ഭക്തജനങ്ങളെ ഈ പോസ്റ്റ് എന്നേപ്പറ്റി മാത്രമാണ്. ജീവിച്ചിരിക്കുന്നതോ ജനിക്കാനിരിക്കുന്നതോ ആയ യന്ത്രങ്ങളേക്കുറിച്ചുള്ളതല്ല. അങ്ങനെ ആർക്കെങ്കിലും തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്. ഇനി കാര്യത്തിലേക്ക് കടക്കാം.
യന്ത്രം നിർമ്മിക്കുന്നതിന് ഒരു പ്രൊഫൈൽ ആവശ്യമാണ്. കോതമംഗലം എൻജിനിയറിംഗ് കോളേജിൽ നിന്ന് ഒന്നാം റാങ്കിൽ ബിരുദം (വേറെ കോളേ ജാണെൽ ഫലം കുറയും അക്കാലത്ത് യൂണിവേർസിറ്റിൽ ആകെ ഒരു കോളേജേ ഉള്ളു എന്ന് കോത്താഴത്തുകാർക്ക് അറിയില്ലല്ലോ. ബയോഡാറ്റാ വേണ്ടവർ ബന്ധപ്പെടണം.) ഐഐടിയിൽ നിന്ന് തള്ളിൽ പി എച്ച് ഡി. (വേറെ വിഷയമാണേൽ ഫലം നാസ്തി) തള്ളൽ കലയിൽ ചുരുങ്ങിയത് 20 വർഷത്തെ പ്രവർത്തി പരിചയം. മാത്യു മറ്റത്തിന്റെ കൃതികളിൽ അവഗാഹം. കണ്ടം വഴി ഓടാനുള്ള കഴിവ് .തൊലിക്കട്ടി അര ഇഞ്ച് കനത്തിൽ.(സംശയമുള്ളവർക്ക് എന്റെ പ്രൊഫൈൽ നോക്കാം )
ഇനി യന്ത്രം ഉണ്ടാക്കുന്നതിന് മുൻപ് പ്രൊഫൈലിൽ അവശ്യം ചേർക്കേണ്ട ചേരുവകൾ.
കയ്യടിക്കാർ
സ്ത്രീകൾ
നായൻമാർ
നസ്രാണികൾ
തെങ്ങോല കൊണ്ട് പമ്പരം ഉണ്ടാക്കാൻ കഴിവുള്ളവർ
മേൽപടിയാൻമാർ വിദേശത്തുള്ളവരായാൻ ഉത്തമം. സ്വയം പ്രഖ്യാപിത ബുജികൾ, ചുവന്ന ഉടുപ്പിട്ടവർ തുടങ്ങിയവരെ കഴിവതും ബ്ലോക്കണം. പല നിറത്തിൽ ഉടുപ്പിട്ട കോൺഗ്രസ് കാർ ആരേലും ഉണ്ടെങ്കിൽ ഫലം കൂടും. ഈ സമയത്ത് മനുഷ്യർക്ക് പ്രത്യേകിച്ച് ഉപയോഗമില്ലെങ്കിലും പ്രമുഖ രേക്കൊണ്ട് ഒന്നു രണ്ട് പോസ്റ്റ് ഷെയർ ചെയ്യിപ്പിക്കണം. (ഉദാഹരണം സുജാതയായി എന്റെ പ്രൊഫൈൽ നോക്കിയാൽ മതി. ഷെയർ ചെയ്യാനും ലൈക്കാനും മറക്കരുത്.)
യന്ത്രം തയ്യാർ ചെയ്യേണ്ട വിധം
ആദ്യമായി ആട് മാഞ്ചിയം കൃഷി പോലെ ഒരു പദ്ധതി നടത്തണം. നിന്റെ 10 ആട് ഞാൻ വിൽക്കാം എന്റെ 100 മാഞ്ചിയം നീ വിൽക്കണം എന്ന് പറയണം. പണ്ട് കോതമംഗലത്ത് കണ്ടം വഴി ഓടിയതിനേപ്പറ്റി ഞാൻ കണ്ടം കണ്ടെത്തിയതെങ്ങിനെ എന്ന് പോസ്റ്റാം. ശീതങ്കൻ തള്ളൽ പറയൻ തള്ളൽ തുടങ്ങിയവയിൽ ചെറിയ കുറിപ്പ് കൾ ഇടാം. ആയിരം ലൈക്ക് കിട്ടിത്തുടങ്ങുന്നതു വരെ എരിതീയിലേക്ക് എണ്ണ ഒഴിച്ചോണ്ടിരിക്കണം. ആരേം ചൊറിയരുത്. ( വീണ്ടും എന്റെ പ്രൊഫൈൽ ഉദാഹരിക്കാം.)
ഇനി വലിയ ഒരു ചട്ടി എടുത്ത് കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക്. ലൈക്ക് തെണ്ടി യാത്ര നടത്തണം. ഷാപ്പിലെ ചാപ്പി എന്നോ ചായിപ്പിൽ ചർച്ച എന്നോ പേരിടാം. സെൽഫി സ്റ്റിക്ക് മറക്കരുത്. ആരേലും ലൈക്കിന് കണക്ക് ചോദിച്ചാൽ ബ്ലോക്കിയേര്. (ഞാൻ മാർച്ചിൽ ഇട്ട പോസ്റ്റ് കണ്ടാരുന്നോ )
യാത്ര കഴിഞ്ഞാൽ ഒരു പതിനായിരം ആള് കുടും. ഇനി ഒരാഴ്ച വിശ്രമിക്കാം. അടുത്തതായി ഒരു മൽസരം നടത്തണം. കാവിലെ പാട്ട് ആയാൽ ഉത്തമം. ഏറ്റവും നല്ല പാട്ടുകാരനെ ആഫ്രിക്കയിലെ കാണ്ടാമൃഗത്തിന്റെ പുറത്തിരുത്താം എന്നോ മറ്റോ പറഞ്ഞോണ്ടിരിക്കണം. ബാക്കി ഭക്തർ ഏറ്റോളും.
ലോകത്ത് പലയിടങ്ങളിൽ ആടലോടകം തിന്നുണ്ടായ അപകടങ്ങളേക്കുറിച്ചോ കൂർക്കക്കുഴങ്ങിനേക്കുറിച്ചോ പോസ്റ്റ് ദിവസേന രണ്ട് നേരം ഇടണം. സെൽഫി മറക്കരുത്.
ഇത്രയുമായാൽ യന്ത്രം തയ്യാറായി. അയ്യായിരം ലൈക്ക് ഒക്കെ കിട്ടിത്തുടങ്ങും
ഇനി അന്ത്യോ ക്യാ യി ലെ ആനപ്പിണ്ടം അന്ത്യാളത്തെ അരമതിലിൽ അയല വന്നതെങ്ങനെ എന്നിങ്ങനെ ലോകത്തുള്ള ഏതു വിഷയത്തേക്കുറിച്ചും എഴുതാം. ഇടക്ക് സ്ത്രീകളെ പുകഴ്ത്തണം. പടം ഒക്കെ ഇടാം.ആരേലും എതിർത്താൽ ബ്ലോക്കണം. ഒരു പോസ്റ്റിന് മിനിമം പതിനായിരം ലൈക് ആകുമ്പോൾ ഇതുവരെ എഴുതിയത് പുസ്തകമാക്കി ഇറക്കാം. ആവണക്കെണ്ണ കുടിച്ചാൽ എന്തു പറ്റും. യുറോപ്പിലെ മുയലുകൾക്ക് എത്ര കൊമ്പുണ്ട് എന്നീ ലേഖനങ്ങൾ എഴുതി ഫോട്ടോ സഹിതം ഒൺലൈനിൽ വരുത്തണം ലൈക്ക് കൂടും.
ശോക സാഹിത്യത്തിൽ നോബൽ സമ്മാനം കൂടി കിട്ടിയാൽ യന്ത്രം പൊളിക്കും.ആശയ ദാരിദ്ര്യം വന്നാൽ ഇടക്കിടെ എന്റെ കഷണ്ടി എന്റെ ഫുൾഫിഗർ ഇടണം എന്റെ കലം എന്റെ കുടം എന്നിങ്ങനെ പോസ്റ്റ് ഇടണം. ലൈക്ക് ഇടക്ക് എണ്ണി നോക്കണം. കമന്റിടുന്നവനെങ്ങാൻ കൂടുതൽ ലൈക്ക് കിട്ടിയാൽ ബ്ലോക്കാപ്പീസിലാക്കാം.. ഒരു പോസ്റ്റിന് അമ്പതിനായിരം ലൈക്ക് ആയാൽ രാഷ്ട്രീയത്തിൽ ഇറങ്ങാം. MLA മാരുടെ ശമ്പളം നേരത്തെ കുട്ടിയതുകൊണ്ട് കുശാലായി ഉണ്ണാം.
യന്ത്രം സ്വന്തം റിസ്കിൽ തയ്യാർ ചെയ്ത് ഉപയോഗിക്കുക.