തന്റെ വലിയ ആട്ടിൻപറ്റത്തേയും തെളിച്ചു കൊണ്ടായിരുന്നു അവൻ മലഞ്ചെരുവിലേക്കിറങ്ങിയത്. പച്ചപ്പുൽപടർപ്പുകൾക്കിടയിലെ വിടെയൊക്കെയോ അവർ അലഞ്ഞു നടന്നു. ഉച്ചക്കവർ പുഴയിലിറങ്ങി വെള്ളം കുടിച്ചു. കരയിലിരുന്ന് സ്വപ്നം കണ്ടു. അന്തിയായപ്പോൾ അവൻ കൂട്ടത്തെ കൂടാരത്തിലേക്ക് തെളിച്ചു.
കണക്കെടുത്തപ്പോഴാണ് ഒന്നിനെ കാണാനില്ലെന്നറിഞ്ഞത്. ഓമനത്വമുള്ള ഒരാട്ടിൻ കുട്ടിയെ.
കൂട്ടത്തെ വിട്ട് കാണാതായവനെത്തേടി അവ നിറങ്ങി. മലഞ്ചെരുവുകളിലും കാട്ടുചോലയുടെ കരയിലും നിന്നവൻ കാതോർത്തു. എവിടെ നിന്നെങ്കിലും ആ നിലവിളി കേൾക്കാനാവുമെന്നവനു റപ്പുണ്ടായിരുന്നു.
കാട്ടുവഴികളിലൂടെ അവൻ വീണ്ടും നടന്നു. അപ്പോഴാണ് കാറ്റ് വന്നത്. പിറകെ മഴയും. അവന്റെ ഉടുപ്പൊക്കെ കാറ്റത്ത് പറന്നു. ദേഹമാകെ നനഞ്ഞൊലിച്ചു. അവൻ കാതോർത്തുകൊണ്ട് വീണ്ടും നടന്നു . ഇരുട്ടു കനത്തപ്പോൾ അവന് വഴിതെറ്റി. മിന്നലിന്റെ വെള്ളിവെളിച്ചത്തിൽ ആരോ തുറന്നിട്ട ഒരു ചില്ലുജാലകം അവൻ കണ്ടു. ഉള്ളിലേക്ക് നോക്കിയപ്പോൾ ഒരു കുഞ്ഞ് മെഴുകുതിരിയിരുന്നെരിയുന്നു.
വാതിൽ തുറന്നവൻ അകത്തു കയറി. തണുപ്പും ക്ഷീണവും കൊണ്ടവൻ മയങ്ങിപ്പോയി. കണ്ണുതുറന്നപ്പോൾ ചില്ലുജാലകങ്ങളെല്ലാം ആരോ അടച്ചിരുന്നു. അങ്ങിനെയാണ് ആ ഇടയൻ ചില്ലുകൂട്ടിലായത്. അവന്റെ കുപ്പായമെടുത്തിട്ട് ചിലർ ആട്ടിടയൻമാരായത്. ആട്ടിൻപറ്റം ചിതറിയത്.