ഇന്നു നീയെന്നെ കണ്ടെടുക്കുന്നതുവരെ ഞാൻ ഇരുണ്ട മൂലയിലെവിടെയോ സുഖസുഷുപ്തിയാലായിരുന്നു. മഹാ വിക്രമൻമാരായ മൂഷികൻമാർ പലവട്ടം എന്നെ ആക്രമിച്ചിരുന്നെങ്കിലും ഞാൻ പിടിച്ചു നിന്നു. എന്നെങ്കിലും നിനക്കെന്നെ ഓർമ്മ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
അല്ലെങ്കിൽത്തന്നെ നിനക്കെങ്ങിനെയാണ് എന്നെ മറക്കാൻ കഴിയുക. റഫിയെയും സൈഗാളിനേയും പാടിത്തന്ന് നിന്നെ എത്ര രാത്രികളിൽ ഞാനുറക്കിയിരിക്കുന്നു. നിന്റെ ഏകാന്തയകറ്റാൻ ബൈജു ബാവ്റ നീ എത്ര വട്ടമാണെന്നേക്കൊണ്ട് പാടിച്ചിട്ടുള്ളത്. നിന്റെ സങ്കടങ്ങളിൽ ഗീതാദത്തിന്റെ വക്ത് നെ കിയാ ക്യാ ഹസീന് സിതം നീ എന്റെയൊപ്പമല്ലെ പാടിയിരുന്നത്. നിന്റെ കൂട്ടുകാർക്ക് ഞാനെത്ര തവണ ഗ്രാമീണ ഗീതങ്ങൾ പാടിക്കൊടുത്തിട്ടുണ്ട്. നിന്റെ ഉറക്കത്തിനിടെ ഞാൻ വളരെ മൃദുസ്വരത്തിലല്ലെ സ്വയംസ് റ്റോപ് പ്രവർത്തിപ്പിച്ചിരുന്നത്.
പുതിയ കൂട്ടുകാരെ കണ്ടപ്പോൾ പതിയെ നീ എന്നെ മറന്നു. ഒരു ദിവസം നി എന്നെ ഇവിടെയാക്കി. നിന്റെ പുതിയ കൂട്ടുകാരനെക്കൊണ്ട് ചൗരസ്യയുടെ ഭൂപാളി പാടിക്കുമ്പോൾ ഞാൻ ചെവിയോർത്തിരിക്കും. എന്നെങ്കിലും നിനക്ക് പഴയ പാട്ടുകൾ ഓർമ്മ വരും അന്ന് നീ എന്നെത്തേടി വരാതിരിക്കില്ലെ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.
ഇന്നു നീ പടി കയറി വന്നപ്പോൾ, നീ എന്റെ നേർക്ക് കൈ നീട്ടിയപ്പോൾ ഞാനൊന്നമ്പരന്നു. എന്റെ ഉള്ളിലെവിടെയോ ഒരു വേദന. എന്റെ രക്തധമനികളിലൊരെണ്ണം കാലപ്പഴക്കത്താൽ വലിഞ്ഞു മുറുകിപ്പൊട്ടിയിരിക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. നീയെന്നെ വലിച്ചെറിയല്ലെ. രാത്രിയിലെപ്പോഴെങ്കിലും നിന്റെ പുതിയ കൂട്ടുകാരൻ ഓ ദുനിയാ കെ രഖ്വാലെ പാടുമ്പോൾ നിന്നെ ശല്യപ്പെടുത്താതെ ഇവിടെയിരുന്ന് ഞാൻ മനസ്സിൽ മൂളിക്കൊള്ളാം