയിക്കും നല്ല കലി വന്നു.
അന്ന് രാത്രി രായപ്പൻ ഷാപ്പിന്ന് ” അമ്പമ്പോ ജീവിക്കാൻ വയ്യേ “ പാടിക്കോണ്ട് തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴിയാരുന്നു. ഞങ്ങൾ പറ്റിയസ്ഥലം നോക്കി വെച്ചു. അവൻ മണ്ണെണ്ണക്കകത്ത് എന്തോ ഒഴിച്ചു. എന്നിട്ട് കുപ്പിയും തിപ്പെട്ടിയും കൂടെ എടുത്തു.
തെക്കേക്കാരുടെ പറമ്പിന്ന് ഇറങ്ങുന്ന ഇടവഴീൽ രായപ്പൻ കേറിയപ്പം ജോയി ഒറ്റത്തുപ്പ് . ഞാനും തീ കണ്ട് പേടിച്ചു.

പിറകെ അവൻ ഒരു പടക്കവും കത്തിച്ചിട്ടു. അലറിക്കോണ്ട് രായപ്പൻ ഓടി. രായപ്പനു പിരി ഇളകിയത് അങ്ങനെയാ. പിറ്റേന്ന് മുതൽ അവൻ വീട്ടിന്ന് പുറത്ത് ഇറങ്ങുല്ല. ഏതോ ബാധ കേറി താന്ന് നാട്ടുകാര് പറഞ്ഞു. ഞങ്ങൾ മിണ്ടില്ല. ഷാപ്പിലെ കറിക്കച്ചവടക്കാരൻ പാപ്പി ഏതോ കുടോത്രം ചെയ്തതാന്ന് വിൽപനക്കാരൻ പത്രോ പറഞ്ഞോണ്ട് നടന്നു.

രായപ്പന്റെ അച്ഛൻ കോവാലൻ അവനെ ചിലയിടത്തൊക്കെ കൊണ്ടു പോകാൻ നോക്കി. വീട്ടിന്ന് ഇറങ്ങണ്ടെ . ചില നേർച്ചയൊക്കെ നടത്തി.
അവസാനം കുടമാളുരുന്ന് ഒരു കണിയാനെ വരുത്തി.

കവലേൽ ഉള്ള പഴയ ഒരു കടമുറിയുടെ പിറകിലായിരുന്നു കണിയാന്റെ വെപ്പും കുടിയും.
കണിയാർ ഒരു അവതാരമായിരുന്നു. അജാന ബാഹു. ഷാപ്പിൽ വൈകിട്ട് വന്ന് ഒരു കുപ്പി അടിക്കും. കവലേൽ വരുമ്പം ചില മന്ത്രങ്ങളൊക്കെ ചൊല്ലി ഞങ്ങളെ പേടിപ്പിക്കാൻ നോക്കും. ചുട്ട കോഴി, ചോര എന്നൊക്കെ പറഞ്ഞാൽ നമ്മള് പേടിക്കുമോ. . ഒരു ദിവസം ജോയിടടുത്ത് കയ്യാങ്കളിയായി.കണിയാർ ജോയിക്കിട്ട് ഒരടി കൊടുത്തു. അത് അവന് വലിയ ആക്ഷേപമായി.

കണിയാർക്ക് പണി കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെയിരിക്കെ വാവിന്റെ അന്ന് കോവാലൻ രണ്ട് തടിയൻ പൂവൻകോഴികളുമായി പോകുന്നത് ഞങ്ങൾ കണ്ടു.
എന്തോ വിശേഷ പൂജയാണെന്ന് മനസ്സിലായി. രാത്രി പത്തു മണി കഴിഞ്ഞപ്പോഴാണ് ഹോമം തുടങ്ങിയത്. ഞങ്ങൾ രായപ്പന്റെ വീടിന് പുറകിലുള്ള കാപ്പിത്തോട്ടത്തിൽ ഇരുന്ന് രംഗം വീക്ഷിച്ചു.

രായപ്പനെ മഞ്ഞ മുണ്ടൊക്കെയുടുപ്പിച്ച് ഒരു വാഴയിലയിൽ ഇരുത്തി. കണിയാൻ ഹോമകുണ്ഠത്തിലേക്ക് വെള്ളം ഒഴിക്കും. അപ്പോൾ തീ ആളും.

“ഈ വിദ്യ എനിക്കറിയാം” ജോയി പറഞ്ഞു. എനിക്ക് പറഞ്ഞു തരുകയും ചെയ്തു. കുറേക്കഴിഞ്ഞ് ഒരു കോഴിയെ വെട്ടി. രാത്രി ഒരു മണി ആയപ്പോഴേക്ക് സിനിമാ യിലൊക്കെ കാണുന്ന ചില രംഗങ്ങൾ നടന്നു.

കണിയാർ പുറപ്പെടാൻ തയ്യാറെടുത്തു. തോട്ടിൽ പോയി കുളിച്ച് മുണ്ടൊക്കെ മാറി.രണ്ടാമത്തെ കോഴിയെ ജീവനോടെ എടുത്തു. ദക്ഷിണ.

നല്ല പുസായിട്ടാണ് കക്ഷി കോഴിയേം കൊണ്ട് ഇറങ്ങിയത്
ഒരു ഓളത്തിന് ‘’ കണ്ടാ കൊമരാ ഇന്നായോ , കോഴിന്റെ ചോര കുടിച്ചായോ ” എന്ന് ഉറക്കെ മന്ത്രിക്കുന്നുമുണ്ട്.

തോട്ടിലെ ഒറ്റത്തടിപ്പാലം കടന്ന് വയലിക്കൂടെ കുറേ നടക്കണം റോഡിലെത്താൻ . ഇടക്ക് ഒരു വലിയ കുടംപുളിയുണ്ട്. ഞങ്ങൾ അതിന്റെ ചോട്ടിൽ കാത്തു നിന്നു.

കണിയാർ “ കണ്ടാ കൊമരാ ഇന്നായോ”

ഞാൻ മറു മന്ത്രം ചൊല്ലി ” എന്നാലിങ്ങ് കൊണ്ടായോ”

ജോയി ഒറ്റത്തുപ്പ്. തീ നല്ലവണ്ണം ആളി. തീ കണ്ട കണിയാരുടെ കിളി പോയി.
കോഴിയെ പിറ്റേന്ന് ഞങ്ങൾ റോസ്റ്റാക്കി. കണിയാരെ പിന്നീട് കണ്ടിട്ടില്ല. രായപ്പന്റെ സൂക്കേട് അന്നത്തോടെ ഭേദമായി. അവൻ കുറേക്കഴിഞ്ഞപ്പം കുഞ്ചിത്തണ്ണിലോട്ട് മാറി. അവിടെ അവന്റെ പിള്ളർക്ക് നല്ല കാലമാണെന്നാ പറയുന്നെ. ജോയി കർണാടകയിലെവിടെയോ ആണ്. കഴിഞ്ഞ കുറി പെരുന്നാളിന് വന്നപ്പം ജീപ്പേലിരുന്ന് ഞങ്ങൾ ഓരോന്നടിച്ചായിരുന്നു.

തീ തുപ്പുന്നതിന് മണ്ണെണ്ണയുടെ കൂടെ ചേർക്കേണ്ട സാധനം മാത്രം ഇതുവരെ അവൻ എനിക്ക് പറഞ്ഞു തന്നില്ല.

നെറ്റിൽ നോക്കീട്ട് ഏതോ പാരാ ഫിൻ ഓയിൽ എന്നൊക്കെ കാണുന്നു. സാധനത്തിന്റെ മലയാളം പേര് കാണുന്നില്ല. ആർക്കേലും അറിയാമോ ? പറഞ്ഞു തന്നാൽ പകരം ഹോമകുണ്ടത്തിൽ വെള്ളം ഒഴിക്കുമ്പോൾ തീയാളുന്ന വിദ്യ പഠിപ്പിച്ച് തരാം . ചെറുകിട ബാധകളെ ഒക്കെ ഒഴിപ്പിക്കാൻ ബെസ്റ്റാ.

ഇപ്പോ വെക്കേഷൻ കാലമാണ്. പറ്റിയാൽ മന്ത്രവാദത്തിൽ ഒന്ന് സ്പെഷലൈസ് ചെയ്യണം. തിരുവനന്തപുരത്ത് നല്ല മാർക്കറ്റ് ഉണ്ട്. ഒരു ചെറിയ വെടിക്ക് മരുന്ന് കയ്യിലുണ്ട്. കൂടാതെ മുടിയും. താടി ഒരെണ്ണം ഗൾഫ് ഗേറ്റീന്ന് സംഘടിപ്പിക്കാവുന്നതേയുള്ളു. മറ്റു ചില അനുസാരികളൊക്കെ പെരുമാൾ പിള്ളേെ ടെ അങ്ങാടിക്കടേൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *