അഖിലലോകകുടിയൻമാർക്കു വേണ്ടി ഞാൻ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഇവിടെ കുറിക്കുന്നത്. വിശദമായ ഒരു ജേർണൽ പേപ്പർ പിന്നാലെ വരുന്നുണ്ട്. ഒരു വട്ടം റിവ്യു കഴിഞ്ഞിരിക്കുകയാണ്.
വെള്ളമടിയേക്കുറിച്ച് എഴുതിയാൽ ആളുകൾ ബഡായിയാണെന്ന് പറയും. അത് മലയാളികളുടെ ഒരു ശീലമായിപ്പോയി.
ഒരു ശാസ്ത്രീയ പരീക്ഷണത്തെക്കുറിച്ച് എഴുതുമ്പോൾ നിലവിലുള്ള സ്ഥിതിയേക്കുറിച്ചും മുൻകാല ഗവേഷണങ്ങളേക്കുറിച്ചും ഒരു സർവേ നടത്തേണ്ടതുണ്ട്. ആദ്യത്തെ രണ്ടു മൂന്ന് പാരാ ഈ സർവേയും മുൻ റിസൾട്ടുകളുമാണ്.
താഴെയെഴുതിയിരിക്കുന്നത് വെറും ബഡായിയല്ല, ഈ പരീക്ഷണത്തിന് വേണ്ടി വന്ന ദീർഘകാലത്തെ ബാക്ഗ്രൗണ്ട് വർക്കിന്റെ വിവരണമാണ്.
ബഡായിയാണ്, അമ്മാവൻ കോംപ്ലക്സാണ് എന്നൊക്കെ കമന്റിടുന്ന വികെ ആദർശ് Manda Siromani പ്രഭ്രുതികൾ തുടർന്ന് വായിക്കുന്നതു ഞാൻ തടയുന്നില്ല. മേൽപറഞ്ഞ തരം കമന്റുകൾ നിർദാക്ഷണ്യം ഡിലിറ്റും. കുട്ടികളെ വഴിതെറ്റിക്കുന്നു എന്ന് ചിലർ കമന്റിടും . ഒരു കാര്യം മനസ്സിലാക്കണം. ഇത് ഒരു പരീക്ഷണമാണ്.
ഇനി കാര്യത്തിലേക്ക് കടക്കാം. പരീക്ഷണത്തിന്റെ മുന്നോരുക്കം തുടങ്ങുന്നത് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ദിവസമാണ്. അന്നാണ് ആദ്യമായി വാറ്റുചാരായം രുചിച്ചു നോക്കുന്നത്. വിരലിൽ മുക്കി കത്തിക്കാൻ പാകത്തിൽ കശുമാങ്ങ തുടക്കം മോശമായില്ല . വാളു വെച്ചു. ഒന്നാന്തരം കായംകുളം വാൾ. തുടക്കം പിഴച്ചെങ്കിലും പത്തിരുപത് വയസായപ്പോഴേക്കും ഒരു അരയൊക്കെ അടിച്ച് റോഡിൽ കൂട്ടിയിരിക്കുന്ന മെറ്റൽക്കുനയിൽ വരെ കിടന്നുറങ്ങാവുന്ന പരുവമായി.(ആന്റണി സാർ ചാരായം നിരോധിച്ചില്ലായിരുന്നേ നമ്മളെവിടെ എത്തുമായിരുന്നോ ആവോ)
കോളേജ് പഠിത്തം കഴിഞ്ഞ് അഞ്ചാറു വർഷം വടകരയിൽ ജോലി ചെയ്തിരുന്നു. ഗവേഷണ പ്രവർത്തനങ്ങൾ കോഴിക്കോട് ജില്ലയുടെ മുക്കിലും മൂലയിലും വരെ വ്യാപിപ്പിക്കാൻ കഴിഞ്ഞു എന്നതാണിക്കാലത്തെ പ്രധാന നേട്ടം. തിയേറ്റർ അറ്റാച്ച് ചെയ്തിട്ടുള്ള ഷാപ്പുകളായിരുന്നു പ്രിയം. വെള്ളിക്കുളങ്ങര ശ്രീജയ പാലയാട് നടക്വീൻസ് ഉള്യേരി സംഗീതയുമൊക്ക് പ്രീയപ്പെട്ട താവളങ്ങളായിരുന്നു.
സിനിമേം കാണാം താളിം ഒടിക്കാം. കൂടുതൽ വിവരം വേണേൽ Dinesh Kumar റൊ Felix ZP യോ തരും.
തിരിച്ച് തൊടുപുഴക്ക് വണ്ടി കയറുമ്പോൾ നല്ല പേരെടുത്തിരുന്നു. നാട്ടിൽ വന്നപ്പോൾ പണി കിട്ടി. പെണ്ണുകെട്ടണമെങ്കിൽ ശീലം മാറ്റണം. പലരും കയ്യൊഴിഞ്ഞു. നമ്മളുണ്ടോ നന്നാവുക. തനി മാന്യനായി ഭാവിച്ചു. കണ്ട അണ്ടനേം അടകോനേം ഒക്കെ വിശ്വാസത്തിലെടുത്തതണ് കുഴപ്പമെന്ന് മനസ്സിലായി.
അന്ന് തന്നെ ശീലം മാറ്റി. മുന്തിയ ഐറ്റം ഒറ്റക്ക്. നട്ടപ്പാതിരായ്ക്ക് ഒന്നടിക്കും. (സദാചരക്കുരു ഒരു കിലോ ഇവിടെ പൊട്ടിക്കാം ) ഹിന്ദിപ്പാട്ടക്കെ കേട്ട് ടെറസ്സിലിരിക്കും. പുലർച്ചെ മൂന്ന് മണിക്ക് പോകുന്ന ലുഫ്താൻസാ ഫ്ലൈറ്റിലെ എയർഹോസ്റ്റസിന് ടാറ്റായൊക്ക കൊടുക്കും. അത്ര തന്നെ .സോഷ്യൽ ഡ്രിങ്കിംഗ് വളരെ സെലക്ടീവ് കമ്പനിയിൽ മാത്രം ഒതുക്കി. ഇപ്പോഴും അതാണ് ശീലം. ( ഒരു കാര്യം പറയാൻ മറന്നു. മുന്നു മണിടെ ഫ്രങ്ക്ഫർട്ട് രണ്ടു മണിക്കാക്കീട്ടുണ്ട്)
അങ്ങനെയിരിക്കെയാണ് ഫേസ് ബുക്കിൽ ഹോമിയോപ്പതിയേക്കുറിച്ചും മോഹനൻ വൈദ്യ രേക്കുറിച്ചുമൊക്കെ ചർച്ച വരുന്നത്. Dileep Mampallil യൊക്കെ പ്ലാസി ബോ ഇഫക്ടിനേക്കുറിച്ച് വമ്പൻ ലേഖനങ്ങളൊക്കെ എഴുതന്നു . മണ്ടശിരോമണിം Nelson Joseph ഡോക്ടറും കൂടി മോഹനേട്ടനെ പൊളിച്ചടുക്കുന്നു. വായിച്ച് വായിച്ച് നമുക്ക് ഹരം പിടിച്ചു. ഹോമിയോപ്പതിയേക്കുറിച്ചൊക്കെ നല്ല അഭിപ്രായം വന്നു. ഇവരൊക്കെ ഇത്രേം വിമർശിക്കണേ കുറഞ്ഞത് ഒരു സാമ്രാജ്യത്വ ശക്തിയെങ്കിലും പിറകിൽ കാണുമെന്നുറപ്പായി.
കൂടുതൽ പിഠിച്ചപ്പോഴാണ് ഹോമിയേപ്പതിയുടെ ഐഡിയാ സ്വയം പരീക്ഷിക്കാൻ തീരുമാനിച്ചത്. നേർപ്പിക്കുന്തോറും മരുന്നുകൾക്ക് വിര്യം കൂടുമെന്ന കാര്യം മനസ്സിലായതു മുതൽ ഒരവസരം നോക്കിയിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു മീറ്റിംഗ് ഒത്തുവന്നത്.
എല്ലാം കൂടിയ ടീമുകൾ. ഒറ്റയടിക്ക് ഫുൾ വിഴുങ്ങുന്ന ടാങ്ക് ഐറ്റംസ് . കമ്പനി കൂടാൻ വിളിച്ചപ്പോൾത്തന്നെ തിരുമാനിച്ചു, ഹോമിയോപ്പതി പരീക്ഷിക്കാൻ. മുന്തിയ ഒരു ഫൈവ് സ്റ്റാറാണ് ലാബ്.( നാടൻ കൂതറ ഐറ്റത്തിൽ റിസൽട്ട് മാറിയാൽ ഞാനുത്തരവാദിയല്ല.)
എല്ലാവരും 60 ml പറഞ്ഞപ്പോൾ ഞാൻ 30ml പറഞ്ഞു. എല്ലവരും സോഡഒഴിച്ചപ്പോൾ ഞാൻ പച്ച വെള്ളം ഒഴിച്ചു. ചങ്ങാതിമാർ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി. (മലയാളികൾക്ക് ആക്രന്തം കൂടുതലാ. ഹിന്ദിക്കാരൊക്കെ നല്ല ക്ഷമയുള്ളവരാ.) പരീക്ഷണ വസ്തുവായതുകൊണ്ട് ഞാൻ പതിയെ ഗ്ലാസ് പകുതിയാക്കി. കൂട്ടുകാർ ഈ സമയം ചിക്കന്റെ വിലയേക്കുറിച്ചും നാടൻ കോഴി നാട്ടിൽ നിന്നന്യം നിന്നതിനേക്കുറിച്ചും പ്രസംഗിക്കുകയായിരുന്നു. എല്ലാവരും ഒരു റൗണ്ട് കൂടി പറഞ്ഞു. ഞാൻ ഗ്ലാസിൽ കൂടുതൽ വെള്ളമൊഴിച്ച് പൊട്ടൻസി രണ്ടാക്കി.
ചർച്ച ബിഫിലേക്ക് തിരിഞ്ഞതിനിടെ എല്ലാവരും വീണ്ടും ഗ്ലാസ് കാലിയാക്കി .ഞാൻ പരീക്ഷണം തുടർന്നു. പകുതി കുടിച്ച് ഗ്ലാസിൽ കൂടുതൽവെള്ളം നിറച്ച് പൊട്ടൻസി മുന്നാക്കി.
പ്ലാസി ബോ ഇഫക്ട് ആണെന്ന് തോന്നുന്നു, ഞാൻ കുറേശേ ഡയലോഗ് ഒക്കെ വിടാൻ തുടങ്ങി. ജി എസ് ടി യെക്കുറിച്ചും ഫാസിസത്തിന്റെ കടന്നുവരവും ഫെഡറൽ സംവിധാനം തകർന്നതിനേക്കുറിച്ചുമൊക്കെ ഡയലോഗ് അനർഗളമായി പ്രവഹിച്ചു.
പരീക്ഷണം വിജയമണെന്ന് തോന്നി. പാർട്ടി തുടർന്നു .
ഞാൻ പൊട്ടൻസി കുട്ടിക്കൊണ്ടിരുന്നു എഴൊക്കെ എത്തിയപ്പോൾ നാവ് കുഴഞ്ഞു തുടങ്ങി. പൊട്ടൻസി പത്താക്കിയ ഗ്ലാസ് എടുക്കാൻ നോക്കിയപ്പോൾ കൈവിറച്ചു.
ചങ്ങാതിമാരുടെ കമന്റ് ലവൻ പണ്ട് മാഹി കാണാൻ പോയ പോലുണ്ടല്ലോ . ആരോ എപ്പോഴോ റൂമിലെത്തിച്ചു. ബില്ലടച്ചതാരാണോ പോലും?
എനിക്കിപ്പോൾ ഹോമിയോപ്പതിയിൽ നല്ല വിശ്വാസമാണ്. നേർപ്പിക്കുന്തോറും വിര്യം കൂടും. മണ്ടശിരോമണിം നെൽസൺ ഡോക്ടറുമൊക്കെ പലതും പറയും .പക്ഷെ അനുഭവസാക്ഷ്യത്തോളം വരുമോ പുസ്തകത്തിലുള്ള ശാസ്ത്രം. ആരൊക്കെ പറഞ്ഞാലും ഞാൻ ഈ ഹോമിയോ രീതിയേ ഇനി പിന്തുടരു.