ചളി

ബള്‍ബ്

1988ലെ ഡിസംബര്‍ മാസത്തിലാണ് സംഭവം. കഥാനായകന്‍മാര്‍ നാലുപേരുണ്ട്, ചങ്ക് ബ്രോസ്. ആറാം സെമസ്റ്റര്‍ പരീക്ഷക്ക് കെന്നഡി ഹോസ്റ്റലില്‍ തകര്‍ത്ത് പഠനം നടക്കുന്നു. സമയം പാതിരാ കഴി‍ഞ്ഞു. അപ്പോഴാണ് നായകന്മാരിലൊരാള്‍ക്ക് ഓംലെറ്റ് അടിക്കണമെന്ന് ആശയമുദിച്ചത്. സഹനായകൻമാർക്ക് വിളിപോയി.

തട്ടുകട 2 കിലോമീറ്റര്‍ അകലെ കോതമംഗലം ടൗണിലാണ്. നാലാളും കൂടി ടൗണിലേക്ക് വെച്ച് പിടിച്ചു.

പോകുന്ന വഴിക്കാണ് എല്‍ദോസ് ചേട്ടന്റെ ബേക്കറി. ക്രിസ്തുമസ് പ്രമാണിച്ച് നിറയെ നക്ഷത്രം തൂക്കിയിരിക്കുന്നു. ഇതുകണ്ടപ്പോഴാണ് നായകന്മാരിലൊരാള്‍ക്ക് ഐഡിയ ഉദിച്ചത്. ഹോസ്റ്റലില്‍ ബള്‍ബിന് ക്ഷാമം, മൂന്നാലെണ്ണം പൊക്കിയാലോ?

ഉടന്‍ നടപടിയെടുത്തു. രണ്ടുമൂന്നെണ്ണം ഊരി എളിയിലും മടിക്കുത്തിലുമായി തിരുകി. ജാഥ മുന്നോട്ട് നീങ്ങി. രണ്ടുമൂന്ന് മിനിറ്റ് കഴിഞ്ഞതേയുള്ളൂ, ഒരു ജീപ്പ് നായകന്മാര്‍ക്കു മുന്നില്‍ സഡന്‍ ബ്രേക്കിട്ടു.

“ഏതു #@## ആടാ രാത്രിയില്‍? ”

തെറിയുടെ ഗ്രേ‍‍ഡ് വെച്ച് അപ്പോള്‍ത്തന്നെ ആളെ പിടികിട്ടി. പൗലോസ് എസ്.ഐ. പെട്രോളിനിറങ്ങിയതാണ്. സെക്കന്റ് ഷോക്ക് ശേഷമുള്ള അനാശാസ്യക്കാരെപ്പൊക്കാന്‍.

നായകന്‍മാരുടെ ചങ്കിടിച്ചു. എളിയില്‍ ബള്‍ബാണ്.
“കേറടാ വണ്ടിയില്‍”
SI അലറി. നായകന്മാര്‍ വണ്ടിയില്‍ കയറി. ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

“ആരെടാ?”

“എന്‍ജിനീയറിംഗ് പിള്ളേരാണ്”

“രാത്രിലെന്താടാ #@#@@ മക്കളെ എന്‍ജിനീയറിംഗ്”

“സര്‍ പരീക്ഷയാണ്, ഉറക്കം വന്നപ്പോ കട്ടന്‍ അടിക്കാന്‍..”

“*#*#@ ”

നായകന്മാരുടെ കിളി പോയി. സ്റ്റേഷനില്‍ ചെന്നാല്‍ ആദ്യ പ്രയോഗം മുണ്ടഴിപ്പിച്ച് പരേഡാണ്. ബള്‍ബാണ് എളിയില്‍.

വണ്ടി ചീറിപ്പാഞ്ഞു. കോതമംഗലം ജംഗ്ഷനില്‍ എത്തി. വണ്ടി ഇടത്തോട്ടിന്റിക്കേറ്ററിട്ടു. പിള്ളേരുടെ ചങ്കിടിപ്പ് കൂടി. ബസ്റ്റാന്റിന് മുന്‍പില്‍ SI വണ്ടി ചവിട്ടി. അവിടെ രണ്ടുമൂന്നാള്‍ നില്‍ക്കുന്നു.

SI: “ഇവിടെ വാടാ”.

സ്റ്റാന്റില്‍ നിന്നവര്‍ അറ്റന്‍ഷനായി. കൂട്ടത്തില്‍ ഒരാള്‍ മദ്യപിച്ചിട്ടുണ്ട്. SIയുടെ ശ്രദ്ധ അവനിലായി.

“കേറടാ വണ്ടിയില്‍”.

അവര്‍ കേറാന്‍ വന്നപ്പോള്‍ വണ്ടി നിറയെ ആള്‍ക്കാര്‍. SI: “ഇറങ്ങടാ പോയി @@#@ കട്ടൻ അടിച്ചു മര്യാദക്ക് കിടന്നുറങ്ങ് #*@#* ”

നായകന്മാര്‍ പുറത്തിറങ്ങി. വണ്ടി മുന്നോട്ടെടുത്തു. SI യുടെ ശബ്ദം വീണ്ടും കേട്ടു. ” #*#@* “.

.’ക്ലിം’

ബസ്റ്റാന്റ് നടുങ്ങുമാറ് പെട്ടെന്ന് ഒരു ശബ്ദം. ഒരു ബള്‍ബ് താഴെ വീണ് പൊട്ടിയതാണ്.നായകന്മാരിലൊരാളുടെ മുണ്ട് ഏകദേശം അഴിഞ്ഞ നിലയിലായിരുന്നു. മുട്ടിടിച്ചത് കാരണമായിരിക്കണം.

നായകന്മാരുടെ കിളി പാറിപ്പറന്നു പോയി. ഭാഗ്യത്തിന് പോലീസ് വണ്ടിയില്‍ തെറി പറഞ്ഞോണ്ടിരുന്ന SI ആശബ്ദം കേട്ടില്ല. വണ്ടി ഒരന്‍പത് മീറ്റര്‍ മുന്നോട്ട് പോയിരുന്നു.

നായകന്മാര്‍ ഒറ്റ ഓട്ടത്തിന് സ്ഥലം കാലിയാക്കി. ഏതോ ഇടവഴി കയറി ഹോസ്റ്റല്‍ പൂകി. അന്നു കൊണ്ടു വന്ന 60 വാള്‍ട്ടിന്റെ ബള്‍ബ് ഒരെണ്ണം, ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യുന്നതുവരെ ടി ടി റൂമിൽ പ്രകാശം പരത്തുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *