ടൗണിൽ നാലര സെന്റ് സ്ഥലത്ത് വീട് വാങ്ങിയത് ഇതുവരെയുണ്ടായിരുന്നതും ഇനി ഉണ്ടായേക്കാവുന്നതുമായ സകല സമ്പാദ്യങ്ങളും തീറെഴുതിയിട്ടാണ്. പട്ടണ ജീവിതത്തിന്റെ സൗകര്യങ്ങൾ ഇഷ്ടമാണെങ്കിലും ഇടുക്കിയിലെയും പാലായിലേയും പുരയിടങ്ങളുടെ അനന്തതയും ശീമക്കൊന്ന കൊണ്ടുണ്ടാക്കിയ അതിർവരമ്പുകളും ചേരപ്പാമ്പും കാട്ടുചേമ്പും ഇടകലർന്നു ജീവിക്കുന്ന ഇടവഴികളും സ്വപ്നത്തിലൊക്കെ ഇപ്പോഴും കാണാറുണ്ട്.
എന്തിനേറെ കാലത്തെഴുന്നേറ്റ് പാട്ടാളക്കാരെപ്പോലെ ലൈനിൽ നിറുത്തിയിരിക്കുന്ന റബർ മരങ്ങളുടെ ചുവട്ടിൽ ടേൺ വെച്ച് മൂത്രമൊഴിച്ചിരുന്ന കാലമൊക്കെ ഓർമിക്കാം. പിള്ളേരറിഞ്ഞാൽ ചിരിക്കും. പട്ടണത്തിൽ ആകെ ഒരു സമാധാനം മട്ടുപ്പാവിൽ നിന്ന് മുകളിലേക്ക് നോക്കാൻ ആരുടേയും അനുവാദം വേണ്ട എന്നുള്ളതാണ്.
എയർപോർട്ടിലേക്ക് വെറും ആറു കിലോമിറ്ററേ ഉള്ളു എന്നതാണ് ഇപ്പോഴത്തെ സ്ഥലത്തിന്റെ പ്രധാന അട്രാക്ഷൻ. പാതിരാത്രിയിൽ വിമാനമിറങ്ങിയാലും പുലരും മുൻപ് നടന്ന് വീട്ടിൽ എത്താം.
ഇപ്പോഴത്തെ ഇടത്ത് കൊള്ളാവുന്ന ഒരാൻറിന കെട്ടണമെങ്കിൽ അയൽക്കാരൻ കനിയണമെന്ന് താമസം തുടങ്ങിക്കഴിഞ്ഞപ്പോഴാണ് മനസ്സിലായത്.
യാസു വിന്റെ ഓൾ ബാന്റ് ട്രാൻസീവർ തലേദരമറിയാതെ പി എഫ് ലോണെടുത്ത് വാങ്ങിയെങ്കിലും എന്റെ ഹാം റേഡിയോ ജീവിതം വഴിമുട്ടിനിൽപാണ്. ചില ബാന്റിലെ ആന്റിന കെട്ടണേൽ ഒരേക്കർ പറമ്പു വേണം.
ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് പഴമക്കാര് പറഞ്ഞതു കൊണ്ടാണ് കുറഞ്ഞ സ്ഥലത്ത് കെട്ടാവുന്ന ആന്റിനകളേക്കുറിച്ച് പഠിക്കാൻ തുടങ്ങിയത്. സായിപ്പ് ഇതൊക്കെ നേരത്തേ കണ്ടിട്ടുണ്ട്. നെറ്റിലൊക്കെ എത്രയാ ഡിസൈനുകൾ. വായിച്ച് വായിച്ച് കൊതി മൂത്തിട്ടാണ് 2017ൽ ഒരു റാൻഡം വയർ ആൻറിന കെട്ടിയിരിക്കും എന്ന് തീരുമാനിച്ചത്. (കഴിഞ്ഞ ന്യു ഇയർ റസലൂഷനിൽ എഴുതിവെക്കാൻ മറന്നതാണ്. ക്ഷമിക്കണം. ഇനി എഴുതിക്കോളാം)
2017 തീരാറായി. ആന്റിന ഒന്നുമായില്ല. ഇന്ന് കാലത്തെ എഴുന്നേറ്റ് കഴിഞ്ഞ വർഷത്തിന്റെ കണക്കെടുക്കാൻ തുടങ്ങിയപ്പോഴാണ് ആന്റിന കെട്ടിയില്ലെന്നോർത്തത്. ഇന്നാണെങ്കിൽ വീട്ടിലാരുമില്ല. ഇതു തന്നെ തക്കം. കാലാകാലങ്ങളായി വാങ്ങി കൂട്ടിയിരിക്കുന്ന ആ ക്രിക്കെട്ടഴിച്ചു. പഴയ റേഡിയോയിലുപയോഗിക്കുന്ന ഒരു ഫെറൈറ്റ് റോഡ് തപ്പി ഉച്ചവരെ സമയം പോയി. ഭാണ്ഡം തുറന്നപ്പോൾ പുറത്തു വന്ന പഴയ സമ്പാദ്യങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും അയവിറക്കി കുറേ സമയം പോയി. അവസാനം സായിപ്പിന്റെ ഡിസൈൻ നോക്കി ഒരു ബാലൺ ഉണ്ടാക്കി. തെങ്ങിന്റെ മുകളിലും അപ്പുറത്തെ പ്ലോട്ടിലെ വട്ടമരത്തിലുമൊക്കെ കൂടി 30 മീറ്റർ വയർ വലിച്ചു. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളോട് മാറി മാറി കാര്യം വിശദീകരിച്ചു. ചിലരൊക്കെ മനസ്സിൽ ചിരിക്കുന്നതും കണ്ടു. ഒരാൾ നേരിട്ട് ചോദിച്ചു. ഇതു കൊണ്ടെന്തേലും കാര്യമുണ്ടോ ?
അവസാനം എല്ലാം സോൾഡർ ചെയ്തുറപ്പിച്ചു. റെഡി വൺ ടു ത്രി പറഞ്ഞ് സ്വിച്ചിട്ടു. ആന്റിന ട്യൂൺ ആകുന്നുണ്ട്. പക്ഷെ നമ്മൾ പറയുന്നതൊന്നും നാട്ടുകാർ കേൾക്കുന്നില്ല. എവിടെയോ ഒരു സ്പെല്ലിംഗ് മിസ് റ്റേക്ക്. 2017 ലെ പരാജയങ്ങളുടെ ലിസ്റ്റിൽ അവസാനത്തെ വരി കൂടെ എഴുതി . റാൻഡം വയർ ആന്റിന. ഇനി അടുത്ത കൊല്ലം കാണാം.
ചിത്രത്തിൽ സായിപ്പിന്റെ ഒറിജിനലും എന്റെ ഡ്യൂപ്ലിക്കേറ്റും