നമ്മൾ പഴയ മോഡൽ ബിടെക്കാണ്. എന്നു വെച്ചാൽ എൻജിനിയറിംഗ് പിള്ളേര് സിനിമാ പിടിക്കാൻ തുടങ്ങുന്നതിന് മുൻപുള്ള കാലത്താണ് പഠിച്ചത്. അക്കാലത്ത് കേരളത്തിലാകെ അഞ്ചാറ് എൻജിനിയറിംഗ് ഫാക്ടറി യേ ഉള്ളു. അന്നും ഏറ്റവും മോഡി കൂടിയ ബ്രാഞ്ച് കമ്പ്യൂട്ടർ സയൻസാണ്. അതു കിട്ടണമെങ്കിൽ നൂറിൽത്താഴെ റാങ്ക് വേണം. ക്യൂവിൽ അടുത്തത് ഇലക്ടോണിക്സാണ്. എൻട്രൻസിൽ 417 ാം റാങ്ക് കറക്കിക്കുത്തി ഒപ്പിച്ച ഞാൻ അവസാന ചാൻസിന്റർവ്യു വിൽ എനിക്ക് കിട്ടിയ ഇലക്ട്രിക്കൽ ബ്രാഞ്ചിൽ നിന്ന് ഇലക്ട്രോണിക് സിലേക്ക് ഒറ്റ ചാട്ടം. കമ്പ്യൂട്ടറായിരുന്നു ലക്ഷ്യം പക്ഷെ പുളിങ്കൊമ്പ് വളരെ മുകളിലായിരുന്നു.
നാലു കൊല്ലത്തെ ബിടെക് അഞ്ചു കൊല്ലം കൊണ്ട് പാസായ എനിക്ക് കോഴ്സിന് ചേർന്ന അന്നു തുടങ്ങിയ മോഹമാണ് കമ്പ്യൂട്ടർ എൻജിനിയറാകണമെന്ന് . പല പണിയും ചെയ്തു നോക്കി. ഇഗ്നോയിന്ന് തപാൽ വഴി കമ്പ്യട്ടർ പഠിക്കാൻ നോക്കി. കോളേജിൽ കമ്പ്യട്ടർ പ്രോ ഗ്രാമിംഗ് പഠിപ്പിക്കാൻ കിട്ടുമോന്ന് കെഞ്ചി ചോദിച്ചു. ഒറിജിനൽ കമ്പ്യൂട്ടർ സാറൻമാർ ഓടിച്ചു. കമ്പ്യൂട്ടർ കേടായാൽ നന്നാക്കാൻ നമ്മൾ, ആർക്കേലും ഓട്ടമേറ്റതിയറിലും ഡാറ്റാ സ്ട്രക്ചറിലും മൈക്രോ പ്രോസസറിലും സംശയം വന്നാൽ പരിഹരിക്കാൻ നമ്മൾ. പക്ഷെ കമ്പ്യൂട്ടർ എൻജിനിയറല്ല. വാതം പിത്തം കഫം എന്നൊക്കെ ഉരുവിടാം. സ്റ്റെത സ്കോപ്പ് പിടിക്കാൻ പറ്റില്ല. ആകെ ഒരു പേരില്ല.
അങ്ങനെ നിരാശ ബാധിച്ചു നടക്കുമ്പോഴാണ് , എം ടെക് പ്രോഗ്രാമിന് സ്പോൺസർഷിപ് കാറ്റഗറി ഉണ്ടെന്നറിയുന്നത്. കമ്പ്യൂട്ടർ സയൻസിന് ബിടെക് ഇലക്ട്രോണിക്സ് കാർക്ക് ചില സ്ഥലങ്ങളിൽ അഡ്മിഷൻ കൊടുക്കും. ബ്രിഡ്ജ് പരിപാടി.
കോളേജ് അധ്യപകർക്കുള്ള ഇൻ സർവ്വീസ് എം ടെക് സാറൻ മാർക്ക് വിവരം കുറവാണേൽ കൂട്ടാനും, ലീവെടുക്കാതെ കറങ്ങി നടക്കാനുമൊക്കെയുള്ള സുന്ദര സുരഭില പദ്ധതിയാണ്. ടേൺ വെച്ച് ആളെ വിടും. നമ്മുടെ ചാൻസ് വന്നപ്പം ഒന്നും നോക്കില്ല. ബ്രിഡ്ജ് മോഡിൽ കമ്പ്യൂട്ടർ സയൻസ് തന്നെ പിടിച്ചു.
കൊച്ചിൻ യൂണിവേർസിറ്റി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് ലെ കമ്പ്യൂട്ടറുകൾ നിരത്തിവെച്ച് അഴിച്ചും പണിതും കുറേക്കാലം നടന്നു.
തിരിച്ച് വന്നപ്പോഴും കമ്പ്യൂട്ടർപഠിപ്പിക്കാൻ സമ്മതിക്കില്ല. ബേസിക് ഡിഗ്രി ഇലക്ടോണിക്സാണ്. ഡിപ്പാർട്ട്മെന്റ് ജമ്പ് ചെയ്യാൻ പറ്റില്ല. വീണ്ടും കഥ തുടർന്നു.
വീണ്ടും സർക്കാരിന് തോന്നി നമുക്ക് ക്വാളിറ്റി കുറവാണെന്ന്. പി എച്ച് ഡി എടുക്കണം. ക്വാളിറ്റി ഇംപ്രൂവ് ചെയ്യാൻ തിരുമാനമായി. ഐ ഐ ടികളിലെ കമ്പ്യൂട്ടർ ഡിപ്പാർട്ട് മെന്റ് കളിൽ പിഎച്ച്ഡി അഡ്മിഷന് തെണ്ടി. ഒരാൾക്കും നമ്മളെ വേണ്ട . കാരണം വിവരമില്ലാത്തതു കൊണ്ടാണ്. (അവിടെ ഇലക്ട്രോണിക്സ് ആണോ കമ്പ്യൂട്ടറാണോ എന്നൊന്നും നോക്കില്ല. വിവരം വേണം . അതു മാത്രം മതി.) ബ്രിഡ്ജ് കോഴ്സിലെ കമ്പ്യൂട്ടർ പഠനം അത്ര പോരെന്ന് അപ്പോഴാണ് പിടി കിട്ടിയത്.
എങ്കിൽ ഇലക്ട്രോണിക്സ് ഡിപ്പാർട്ട് മെന്റിൽ നോക്കാം എന്നായി. അവിടെ ചെന്നപ്പം അവർക്കും വേണ്ട. അവർ നോക്കിയപ്പോൾ പിജി ലെവലിൽ ഉള്ള ഇലക്ട്രോണിക്സ് ജ്ഞാനം അത്ര പോര. ആകെ പെട്ടു. അവസാനം ബോംബെ ഐ ഐ ടി ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് കനിഞ്ഞു. ബ്രിഡ്ജ് ഒന്നും ആരും നോക്കിയില്ല. ഒരു വിധത്തിൽ പി എച്ച് ഡി ഇലക്ട്രിക്കൽ ഡിപ്പാർട്ട് മെന്റിൽ നിന്ന് ഒപ്പിച്ചു. മാത്തമാറ്റിക്സിന് പ്രാധാന്യമുള്ള മെഷിൻ ലേണിംഗ്ൽ. നല്ലവണ്ണം ബുദ്ധിമുട്ടി. എം ടെകിന് ബ്രിഡ്ജിൽ കയറിയതിന്റെ പാപം പല കോഴ്സുകൾ എടുത്ത് തീർത്തു.
പി എച്ച് ഡിക്ക് ശേഷം തിരിച്ച് വന്നപ്പം ഇലക്ട്രോണിക്സിൽ പ്രൊഫസറായി. ഇപ്പോഴും കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റിൽ കയറ്റില്ല. ബിടെകിന് കമ്പ്യൂട്ടർ പഠിച്ചിട്ടില്ലത്രെ.
ഇലക്ട്രോണിക്സിൽ നിന്ന് കമ്പ്യൂട്ടറി ലേക്കും അവിടുന്ന് അപ്ലഡ് മാത്തിലേക്കും തിരിഞ്ഞ എനിക്ക് അവസാനം ഇതെല്ലാം തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും മനസ്സിലായി. ഇന്റർ ഡി സിപ്ലിനറി പഠനങ്ങൾ പലപ്പോഴും പുതിയ insights ഉണ്ടാക്കും. എല്ലാം ഒരേ ശാസ്ത്രത്തിന്റെ വിവിധ മാനിഫെസ്‌റ്റേഷൻസ്. അത്രയേ ഉള്ളു.
PS: സാറ് പുലിയാണല്ലെ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു . പുലി മുരുകനാണ് എന്നഭിപ്രായമുള്ളവർക്ക് താഴെ ഒരു കുത്തിടാം.