ചളി · നിരീക്ഷണം

സാമുദ്രിക ലക്ഷണവും കോടങ്കിശാസ്ത്രവും

Sunil Thomas Thonikuzhiyil's photo.Sunil Thomas Thonikuzhiyil's photo.

ആർഷഭാരതത്തിലുണ്ടായിരുന്ന ശാസ്ത്ര പുരോഗതിയേപ്പറ്റി ആദ്യത്തെ അവബോധമെന്നിലുണ്ടാകുന്നത് ഒൻപതാം ക്ലാസിൽ വെച്ചാണ്. ആദ്യമായി ഉത്സവപ്പറമ്പിൽ ഒറ്റക്ക് കറങ്ങിത്തിരിയാൻ അന്നാണവസരം ലഭിച്ചത്.

നിരവധിയായ വെച്ചു വാണിഭക്കാരുടേയും ഉഴുന്നാട വിൽപനക്കാരുടേയും ഇടയിലൂടെ ചുറ്റിത്തിരിഞ്ഞ എന്റെ കണ്ണിൽ ഒരു ചെറിയ കട വന്നുെപെട്ടു. കുറേ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു. ദേവി ബുക്സ്റ്റാൾ കൊടുങ്ങല്ലൂർ ഇറക്കിയിരുന്ന പുസ്തകങ്ങളായിരുന്നു കൂടുതൽ. നാരായണീയം, ജ്ഞാനപ്പാന തുടങ്ങി അന്തോണീസ് പുണ്യാളന്റെ വീരചരിത്രം വരെയുണ്ട്. അപ്പോഴാണ് ശാസ്ത്ര ഗ്രന്ഥങ്ങൾ കണ്ണിൽപ്പെട്ടത്. കൊക്കോക മുനിയുടെ കോടങ്കി ശാസ്ത്രം, സാമുദ്രിക ലക്ഷണം, മുഖ ലക്ഷണം, ഗൗളി ശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, തന്ത്രസംഹിത എന്നിങ്ങനെ ചിലത്.

ശാസ്ത്ര കുതുകിയും ജിജ്ഞാസുവുമായ ഞാൻ സാമുദ്രിക ലക്ഷണവും മഹാ കോടങ്കിശാസ്ത്രവുമായി വീട്ടിലേക്ക് മടങ്ങി. പിന്നീടങ്ങോട്ട് പൗരാണിക ഭാരതത്തിന്റെ ശാസ്ത്ര നേട്ടങ്ങളേ ജീവിതത്തിൽ പ്രയോഗിക്കാനാരംഭിച്ചു. മുഖ ലക്ഷണം ഹസ്തരേഖ തുടങ്ങിയവ കൗമാരത്തിലും യവ്വനത്തിലും ചില്ലറ ജീവിതസമരത്തിൽ മുൻതൂക്കമല്ല ഉണ്ടാക്കിത്തന്നത്. പ്രത്യേകിച്ചും ഫെമിനിസ്റ്റുകളോടും മറ്റും ഇടപെടുമ്പോൾ . കാലത്തിന്റെ തികവിൽ, മറ്റനുഭവങ്ങളുടെ കുത്തൊഴുക്കിനിടയിൽ ഈ ശാസ്ത്രങ്ങളൊക്കെ മറ്റേ തൊരു ഭാരതീയനേയും പോലെ ഞാനും മറന്നു.

ഇന്നലെ വൈകിട്ട് കോളേജ് ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് വഴിയരുകിലെ വൻമതിലിലിരുന്ന് ഒരു മുഖം വചന പ്രഘോഷണത്തിനായി എന്നെ നോക്കി പുഞ്ചിരിക്കുന്നത്. എന്റെ മനസ്സിൽ ഗതകാല സ്മരണകൾ പെട്ടെന്നുണർന്നു. ആർഷ ഭാരത ശാസ്ത്ര വിജ്ഞാനത്തിന്റെ ഒരു കനൽ മനസ്സിലെവിടെയോ അണയാതെ ശേഷിച്ചിരുന്നു.
ലോകത്ത് ഒരേ പോലയുള്ള ഏഴു മുഖങ്ങളുണ്ടെന്ന് സാമുദ്രിക ശാസ്ത്രത്തിലോ കോടങ്കിശാസ്ത്രത്തിലോ പറഞ്ഞിട്ടുണ്ട്‌.
പണ്ടെന്നോ മനസിൽ പഠിച്ചുറപ്പിച്ച ആർഷ ഭാരത ഫേസ് ഡിറ്റക്ഷൻ അൽഗോരിതം പ്രവർത്തിക്കാൻ തുടങ്ങി. ഏതാണി മുഖം. തലച്ചോറിന്നുള്ളിലെ ന്യൂറൽ നെറ്റുവർക്കിലേക്ക് പുരാതന ശാസ്ത്രങ്ങളെ വീണ്ടും കയറ്റി. പെട്ടെന്ന് ഉത്തരം കിട്ടി. വചനം പ്രഘോഷിക്കാൻ വന്നിരിക്കുന്നത് നമ്മുടെ ചങ്ങാതി തന്നെ.
കേന്ദ്ര മാനവശേഷി വകുപ്പിന് ഇന്നു തന്നെ ഒരു പ്രപ്പോസൽ അയക്കണം. ഗൂഗിളിന്റെയൊക്കെ അൽഗോരിതത്തെ വെല്ലുന്ന മുഖ ലക്ഷണശാസ്ത്രം അമ്പലപ്പറമ്പിലെ ആ പുസ്തകത്തിൽ ഒളിച്ചിരുപ്പുണ്ട്. നമുക്കത് കമ്പ്യൂട്ടറുകളെ പഠിപ്പിക്കണം. ഒരഞ്ചുകോടി കിട്ടിയാൽ മതി. ശരിയാക്കിത്തരാം.

Leave a Reply

Your email address will not be published. Required fields are marked *