നിരീക്ഷണം

ഒടിയൻ

 

ജരാനരകളെ തിരിച്ചറിവാകുന്നതു മുതൽ മനുഷ്യൻ ഭയപ്പെട്ടു തുടങ്ങുന്നു. അവന്റെ ദൈനംദിന ജീവതത്തെ മുന്നോട്ട് നയിക്കുന്നത് തന്നെ ഈ പേടിയാണ്.

വാർദ്ധക്യത്തെ തടഞ്ഞു നിർത്താൻ മനുഷ്യൻ ശ്രമിക്കാൻ തുടങ്ങിയിട്ട് നാളേറയായി. ആധുനിക ശാസ്ത്രത്തിന് ശരാശരി മനുഷ്യായുസ് കുറച്ചൊക്കെ കൂട്ടാനായിട്ടുണ്ടെങ്കിലും വാർദ്ധക്യത്തെ മറികടക്കാനായിട്ടില്ല.Indefinite life extension വളരെ ആക്ടീവ് ആയി ഗവേഷണം നടക്കുന്ന മേഖലയാണ്. താൽപര്യമുള്ളവർക്ക് ഈ ലിങ്ക് നോക്കാം. https://en.m.wikipedia.org/wiki/Life_extension

പുരാണങ്ങളിലും മറ്റും തപസിലൂടെ ദീർഘായുസ് നേടിയവരേപ്പറ്റി ധാരാളം പരാമർശങ്ങളുണ്ട്. യോഗ പോലുള്ള പദ്ധതികൾ മുതൽ മന്ത്രവാദം വരെ കാലാകാലങ്ങളായി വാർദ്ധക്യ പ്രതിരോധ മാർഗ്ഗങ്ങളായി പരിക്ഷിക്കുന്നു. രഹസ്യമായി ചെയ്യാവുന്ന കായകൽപ ചികിത്സയുടെ പരസ്യം ഇന്നലെക്കൂടി മാറുമിൽ വന്നിരുന്നു.

കാലനില്ലാതാകുന്ന സുന്ദരമായ കാലത്തെ കുഞ്ചൻ നമ്പ്യാർ വർണ്ണിച്ചതിങ്ങനെയാണ്. ” മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനവനുണ്ട് മുത്തച്ഛൻ മരിച്ചില്ല.” .

മ(ദ്യ)ധ്യവയസിലൂടെ അതിവേഗം വാർദ്ധക്യത്തിലേക്ക് നടന്നു നീങ്ങുന്ന എനിക്ക് മലയാള സിനിമയിലെ വൃദ്ധജനങ്ങളുടെ ജരാനര വിരുദ്ധ സമരങ്ങൾ പ്രതീക്ഷ നൽകുന്നു. ഒടിയനായും മുടിയനായും അവർ ചെറുപ്പക്കാരാകട്ടെ. സമ്പൂർണ്ണ പിന്തുണ.

അസൂയ മൂത്ത് വയറ് കുറക്കാൻ ഒടിയന്റ ബെൽട്ട് തപ്പി നടക്കുന്നവർക്ക് രണ്ട് കഥകൾ നിർദേശിക്കുന്നു.

1) നഹുഷന്റെ പുത്രനായ യയാതി സ്വന്തം കയ്യിലിരിപ്പുകൊണ്ട് യവ്വനം കളഞ്ഞുകുളിക്കുന്നു. തുടർന്ന് സ്വന്തം പുത്രനോട് യവ്വനം ഇരന്നു വാങ്ങുന്നു. (വി എസ് ഖന്ധേക്കറുടെ യയാതി താൽപര്യമുള്ളവർക്ക് നോക്കാം.)

2) സ്വന്തം യവ്വനം നിലനിർത്താൻ കന്യകകളായ യുവതികളെ ബലി കൊടുക്കുന്ന വയനാടൻ തമ്പാന്റെ കഥ 1980കളിൽ സിനിമയായി വന്നിട്ടുണ്ട്‌. ഉഗ്രൻ പടമാണ്. യൂ ട്യൂബിൽ ഉണ്ട്.
https://en.m.wikipedia.org/wiki/Vayanadan_Thamban

മലയാള സിനിമയിലെ മഹാപ്രതിഭകൾക്ക് വാർദ്ധക്യസഹജമായ അസുഖങ്ങളുണ്ട് എന്ന് വിമർശിക്കുന്നവർ കാലത്തെഴുന്നേറ്റ് കണ്ണാടിയിലേക്ക് നോക്കണം. എന്നിട്ട് ഗോദറേജിന്റെ ഹെയർ ഡൈ എടുത്ത് കാളം പുളം തേക്കണം. ബെൽട്ട് മുറുക്കി കെട്ടണം. പറ്റിയാൽ രണ്ടു കിലോമീറ്റർ ഓടണം.

Leave a Reply

Your email address will not be published. Required fields are marked *